- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തമായി ഉള്ളത് 225 വാഹനങ്ങൾ; വാർഷിക ഭരണ റിപ്പോർട്ടിൽ 137ഉം; കണ്ടം ചെയ്ത വാഹനങ്ങൾക്ക് പോലും ഇൻഷ്വറൻസ് പോളിസി അടച്ച സംവിധാനമെന്ന് കോൺഗ്രസ് പരിഹാസം; ബിജെപിയും സിപിഎമ്മും തമ്മിൽ വാക്കേറ്റം; തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും അഴിമതി തർക്കം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷിനിൽ വീണ്ടും അഴിമതി ചർച്ച. കോർപ്പറേഷന്റെ വാർഷിക ഭരണ റിപ്പോർട്ടിൽ നഗരസഭ കൗൺസിലിൽ പരസ്പരം ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ വീണ്ടും ചർച്ചകളിൽ എത്തുകയാണ്.
2019 - 2020 സാമ്പത്തിക വർഷത്തെ ഭരണ റിപ്പോർട്ടും 2020 - 2021ലെ ധനകാര്യ സ്റ്റേറ്റ്മെന്റുമാണ് തർക്കത്തിനിടയാക്കിയത്. 225 വാഹനങ്ങൾ സ്വന്തമായുണ്ടായിരിക്കേ, 137 വാഹങ്ങളുണ്ടെന്നാണ് 2019 - 2020 സാമ്പത്തിക വർഷത്തെ വാർഷിക ഭരണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. ഇതാണ് തർക്കത്തിന് കാരണം.
കാണാതായ വാഹനങ്ങൾ എവിടെയെന്ന് വ്യക്തമാക്കണമെന്നും വാർഷിക ഭരണ റിപ്പോർട്ട് തട്ടിക്കൂട്ടാണെന്നും ബിജെപി അംഗങ്ങൾ ആരോപിച്ചു. വാഹനങ്ങൾ കാണാതായിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് അംഗം ജോൺസൺ ജോസഫും കണ്ടം ചെയ്ത വാഹനങ്ങൾക്ക് പോലും ഇൻഷ്വറൻസ് പോളിസി അടച്ച സംവിധാനമാണ് ഇവിടെയുള്ളതെന്ന് പി. പത്മകുമാറും പരിഹസിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തി നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവും മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഡി.ആർ. അനിൽ പറഞ്ഞു. ആരോപണങ്ങൾ മേയർക്കെതിരേയും തിരിഞ്ഞു. ഇതോടെ മേയറെ സംരക്ഷിക്കാൻ ഭരണകക്ഷി അംഗങ്ങൾ രംഗത്തെത്തി. ബിജെപി അംഗങ്ങൾ ആരോപണം ശക്തമാക്കിയതോടെ കൂടുതൽ സംസാരിക്കേണ്ടന്ന താക്കീതുമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി.
അംഗങ്ങൾ നാല് മിനിട്ടിൽ കൂടുതൽ സംസാരിക്കരുതെന്ന് മേയർ മുന്നറിയിപ്പ് നൽകിയതോടെ തർക്കം മൂർച്ഛിച്ചു. ചർച്ചകൾക്കൊടുവിൽ ഭേദഗതി ചെയ്യാമെന്ന് അറിയിച്ച് ഇരു റിപ്പോർട്ടുകളും കൗൺസിൽ പാസാക്കി. കാണാതെപോയ വാഹനങ്ങൾ കണ്ടെത്തുന്നതിനാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നും റിപ്പോർട്ട് കിട്ടിയ ശേഷം പൊലീസിനെ സമീപിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
ധനകാര്യ സ്റ്റേറ്റ്‌മെന്റിലെ കണക്കുകളിലെ പിശകുകൾ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയർ പി. രാജു അറിയിച്ചു. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സലിമും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും തമ്മിലും വാക്കേറ്റമുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ