തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ പൊതുജനങ്ങളുടെ നികുതിപ്പണം കട്ടുതിന്നുന്ന വെള്ളാനകൾ വളരുമ്പോൾ മേയർ നിശബ്ദമായി ചൂട്ടുപിടിക്കുന്നതായി ആരോപണം. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ഒരോമാസവും ഭരണകക്ഷിയുടെയും ഭരണാനുകൂല ഉദ്യോഗസ്ഥരുടെയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് പുറത്തുവരുന്നത്. മേയറുടെ പരിചയക്കുറവ് മുതലെടുത്ത് മുതിർന്ന നേതാക്കളും ഉദ്യോഗസ്ഥരും മേയറെ പാവയാക്കി കോർപ്പറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നതാണോ അതോ മേയറുടെ തന്നെ അറിവോടെയാണോ ഈ തട്ടിപ്പുകൾ എന്നാണ് ഉയരുന്ന ചോദ്യം.

ലക്ഷങ്ങൾ നൽകി കോർപ്പറേഷൻ വാങ്ങിയ മൊബൈൽ മോർച്ചറികൾ ഇടത് ജീവനക്കാരുടെ ഓഫീസിൽ ഒളിപ്പിച്ചിട്ട നിലയിൽ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നഗരസഭാ കൗൺസിലറും ബിജെപി സംസ്ഥാന സംസ്ഥാനകമ്മിറ്റി അംഗവുമായ കരമന അജിത്താണ് തെക്കാട് ശ്മശാനത്തിന് സമീപം ഇടത് സംഘടനാ സ്റ്റാഫുകളുടെ ഓഫീസിൽ പിപിഇ കിറ്റുകൾക്കടിയിൽ ഒളിപ്പിച്ചിട്ടിരുന്ന മൊബൈൽ മോർച്ചറി കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി കോർപ്പറേഷനിലെ മൊബൈൽ മോർച്ചറികൾ കാണാനില്ലായിരുന്നു എന്നാണ് അജിത്ത് പറയുന്നത്. ഈ കോവിഡ് കാലത്ത് ജനങ്ങൾ വലിയ വാടക നൽകി പുറത്ത് നിന്നും മൊബൈൽ മോർച്ചറികൾ വാടകയ്ക്ക് എടുക്കുന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ വലിയ വില നൽകി വാങ്ങിയ മൊബൈൽ മോർച്ചറികൾ ആരും ഉപയോഗിക്കാതിരിക്കാൻ യൂണിയൻ ഓഫീസിൽ ഒളിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മൊബൈൽ മോർച്ചറികളും ആംബുലൻസുമൊക്കെ വാടകയ്ക്ക് നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ഈ തട്ടിപ്പെന്നാണ് സൂചന.

മൊബൈൽ മോർച്ചറികളെ പറ്റി നഗരസഭാ മെയിൻ ഗാരേജിലും കോട്ടയ്ക്കകത്തെ ഗാരേജിലും അന്വേഷിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് കരമന അജിത്ത് പറഞ്ഞു. ഹെൽത്ത് വിഭാഗത്തിലെ ജീവനക്കാരോടും കോർപ്പറേഷൻ ശ്മശാനത്തിലും അന്വേഷിച്ചിട്ട് മറുപടി ഇല്ലായിരുന്നു. ഒടുവിലാണ് തൈക്കാട് ശ്മശാനത്തിന് സമീപത്തുള്ള ഇടത് സംഘടനാ ജീവനക്കാരുടെ ഓഫീസിൽ ഒളിപ്പിച്ചിട്ട നിലയിൽ കണ്ടെത്തുന്നത്, അജിത്ത് പറയുന്നു.

ടിപ്പറുകൾ മാലിന്യം അമർത്തിവയ്ക്കാൻ ഉപയോഗിക്കുന്ന കോംപാക്ടർ കട്ടപ്പുറത്തായതും കോർപ്പറേഷനിലെ ഹിറ്റാച്ചികൾ ചവറുകൂനയിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നതും നേരത്തെ ഏറെ ചർച്ചയായിരുന്നു. ഒരുകോടി 20 ലക്ഷം രൂപ മുടക്കി ഹരിയാനയിൽ നിന്നും കോർപ്പറേഷൻ വാങ്ങിയതായിരുന്നു കോംപാക്ടറുകൾ. സാധാരണ ഒരു ടിപ്പറിൽ കൊള്ളുന്നതിന്റെ അഞ്ച് ഇരട്ടി മാലിന്യം കൊള്ളിക്കാൻ, ടിപ്പറിൽ നിറയ്ക്കുന്ന മാലിന്യം അകത്തേക്ക് ഇടിച്ച് അമർത്തി വയ്ക്കാനാണ് ഹരിയാനയിൽ നിന്ന് ഒരു കോടി മുടക്കി കോംപാക്ടർ കൊണ്ട് വന്നത്. എന്നാൽ കോംപാക്ടറുകൾ കട്ടപ്പുറത്തായതോടെ മുമ്പ് കൊണ്ടുപൊയ്ക്കൊണ്ടിരുന്നതിന്റെ അഞ്ചിലൊന്ന് മാലിന്യങ്ങൾ മാത്രമെ ഒരേസമയം നീക്കം ചെയ്യാൻ സാധിക്കുകയുള്ളു. ഇത് ടിപ്പർ മുതലാളിമാർക്ക് കൂടുതൽ ട്രിപ്പടിക്കാനും അതുവഴി കൂടുതൽ കമ്മീഷൻ വാങ്ങാനും സഹായിക്കും. 500 സിഎഫ്ടി കപ്പാസിറ്റിയുള്ള കോംപാക്ടർ കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ വാങ്ങിയതാണ്.

കോർപ്പറേഷനിലെ 15 ടിപ്പറുകളിൽ എട്ടെണ്ണവും കട്ടപ്പുറത്തായതിനെതിരെയും കരമന അജിത്ത് മുന്നോട്ടുവന്നിരുന്നു. ആറ്റുകാൽ പൊങ്കാലയ്ക്ക് കേടായ ടിപ്പറുകൾ നന്നാക്കാൻ മെനക്കെടാതെ സിപിഎമ്മുകാരുടെ ഉടമസ്ഥതയിലുള്ള ടിപ്പറുകൾ ഭീമമായ തുകയ്ക്ക് വാടകയ്ക്കെടുത്താണ്  ഇല്ലാത്ത മാലിന്യം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിന് മുമ്പ് ഹിറ്റാച്ചിയുടെ പേരിൽ നടക്കുന്ന അഴിമതികൾ ചൂണ്ടിക്കാണിച്ചപ്പോൾ കൗൺസിൽ യോഗത്തിൽ മേയർ പൊട്ടിത്തെറിച്ചിരുന്നു. എകെജി സെന്ററിലെ എൽകെജി കുട്ടി എന്ന പ്രയോഗമാണ് മേയർ ആര്യാ രാജേന്ദ്രനെ ക്ഷുഭിതയാക്കിയത്. എന്നാൽ മേയർ കാര്യക്ഷമമല്ലെന്ന ആക്ഷേപം സിപിഎമ്മിനുള്ളിൽ തന്നെ ഉയരുന്നുണ്ട്. ചിലരുടെ കൈകളിലെ കളിപ്പാവയാണ് മേയർ എന്നാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ പരാതി.

21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയർ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടർച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയർ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മേയറായി തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ബിജെപി പ്രതിനിധികൾക്കൊപ്പം എൻഎസ്എസ് സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ് വിവാദങ്ങളുടെ ഘോഷയാത്രയ്ക്ക് യുവമേയർ തിരികൊളുത്തിയത്. അതിന് ശേഷം പിതാവിനൊപ്പം ഭദ്രകാളി ഉപാസകനായ മന്ത്രവാദിയുടെ അനുഗ്രഹം തേടി മേയറെത്തിയതും ഏറെ വിവാദമായി.

സൂര്യനാരായണൻ ഗുരുജി എന്ന ആ മന്ത്രവാദി തന്നെ മേയർക്കൊപ്പമുള്ള ചിത്രം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വാർത്ത പുറംലോകമറിഞ്ഞത്. ഇതിനു ശേഷമാണ് ആറ്റുകാലിലെയും ഹിറ്റാച്ചിയിലേയും വിവാദങ്ങൾ. ഇതിനെ എല്ലാം മേയറുടെ പക്വത പ്രയോഗത്തിലൂടെ മറികടക്കാനാണ് സൈബർ സഖാക്കളുടെ ഉദ്ദേശം.