- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
തിരുവനന്തപുരം . ക്രിസ്മസിന് രണ്ടു ദിവസം മുൻപ് തിരുവനന്തപുരം സെന്ററൽ ജയിലിൽ മദ്യം എത്തിച്ചത് ടി പി കേസ് പ്രതി കൊടി സുനിക്കും കൂടി വേണ്ടി. ലോക്ക് ഡൗൺ കാലയളിൽ ജയിലിനുള്ളിൽ മദ്യം എത്തിക്കാനായ കരുത്തിൽ തന്നെയാണ് ക്രിസ്മസ് കാലത്തും ജയിലിനുള്ളിൽ മദ്യം എത്തിയത് .
തിരുവനന്തപുരം നഗരത്തിൽ തന്നെയുള്ള ചിലർ തടവുകാർ പുറം പണിക്ക് എത്തിയിരുന്ന കുഞ്ചാലും മൂട്ടിലെ സിക്ക ഗ്രൗണ്ടിലാണ് മദ്യം ആദ്യം എത്തിച്ചത് . ബക്കാടി ഗുവാ ബ്രാൻഡ് മിനറൽ വാട്ടർ കുപ്പികളിൽ നിറച്ച് ഗ്രൗണ്ടിൽ തന്നെ വേലി പടർപ്പിനു സമീപം നേരത്തെ ഒളിച്ചിട്ടിരുന്നു . പുറം പണിക്ക് എത്തിയ കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമി നായിരുന്നു ജയിലിന്റെ കവാടം വരെ മദ്യം എത്തിക്കൽ ദൗത്യം .
അവിടന്ന് കോവിഡ് പ്രതിരോധത്തിന് മരുന്ന് അടിക്കുന്ന യന്ത്രത്തിലാക്കി രണ്ടാം ബ്ലോക്കിൽ എത്തിക്കുന്ന ചുമതല ശ്യാം ശിവനായിരുന്നു . ലോക്ക് ഡൗൺ സമയത്തും മദ്യം എത്തിച്ചിരുന്നതിനാൽ ഇവർ ഇരുവരും ഇരുചെവി അറിയാതെ കൃത്യം നിർവ്വഹിച്ചുവെങ്കിലും രണ്ടാം ബ്ലോക്കിലെ മദ്യപാന സദസിൽ പിടിച്ചു പറി കേസിലെ പാരിപ്പള്ളി ഉണ്ണിക്കുട്ടൻ അമിത മദ്യപാനം കാരണം ചർദ്ദിച്ചതോടെയാണ് വാർഡന്മാർ വിവരം അറിയുന്നത് .
കൊടി സുനിയുടെ നേതൃത്വത്തിലായിരുന്നു മദ്യപാന സദസ് . സി സി ടി.വി പരിധിയിൽ വരാത്ത വിധം ഇവർ ഒരുമിച്ചിരുന്ന് അച്ചാറു കൂട്ടി മദ്യപിച്ച പ്പോൾ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചത് സൂര്യനെല്ല് കേസിലെ പ്രതി അഡ്വ. ധർമ്മരാജൻ. ബ്ലോക്കിലെ മേസ്തിരിയായ ധർമ്മരാജൻ വാർഡന്മാരുമായി നല്ല ചങ്ങാത്തത്തിലാണ് ഇതു കാരണം വാർഡന്മാരുടെ ശ്രദ്ധക്കുറവ് ഈ ബ്ലോക്കിലുണ്ടായതുംതടവുകാർ മദ്യത്തിലാറാടാൻ കാരണമായി.
കൊടി സുനിക്ക് പുറമെ ടി പി കേസിലെ അണ്ണൻ സിജിത്തും റഫീക്കും തിരുവനന്തപുരം സെൻട്രൽ ജയിലിലുണ്ട്. ഷാഫിയെ മൂന്ന് മാസം മുൻപാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. രണ്ടാം ബ്ലോക്കിൽ കഴിയുന്ന കൊടി സുനിക്ക് മറ്റ് ജോലികൾ ഒന്നും നൽകിയിട്ടില്ലാത്തതിനാൽ തടവുകാർക്കിടയിലെ തലൈവർ തന്നെയാണ് സുനി . ഉന്നത ബന്ധങ്ങൾ കാരണം വാർഡന്മാരും സുനിയുടെ മേഖലയിലേക്ക് പോകാറില്ല. മദ്യം മാത്രമല്ല കഞ്ചാവും പുറത്തുനിന്ന് രണ്ടാം ബ്ലോക്കിലേക്ക് എത്താറുണ്ട്.
ജയിലിലെ മദ്യ കടത്ത് പാരിപ്പള്ളി ഉണ്ണിക്കുട്ടൻ വാളു വെച്ചതോടെ ഉദ്യോഗസ്ഥർ മുഴുവൻ അറിഞ്ഞെങ്കിലും ജയിൽ ആസ്ഥാനത്ത് നിന്ന് വിവരം പുറത്തു വിടണ്ട എന്ന നിർദ്ദേശമാണ് സൂപ്രണ്ടിന് ലഭിച്ചത് . സേനയിലെ സിംഹമായ ജയിൽ മേധാവി ഋഷിരാജ് സിംഗിന്റെ മൂക്കിന് താഴെ നടന്ന തടവുകാരുടെ മദ്യപാനം നാണക്കേട് ഭയന്നാണ് ജയിലധികൃതർ മൂടിവെച്ചത് . എന്നാൽ ജയിലിൽ മദ്യം എത്തിച്ച കെവിൻ കേസ് പ്രതി ടിറ്റു ജെറോമിനെ വാർഡൻ മർദ്ദിച്ചിരുന്നു. മദ്യപാനത്തിലെ സത്യം കണ്ടെത്താനായിരുന്നു ഇത്.
സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതിനെ തുടർന്ന് മൂന്ന് പ്രിസൺ ഓഫിസർമാരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി. രണ്ട് ഉദ്യോഗസ്ഥരെ നെട്ടുകൽത്തേരി തുറന്ന ജയിലിലേക്കും ഒരാളെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി. നടപടിക്കുള്ള ശുപാർശയടങ്ങിയ ജയിൽ ഡിഐജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. തുടർന്ന് കോടതി നിലപാട് കടുപ്പിച്ചതോടെ കഴിഞ്ഞ ദിവസം മൂന്ന് പേരെയും സസ്പെൻഡുചെയ്തു .
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ് പറഞ്ഞു. എന്നാൽ മർദനമുണ്ടായിട്ടില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ നിലപാട്. പ്രണയവിവാഹത്തിന്റെ പേരിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദനമേറ്റെന്നാണ് കണ്ടെത്തൽ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഡീഷനൽ ജില്ലാ ജഡ്ജിയും മെഡിക്കൽ സംഘവും ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് മർദനം സ്ഥിരീകരിച്ചതും മെഡിക്കൽ കോളജിലേക്കു മാറ്റിയതും.
തുടർനടപടി വ്യക്തമാക്കി ഉടൻ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജയിൽവകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. മർദിച്ചിട്ടില്ലെന്നാണു ജയിൽ ഉദ്യോഗസ്ഥരുടെ മൊഴി. ജയിൽവളപ്പിൽ ജോലിക്കു പോയ ടിറ്റു മദ്യം സെല്ലിലേക്ക് കടത്തി. ഇത് കണ്ടെത്തി ചോദ്യം ചെയ്യുകയും അച്ചടക്ക നടപടിയുടെ ഭാഗമായി സന്ദർശകരെ വിലക്കുകയും ഒറ്റക്കൊരു സെല്ലിലേക്കു മാറ്റുകയും ചെയ്തെന്നാണ് വിശദീകരണം.
ടിറ്റു മർദനമേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് ഒരാഴ്ച മുൻപ് സഹതടവുകാരൻ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇത് അന്വേഷിക്കാനെത്തിയ ബന്ധുക്കളെ ടിറ്റുവിനെ കാണാൻ അനുവദിക്കാതിരുന്നതോടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചതും മദ്യ കടത്ത് സംഭവം പുറത്ത് വരുന്നതും ടിറ്റുവിനെ മർദ്ദിച്ചവർക്കെതിരെ നടപടിയുണ്ടായതും.
മറുനാടന് മലയാളി ബ്യൂറോ