തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഭക്ഷണത്തിൽ ആശുപത്രി അധികൃതർ നടത്തിയ തിരിമറി നാട്ടുകാർ കൈയോടെ പിടികൂടിയതിന് പിന്നാലെ രോഗികൾക്ക് ഭക്ഷണം ലഭിച്ചു് തുടങ്ങി. മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സിക്കുന്ന ബിപിഎൽ കാർഡ് ഉടമകൾക്കും ഒരു കൂട്ടിരിപ്പുകാരനും സർക്കാർ ചെലവിൽ നൽകിയ ഭക്ഷണം കൃത്യമായി നൽകാതെ ഭക്ഷണ വിതരണ സമയത്ത് ഗോറ്റ് പൂട്ടിയിട്ട ശേഷം ജീവനക്കാർക്ക് വിതരണം ചെയ്യുന്ന പരിപാടി നാട്ടുകാർ കൈയോടെ പിടികൂടിയിരുന്നു. ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനും ചില സെക്യൂരിറ്റി ജീവനക്കാരും ചേർന്നുള്ള കളിയാണ് രോഗികൾക്ക് ഭക്ഷണം കിട്ടാതിരുന്നതിന് പിന്നിലെന്നും നാട്ടുകാർ പറയുന്നു. ഇവിടേക്ക് എത്തിക്കുന്ന ഭക്ഷണം പകുതിയോളം തിരികെ കൊണ്ട് പോവുകയും പകുതി പണം നൽകിയ ശേഷം ബാക്കി തുക അധികൃതർ തന്നെ കീശയിലാക്കുന്ന പരിപാടിക്കാണ് ഇതോടെ നാട്ടുകാർ അവസാനം കുറിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി അന്യ ജില്ലകളിൽ നിന്നുൾപ്പടെ പതിനായിരകണക്കിനാളുകളാണ് ദിവസേന എത്തുന്നത്. വീടിന്റെ ആശ്രയമായവർ നിത്യരോഗത്തിലായതോടെ ചികിത്സ കാരണം പട്ടിണിയായ നിരവധിപേരാണ് ഇവിടെ കഴിയുന്നത്. ഇത്തരത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സർക്കാർ സൗജന്യമായി നൽകിയ ഭകഷണത്തിലെ തിരിമറി നാട്ടുകാർ കൈയോടെ പിടികൂടിയതോടെയാണ് അധികൃതർ മര്യാദക്കാരായി മാറിയത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കൊണ്ട് വരുന്ന ഭക്ഷണം വിതരണം ചെയ്യാതെ തിരിച്ച് കൊണ്ട് പോകുന്ന രീതി ചില നാട്ടുകാർ കൈയോടെ പിടികൂടിയതോടെയാണ് ഇന്ന് മുതൽ രോഗികൾക്ക് ഭക്ഷണം നൽകി മര്യാദരാമന്മാരായിരിക്കുന്നത്.

ആശുപത്രിയിൽ കിടത്തി ചികിതസിക്കുന്നവർക്കാണ് ഭക്ഷണം ലഭിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ബിപിഎൽ കാർഡ് ഉടമയുമാണെങ്കിൽ രോഗിക്കും ഒരു കൂട്ടിരുപ്പ്കാരനും ദിവസവും ഉച്ച ഭക്ഷണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. എന്നാൽ ഇതിനായി കൊണ്ടു വരുന്ന ഭക്ഷണം രോഗികൾക്ക് വിതരണം ചെയ്യാതെ മടക്കികൊണ്ട് പോവുകയാണ് കരാറുകാരൻ. ഒത്താശ ചെയ്യുന്നതാകട്ടെ കാര്യങ്ങൾ കൃത്യമായി നടത്തേണ്ട് അധികൃതരും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരുടെ ഉൾപ്പടെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടന്നു വന്നിരുന്നതും.

ഉച്ചയ്ക്ക് 12.30 മുതൽ 2 മണിവരെയാണ് ഭക്ഷണം രോഗികൾക്ക് വിതരണം ചെയ്യുന്നത്. ഇതിനായി ചോറും കറികളും ഉച്ചയ്ക്ക് 12 മണി കഴിയുന്നതോടെ മെഡിക്കൽ കോളേജിലെത്തിക്കും. മെഡിക്കൽ കോളേജ് ഉള്ളൂർ റോഡിലെ സി.ടി സ്‌കാൻ വിഭാഗത്തിന്റെ കെട്ടിടത്തിന്റെ എതിർവശമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണവുമായി വാഹനം എത്തുന്നതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് പൂട്ടി പോകും. ഈ സമയത്ത് പാത്രവുമായി വാർഡുകളിൽ നിന്നും രോഗികളും കൂട്ടിരിപ്പ് കാരും എത്തിയാലും ഗേറ്റിന് ഉള്ളിലേക്ക് പ്രവേശിക്കാനാകില്ല. ഭക്ഷണ വിതരണം തുടങ്ങേണ്ട സമയം കഴിഞ്ഞാലും ഗേറ്റ് തുറക്കില്ല. വെയിലത്ത് കാത്ത് നിൽക്കുന്നവർക്ക് കൃത്യമായി ഭക്ഷണവുമില്ല.

ഇവിടെ രോഗികൾക്കായി എത്തിക്കുന്ന ഭക്ഷണം പക്ഷേ ലിഫ്റ്റ് ഓപ്പറേറ്റർമാർക്കും മറ്റ് ചില ജീവനക്കാർക്കും നൽകാറുണ്ടെന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കൊണ്ട് വന്ന വാഹനത്തിലെ ഡ്രൈവർ തന്നെ സമ്മതിച്ചിരുന്നു. ദിവസേന കൊണ്ട് വരുന്ന ഭക്ഷണത്തിന് സർക്കാരാണ് പണം നൽകുന്നത്. പാവപ്പെട്ട രോഗികൾക്ക് പണം മുടക്കി സർക്കാർ നൽകുന്ന ഭക്ഷണം തിന്ന് കൊഴുക്കുന്നതാകട്ടെ സർക്കാർ ശമ്പളം കൈനീട്ടി വാങ്ങുന്നവരും. ബാക്കി വരുന്ന ഭക്ഷണം കരാറുകാർ തിരികെ കൊണ്ട് പോവുകയും പകുതി ഭക്ഷണത്തിന്റെ പണം അടിച്ചുമാറ്റുകയും പാവങ്ങളുടെ ഭക്ഷണത്തിൽ നിന്ന് കൈയിട്ട് വാരി തിന്നുമാണ് ഇപ്പോൾ ഇതിന് കൂട്ട് നിൽക്കുന്നവർ തിന്ന് കൊഴുക്കുന്നത്.

സ്ഥിരമായി ഭക്ഷണം കൊണ്ട് വന്ന ശേഷം മടക്കികൊണ്ട് പോവുകയും രോഗികൾ വെയ്ലത്ത് നിന്നിട്ടും ഭക്ഷണം കിട്ടാതെ വന്നതോടെ ചിലർ പ്രതിഷേധം രേഖപ്പെടുത്തിയത് സമീപവാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്നലെ പൊതുപ്രവർ്തകരായ കുമാരപുരം അജി, ബജു എന്നിവരും ചില നാട്ടുകാരും ഇന്നലെ വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായതും ഇന്നു മുതൽ രോഗികൾക്ക് ഭക്ഷണം ലഭിച്ച് തുടങ്ങിയതും. ഇന്നലെ സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കുമെന്ന് ഉറപ്പ് നൽകി.

വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകൾ സൗജന്യമായി രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുമ്പോഴാണ് മെഡിക്കൽ കോളേജിൽ ജീവനക്കാർ തന്നെ ഈ കൊള്ള നടത്തുന്നത്.