- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയുടെ ജന്മദിനത്തിന് പ്രവാസി സംഘടന എസ് സി/ എസ് ടി കോളനിയിലെ ദരിദ്ര സ്ത്രീകൾക്കായി നൽകിയ 100 സാരികൾ മഹിളാ മോർച്ചക്കാർക്ക് നൽകിയത് ജില്ലാ കമ്മറ്റി; കോർപ്പറേഷൻ സമരത്തിൽ താരമായവരെ കുടുക്കാൻ വജ്രായുധം; തിരുവനന്തപുരത്തെ ബിജെപിയിൽ വിഭാഗീയത ശക്തം; ആ ഊമക്കത്തിൽ അന്വേഷണത്തിന് ദേശീയ നേതൃത്വം

തിരുവനന്തപുരം: കോർപ്പറേഷനിൽ സിപിഎമ്മിനെ പിടിച്ചു കെട്ടിയ ബിജെപി നേതൃത്വത്തിനെതിരെ സാരി വിവാദം ചർച്ചയാക്കാൻ മറു വിഭാഗം. തിരുവനന്തപുരത്ത് ബിജെപിക്കുള്ളിലെ തമ്മിലടി പുതിയ തലത്തിലെത്തിക്കാനാണ് വിമതരുടെ നീക്കം. തിരുവനന്തപുരത്തെ ബിജെപി ഔദ്യോഗിക വിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര നേതൃത്വത്തിന് എതിർ വിഭാഗം കത്തയച്ചു.
കത്തിൽ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നാണ് സൂചന. ഊമകത്താണ് കേന്ദ്ര നേതൃത്വത്തിന് കിട്ടിയത്. എന്നാൽ തിരുവനന്തപുരത്ത് കോർപ്പറേഷനിലെ സമരവുമായി ബന്ധപ്പെട്ട് ഔദ്യോഗിക നേതൃത്വം ഉണ്ടാക്കിയ ശോഭ കെടുത്താനാണ് ഈ നീക്കമെന്ന വിലിയിരുത്തലും ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് വിവി രാജേഷ് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് നികുതി പ്രതിഷേധത്തിൽ ബിജെപി നേട്ടമുണ്ടാക്കിയതും.
നികുതി വെട്ടിപ്പിൽ സിപിഎമ്മിനെ വെട്ടിലാക്കുന്ന പ്രതിഷേധമാണ് തിരുവനന്തപുരത്ത് ബിജെപി ഉയർത്തിയത്. ഇത് ഏറെ കൈയടി നേടുകയും ചെയ്തു. ഇതിനൊപ്പമാണ് പുതിയ വിവാദം ചർച്ചയാക്കാൻ മറുവിഭാഗം ശ്രമിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെ ലക്ഷ്യമിട്ടാണ് ആരോപണം. മോദിയുടെ ജന്മദിനത്തിൽ പാർട്ടിക്ക് കിട്ടിയ സാരിയാണ് വിവാദത്തിന് കാരണം. ആദിവാസികൾക്ക് നൽകിയ സാരി മഹിളാ മോർച്ചക്കാർക്ക് നൽകിയെന്നാണ് ആക്ഷേപം. ഈ സാരി മഹിളാ മോർച്ചക്കാരെ കൊണ്ട് ഓഫിസിൽ വച്ച് മാറ്റിച്ചെന്നും 'ഇരകൾ' എന്ന് അവകാശപ്പെടുന്നവർ ഉമകത്തിൽ ആരോപിക്കുന്നു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പരാതി കൈമാറിയിട്ടുണ്ട്. ദേശീയ അധ്യക്ഷനും ഈ ഉമക്കത്ത് പോയി. ഇതിൽ സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശ് അന്വേഷണം നടത്തുന്നതായാണ് സൂചന. പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് ഭാരവാഹികളെ കൊണ്ട് നിർബന്ധിച്ച് വസ്ത്രം മാറ്റിച്ച് പുതിയ സാരി ഉടുപ്പിച്ചുവെന്നതാണ് ആരോപണം. അതിന് ശേഷം ഫോട്ടോ എടുക്കാൻ നിർബന്ധിച്ചുവെന്നും പറയുന്നു. തിരുവനന്തപുരത്തെ മഹിളാ മോർച്ചാ മണ്ഡലം ജനറൽ സെക്രട്ടറിയുടെ പേരിലാണ് ഊമക്കത്ത്. അന്വേഷണം നടത്തുമ്പോൾ ഇരകൾ പേരു വെളിപ്പെടുത്തുമെന്നും പറയുന്നു.
ബിജെപിയിൽ തിരുവനന്തപുരത്ത് ഏറെ നാളായി ഗ്രൂപ്പ് പോര് സജീവമാണ്. ബിജെപി അധ്യക്ഷൻ വിവി രാജേഷിനെ അതിശക്തമായി എതിർക്കുന്ന സംസ്ഥാന ഭാരവാഹിയുമുണ്ട്. ഇതിനിടെയാണ് കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ നടത്തിയ സമരം വിജയം കാണുന്നത്. കോർപ്പറേഷൻ കൗൺസിലർ കൂടിയായ വിവി രാജേഷായിരുന്നു സമരത്തിന്റെ മുൻനിരയിലും. ജില്ലാ നേതൃത്വത്തിന് സമരം നയിക്കാനും വിജയിപ്പിക്കാനും കഴിയുമെന്ന ചർച്ചകൾക്കിടെയാണ് പുതിയ വിവാദവും. ഇതിൽ കഴമ്പില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമെന്നാണ് സൂചന.
ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷിനെതിരേയും ആരോപണമുണ്ട്. മഹിളാ മോർച്ചാ പ്രഭാരി ശിവങ്കരനേയും ആക്ഷേപത്തിൽ നിർത്തുന്നു. സാരി തന്നത് ഈ നേതാക്കളാണെന്നും പറയുന്നു. മഹിളാ മോർച്ചാ സംസ്ഥാന പ്രസിഡന്റും സാരി ഉടുപ്പിക്കലിനോട് പ്രതികരിച്ചില്ലെന്നാണ് പരാതി. ഓഫീസിൽ വച്ച് വസ്ത്രം മാറ്റിപ്പിച്ച് നേതാക്കൾക്കൊപ്പം ഫോട്ടോ എടുക്കുന്നതു കൊണ്ട് പാർട്ടിക്ക് എന്തു ഗുണമെന്നാണ് ഉയർത്തുന്ന ചോദ്യം. മോദിയുടെ ജന്മദിനം ഇങ്ങനെ ആഘോഷിക്കാനാണോ പറഞ്ഞിട്ടുള്ളതെന്നും ചോദിക്കുന്നു.
ആറുമാസം മുമ്പ് തിരുവനന്തപുരം മണ്ഡലത്തിലെ ഒരു യുവമോർച്ചയുടെ പെൺകുട്ടിയോട് ഓഫീസ് സെക്രട്ടറി അപമര്യാദയായി പെരുമാറിയെന്ന ആരോപണവും ഇതിനൊപ്പം ഉയർത്തുന്നു. ഈ സ്ഥലത്തായിരുന്നു സാരി വിതരണവും വസ്ത്രം മാറ്റലുമെന്നാണ് ആരോപണം. ഒരു പ്രവാസി സംഘടന മോദിയുടെ ജന്മദിനത്തിന് എസ് സി/ എസ് ടി കോളനിയിലെ ദരിദ്ര സ്ത്രീകൾക്കായി 100 സാരികൾ ബിജെപി ജില്ലാ കമ്മറ്റി വഴി നൽകിയതാണ് മഹിളാ മാർച്ചക്കാർക്ക് നൽകിയതെന്നാണ് ആരോപണം. മഹിളാ മോർച്ചാ ദേശീയ അധ്യക്ഷയ്ക്കും ഈ ഉമക്കത്ത് അയച്ചിട്ടുണ്ട്.


