- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാവും പരുന്തും മൂങ്ങയും; പറവകളെ എത്തിക്കുന്നത് അറവുശാലയും ഒച്ചുകളും എലികളും; വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്തും ലാൻഡിങ് സമയത്തും പൈലറ്റുമാർ നേരിടുന്നത് സമാനതകളില്ലാത്ത ഭീഷണി; തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി ശല്യം രൂക്ഷം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടിലെ റൺവേയ്ക്ക് മുകളിൽ അപകടകരമായവിധം വർദ്ധിക്കുന്ന പക്ഷിശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് വിമർശനം. എയർപോർട്ടിന് സമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലമാണ് പക്ഷിശല്യം വർദ്ധിക്കുന്നത്. വിമാനങ്ങൾക്ക് ഇത് അപകട ഭീഷണിയാണ്.
പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് വൻ അപകടം തലനാരിഴ വ്യത്യാസത്തിൽ ഒഴിവായ സംഭവം തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായിട്ടുണ്ട്. ഇടിയെതുടർന്ന് വിമാനം കൂടുതൽ മുന്നോട്ട് പറപ്പിക്കാൻ കഴിയില്ലെന്ന് കണ്ടതോടെ വിമാനം തിരിച്ചിറക്കുകയും ചെയ്തിരുന്നു. ഭാഗ്യത്തിനാണ് അന്ന് അപകടം ഒഴിവായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ലാൻഡിങ് നടത്തുമ്പോഴും പറക്കുമ്പോഴും പക്ഷികളുടെ ശല്യം കാരണം പലപ്പോഴും ഇവിടെ അപകടങ്ങൾ സംഭവിച്ച് വിമാനങ്ങൾ തിരിച്ചിറക്കാറുണ്ട്. എന്നാൽ പക്ഷിശല്യം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് എയർപോർട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും പക്ഷികളുടെ ശല്യത്തിന് കുറവില്ലെന്ന് പൈലറ്റുമാർ പറയുന്നു.
പ്രാവും പരുന്തും മൂങ്ങയുമുൾപ്പെടെയുള്ള പക്ഷികളാണ് വിമാനത്താവളം കീഴടക്കിയിരിക്കുന്നത്. എന്നാൽ വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷികളെത്തുന്നതിന്റെ പ്രധാന കാരണം ഇവിടെയുള്ള എലികളും ആഫ്രിക്കൻ ഒച്ചുകളുമാണെന്നാണ് കണ്ടെത്തൽ. ഇതെല്ലാം മാറ്റുമെന്ന് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി കെടി ജലീൽ നിയമസഭയിൽ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല. പക്ഷിശല്യം ഇപ്പോഴും തുടരുന്നു. വിമാനത്താവളത്തിൽ നേരിടുന്ന പക്ഷിഭീഷണി ഒഴിവാക്കാനായി പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ.) നടത്തുന്ന പഠനത്തിലാണ് ഒച്ചുകളെ കണ്ടെത്തിയത്. 2019ലായിരുന്നു പഠനം. എന്നാൽ പരിഹാരം ഇനിയും ആയിട്ടില്ല. പക്ഷികളെ വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിലേക്ക് ആകർഷിക്കുന്നത് 10 കിലോമീറ്റർ ചുറ്റളവിൽ തള്ളുന്ന അറവ് അവശിഷ്ടങ്ങളടക്കമുള്ള മാലിന്യമാണെന്നും കണ്ടെത്തിയിരുന്നു.
വിമാനത്തിന്റെ ടേക്ക് ഓഫ് സമയത്തും ലാൻഡിങ് സമയത്തും പക്ഷികൾ ഇടിച്ചാൽ വലിയ പ്രശ്നങ്ങളുണ്ടാവും. എൻജിൻ ഭാഗത്താണ് പക്ഷി വന്നിടിക്കുന്നതെങ്കിൽ അവയെ വലിച്ച് ഉള്ളിലേക്ക് കയറ്റും. ഇതോടെ എൻജിൻ തകരാറിലാവും. ഇത്തരത്തിലുള്ള അപകടം മൂലം തീപിടുത്തം വരെ ഉണ്ടാകും. ഇത് വൻ ദുരന്തമായും മാറും. എയർപോർട്ടിന്റെ പരിസര പ്രദേശങ്ങളിൽ വൻ മാലിന്യപ്രശ്നമുണ്ട്. മാലിന്യത്തിനൊപ്പമാണ് എലികളും പെരുകുന്നത്. മതിൽക്കടന്ന് വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് എലികൾ എത്താറുണ്ട്. ഈ എലികളെ പിടിക്കാൻ രാത്രി വെള്ളിമൂങ്ങകൾ എത്താറുണ്ട്. ഇവ വിമാനങ്ങൾക്ക് കുറുകെ പറക്കുന്നു.
മതിലിനുവെളിയിലുള്ള എഫ്‌സിഐ. ഗോഡൗണിൽനിന്ന് കൂട്ടത്തോടെ റൺവേയിലേക്ക് പ്രാവുകളെത്താറുണ്ട്. ധാന്യങ്ങൾ ചിതറിക്കിടക്കുന്നതാണ് പ്രാവുകൾ പെരുകാൻ കാരണം. മഴക്കാലത്ത് മതിൽക്കടന്ന് ഉള്ളിലെത്തുന്ന ആഫ്രിക്കൻ ഒച്ചുകളെ തേടി കൊക്കുകൾ എത്താറുണ്ട്. പ്രദേശത്തെ അറവുമാലിന്യമാണ് പരുന്തുകളെ എത്തിക്കുന്നത്. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളിൽ ഏറ്റവുമധികം പക്ഷിയിടി സാധ്യതയുള്ളത് തിരുവനന്തപുരത്താണെന്ന് വ്യോമയാനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 20,000 വിമാനനീക്കങ്ങൾ നടക്കുമ്പോൾ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തിൽ പക്ഷിയിടിക്കുന്നുണ്ട്.
വിദേശ പൈലറ്റുകൾ റിപ്പോർട്ട് ചെയ്താൽ മാത്രമേ പക്ഷിയിടി ഔദ്യോഗികമാകൂ. അല്ലാത്തവയെല്ലാം രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ് പതിവ്.