ടുവിൽ പ്രസ്‌ക്ലബിലെ ബാർ അഥവാ അനധികൃത മദ്യവിൽപ്പനശാല പൂട്ടി! എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് ബിഗ് സല്യൂട്ട്. പ്രസ്‌ക്ലബിലെ മദ്യശാല പൂട്ടിക്കാൻ സധൈര്യം പോരാടിയ നവോദ്ധാന നായകർക്കും, ഓൺലൈൻ മാദ്ധ്യമ ധർമ്മിഷ്ഠർക്കും നല്ല നമസ്‌കാരം ഗുണ്ട, തെരുവു നായ്ക്കൾ തുടങ്ങിയ പദങ്ങളാൽ പ്രസ് ക്ലബ് ലെ സമൂഹവിരുദ്ധരെ സംബോധന ചെയ്ത ഉന്നത സംസ്‌കൃതിക്ക് നമോവാകം! നരംസിംഹ വിജയം, ലങ്കാദഹനം, ഇന്ത്യൻ സ്വാതന്ത്ര്യസമരം...ഇപ്പോഴത്തെ ഈ ധർമ്മസംസ്ഥാപനത്തെ എങ്ങനെ വിശേഷിപ്പിക്കുമെന്നറിയില്ല!

ആട്ടെ, എന്തൂട്ടാണീ ബാർ? തിരുവനന്തപുരം പ്രസ്‌ക്ലബിൽ അതിന്റെ സ്ഥാപന കാലം മുതൽ സീനിയർ മാദ്ധ്യമ പ്രവർത്തകർ അവരുടെ ജോലി സമയം കഴിഞ്ഞ് ഒത്തുകൂടുകയും, ചീട്ടുകളി (പണം വച്ചല്ല) മദ്യപാനം തുടങ്ങിയ അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യ്തിരിന്നു. ശിവനാണ് ബാർമാൻ. (മുൻ പ്രസ്‌ക്ലബ് സ്റ്റാഫ്) കേരളമറിയുന്ന സീനിയർ ജേർണലിസ്റ്റുകകൾക്ക് അന്നും ദമ്പിടി ശുഷ്‌കം. ചെറിയ നോട്ടുകൾ ശിവനെ ഏൽപ്പിച്ചാൽ ശിവൻ റമ്മിനായി ഒറ്റ ഓട്ടമാണ്. വിപ്ലവം തലക്കു പിടിക്കുന്നതിനനുസരിച്ച് ചർച്ചയും മൂക്കാം. നാട്ടിലുള്ള സകല കാര്യങ്ങളും ആ പത്രപ്രവർത്തകർ ചർച്ച ചെയ്യുമെന്നതൊഴിച്ച് മറ്റൊരു ഉപദ്രവവും നാടിനോ നാട്ടുകാർക്കോ ചെയ്തതായി ചരിത്രമില്ല.

പ്രസ്‌ക്ലബിന്റെ ചെറിയ ഷെഡുമാറി പുതിയ മൂന്നു നില കെട്ടിം വന്നു. മൂന്നു പത്രസമ്മേളനങ്ങളുടെ ഹാളും, പ്രസ്‌ക്ലബ് ഓഫീസിനും, ഒപ്പം താഴെ നിലയിൽ സെല്ലാറുമുണ്ട്. തൊട്ടടുത്ത് ജേർണലിസം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന മൂന്നുനില കെട്ടിടവുമുണ്ട്. സെല്ലാറിൽ പഴയ പതിവു തുടർന്നു. ഒഴിവു സമയങ്ങളിൽ മാദ്ധ്യമ പ്രവർത്തകരിൽ ചിലർ സെല്ലാറിൽ ഒത്തുകൂടും. കുപ്പി പുറത്തു നിന്നു വാങ്ങും. മദ്യപിക്കും. ചീട്ടിന്റെ സ്ഥാനം മാറി, ക്യാരംസും, ടേബിൾ ടെന്നീസുമായി. ഓരോരുത്തരുമായി പണം കൊടുത്ത് മദ്യം വാങ്ങുകയും ചിലർ മദ്യം കൊണ്ട് വന്ന് അറയിൽ സൂക്ഷിക്കുയും ചെയ്യുന്നതിനും, പുറമേ രണ്ടു ജീവനക്കാർ പുറത്തു നിന്ന് നാലും അഞ്ചും കുപ്പി വാങ്ങിവന്നു പുറത്തെ നിരക്കിന് കൊടുക്കുകയും ചെയ്യും. പ്രവേശനം അംഗങ്ങൾക്ക് മാത്രം. ലാഭക്കച്ചവടമില്ല.

പഴയതിൽ നിന്ന് വ്യത്യസ്തമായി ഇവർ അക്രമസ്വഭാവം കാണിച്ചു തുടങ്ങി! കൊല, പിടിച്ചുപറി, വെട്ട്, കുത്ത് തുടങ്ങിയവയാണ് ഹോബി. അങ്ങനെ ഇവറ്റകൾക്ക് മാദ്ധ്യമ ഗുണ്ടകൾ എന്ന പേരും വീണു. വെട്ട് ജയൻ, ഊച്ചാളി ചന്ത്രൻ, വെള്ളിടി ബാലൻ, കീരി ഗിരി, ചട്ടമ്പി വേണു, ഒടിയൻ സോമൻ തുടങ്ങിയ ഗുണ്ടാത്തലവന്മാരുടെ പേരുകേട്ടാൽ ജനം കിടുങ്ങും. കപ്പലണ്ടി, മിക്സ്ചർ, മുറുക്ക് എന്നിവയ്ക്ക് ഇവറ്റകളുടെ ഇഷ്ടഭക്ഷണം. നാരങ്ങാ നീരാണ് ജീവൻ ടോൺ.

കാട്ടാളക്കർക്കെതിരേ കൃഷ്ണനും, രാക്ഷസർക്കിടയിൽ രാമനും പോലെ ഈ ആന്റി സോഷ്യലുകൾക്കെതിരേ പുതിയ അവതാരങ്ങൾ വരില്ലേ എന്ന് ജനം ഉള്ളുരുകി പ്രാർത്ഥിച്ചു. പ്രാർത്ഥന ഫലിച്ചു. പ്രസ്‌ക്ലബ് ബാർ പൂട്ടിയതോടെ ഗുണ്ടകളിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ഇനിയും 'ഇതുവഴി വരുമോ ഒസാമ, (പ്രസ്‌ക്ലബ് സ്റ്റാഫ്) മദ്യക്കുപ്പികളും തെളിച്ചുകൊണ്ട്' എന്ന ഈരടി പാടി ഈ അനാഥ പ്രേതങ്ങൾ സ്റ്റാച്യു ഭാഗങ്ങളിൽ അലഞ്ഞു നടക്കുന്നു.

നിയമവിരുദ്ധമാണോയെന്ന് ചോദിച്ചാൽ അങ്ങനെയും പറയാം. ഇത് വലിയൊരു അപരാധമാണോയെന്ന് ചോദിച്ചാൽ അങ്ങനെ പറയുന്നവരും ഉണ്ട്. മാദ്ധ്യമ പ്രവർത്തകർക്കിടയിൽത്തന്നെ. പ്രധനപ്രശ്നം ചില്ലറയുടേതാണ്. പുറത്തൊക്കെപ്പോയി കഴിക്കാൻ പണം കൂടുതൽ വേണം. ഇവിടെ സർക്കാർ വിൽക്കുന്ന നിരക്കിൽ കിട്ടും. സമ്പന്നരുടെ ക്ലബിൽ പോകാൻ നിവൃത്തിയുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം.
മാദ്ധ്യമപ്രവർത്തകർക്ക് കൊമ്പുണ്ടോ? ഇല്ല തന്നെ.
ഈ മഹാപരാധം പൂട്ടിച്ചത് ധീരകൃത്യമേല്ല?
ആണേ...........
അതിന് നേതൃത്വം കൊടുത്ത സദാചാര സംരക്ഷകർക്ക് എന്തു നൽകണം?
പട്ടൂം വളയും മസ്റ്റ്അങ്ങനെ ആയിക്കോട്ടീശ്വരാ.....
(എല്ലാത്തിലും നന്മ കാണുന്ന; നന്മ മാത്രം പ്രവർത്തിക്കുന്ന മനുഷ്യ നാരായണങ്ങൾക്ക,് (ഇ.വി.യോട് കടപ്പാട്) ഒരിക്കൽ കൂടി നല്ല നമസ്‌കാരം.
എസ്. ചന്ദ്രമോഹൻ
(ഒരു റിട്ടയർഡ് മാദ്ധ്യമ ഗുണ്ട)

(പ്രസ്‌ക്ലബ്ബുമായി ബന്ധപ്പെട്ട മറുനാടൻ മലയാളി വാർത്തയിൽ എസ് ചന്ദ്രമോഹൻ കമന്റായി രേഖപ്പെടുത്തിയതാണ് ഈ അഭിപ്രായം. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ചന്ദ്രമോഹൻ തിരുവനന്തപുരം പ്രസ്‌ക്ലബ് അംഗം കൂടിയാണ്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ് ഭരണസമിതിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് പുറത്തുകൊണ്ടുവന്ന സമിതി അംഗം കൂടിയാണ് ചന്ദ്രമോഹൻ.)