തിരുവനന്തപുരം: തലസ്ഥാനത്തെ ഏരീസ് പ്ലെക്‌സ് ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം നടത്തി ഇന്ത്യൻ സിനിമ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി രചിച്ചു.

കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററായ ഏരീസ് പ്ലെക്‌സിൽ വെള്ളിയാഴ്ച നിറഞ്ഞ സദസ്സിലാണ് ബാഹുബലിയുടെ ആദ്യഭാഗമായ ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം നടത്തിയത്. 1515 ഇരിപ്പിടമാണ് (700 സീറ്റുകൾ ഔഡി 1 ഡബിൾ 4 കെ അറ്റ്‌മോസ് വിഭാഗത്തിൽ) ഏരീസ് പ്ലെക്‌സിസിൽ ഉള്ളത്. ഏപ്രിൽ 28 ന് റിലീസ് ചെയുന്ന രണ്ടാംഭാഗമായ ബാഹുബലി- ദ കൺക്ലൂഷന് മുന്നോടിയായാണ് ആദ്യ ഭാഗത്തിന്റെ പുനപ്രദർശനം നടത്തിയത്.

2015 ജൂലൈ 10ന് റിലീസ് ചെയ്ത ബാഹുബലിയുടെ യഥാർത്ഥ പ്രദർശനത്തിൽ ഏരീസ് പ്ലെക്‌സ് മൂന്ന് കോടിയിലധികം രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർ എന്ന് റെക്കോർഡ് ഏരീസ് പ്ലെക്‌സ് സ്വന്തമാക്കുകയും ചെയ്തു. ഒറ്റ തീയേറ്ററിൽ നിന്നും റെക്കോർഡ് കളക്ഷൻ നേടിയ ആദ്യ ചിത്രമായി എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ബാഹുബലി മാറുകയും ചെയ്തു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമയായ ബാഹുബലി ബോക്‌സ്ഓഫീസിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തികുറിക്കുകയും ചെയ്തു. ഏകദേശം 250 കോടി രൂപ മുതൽമുടക്കിലാണ് സിനിമ നിർമ്മിച്ചത്.

അത്യാധുനിക നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഏരീസ് പ്ലെക്‌സ് മൾട്ടിപ്ലെക്‌സിൽ 4 കെ പ്രോജെക്ഷൻ സംവിധാനമുള്ള രാജ്യത്തെ ഏക തീയേറ്ററാണ്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തീയേറ്ററിന്റെ പ്രധാന നിക്ഷേപകർ. ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്തതാണ് ചാരിക്കിടക്കുന്ന കസേരയും ഇരിപ്പിടവും.