തിരുവനന്തപുരം: പൊലീസ് സ്റ്റേഷകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട് മുൻ പൊലീസ് മേധാവിയും ഇപ്പോഴത്തെ വിജിലൻസ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. സംഭവത്തിൽ ഈ മാസം 20നകം വിശദീകരണം നൽകാൻ തിരുവനന്തപുരം വിജിലൻസ് കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക കമ്പനിയുടെ ഉൽപന്നം ഉപയോഗിച്ചു പെയിന്റിങ് നടത്തണമെന്ന വിവാദ ഉത്തരവിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ജി. ഗിരീഷ്ബാബുവാണു പരാതിക്കാരൻ.

അതേസമയം, ഇത്തരമൊരു ഉത്തരവു പുറപ്പെടുവിക്കുന്ന സമയത്ത് ബെഹ്‌റ പൊലീസ് മേധാവിയായിരുന്നോ എന്ന സംശയവും കോടതി ഉന്നയിച്ചു. ഡിജിപി: ടി.പി. സെൻകുമാറിന്റെ പുനർനിയമന വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച ഏപ്രിൽ 24നു ശേഷമാണ് ബെഹ്‌റ വിവാദ നിർദ്ദേശം നൽകിയത്. അതായത് പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുൻപ്. ഈ സാഹചര്യത്തിൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ബെഹ്‌റയ്ക്ക് അധികാരമുണ്ടോയെന്ന് കോടതി ആരാഞ്ഞു.

പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക നിറത്തിലുള്ള പെയിന്റടിക്കുന്നതിന് ബെഹ്‌റ പേരെടുത്ത് പറഞ്ഞ കമ്പനിയുമായി അദ്ദേഹത്തിന് എന്തു ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു. പൊലീസ് സ്റ്റേഷനുകൾ തിരിച്ചറിയാൻ പ്രത്യേക നിറത്തിന്റെ ആവശ്യമുണ്ടോ? അങ്ങനെയെങ്കിൽ റേഷൻ കടകൾക്കല്ലേ തിരിച്ചറിയാൻ പ്രത്യേകം നിറം വേണ്ടത്. ഒരു പ്രത്യേക കമ്പനിയുടെ പേരെടുത്ത് പറഞ്ഞ് പൊലീസ് മേധാവിയെന്ന നിലയിൽ ഉത്തരവു പുറപ്പെടുവിച്ച ബെഹ്‌റയുടെ നടപടി തെറ്റല്ലേയെന്നും കോടതി ചോദിച്ചു. ഹർജി ഇനി മെയ്‌ 20ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ 470 പൊലീസ് സ്റ്റേഷനുകൾക്കായി പ്രത്യേക കമ്പനിയുടെ പെയിന്റ് വാങ്ങുമ്പോൾ ഏതാണ്ട് മൂന്നു കോടി രൂപ ചെലവു വരുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ടെൻഡറോ മറ്റു നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് ഇതിനുള്ള ഉത്തരവിറങ്ങിയത്. ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായിരിക്കേ അദ്ദേഹത്തിന്റെ പേരിൽ ഇറക്കിയ ഉത്തരവിനു പിന്നിൽ ഗൂഢോലോചനയും അഴിമതിയുമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും വിജിലൻസ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയ്ക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇതേ ആവശ്യമുന്നയിച്ചു ഡിജിപി ടി.പി. സെൻകുമാറിനും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, എല്ലാ സ്റ്റേഷനിലും ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കാൻ സെൻകുമാർ ആദ്യം പൊലീസ് മേധാവി ആയിരുന്നപ്പോഴാണു തീരുമാനം എടുത്തതെന്നു വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്കു നൽകിയ വിശദീകരണം സെൻകുമാർ തള്ളി. എല്ലാ പൊലീസ് സ്റ്റേഷനിലും ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കാൻ താൻ തീരുമാനിച്ചിട്ടില്ലെന്നു സെൻകുമാർ വ്യക്തമാക്കി. 2015ൽ പ്രധാനമന്ത്രി വിളിച്ച ഡിജിപിമാരുടെ യോഗത്തിൽ എടുത്ത പല തീരുമാനങ്ങളിൽ ഒന്നു മാത്രമാണത്. അടിസ്ഥാനസൗകര്യം ഉൾപ്പെടെ നവീകരിക്കാൻ ഓരോ സ്റ്റേഷനും മൂന്നുകോടി രൂപ വീതം അനുവദിക്കണമെന്ന് അന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഒരു പൈസ പോലും ലഭിച്ചില്ല. പിന്നീടു ബന്ധപ്പെട്ട ഫയൽ താൻ കണ്ടിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു.

ഇപ്പോൾ പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്തെ പബ്ലിക് റിലേഷൻസ് ഓഫിസർ ഇതു സംബന്ധിച്ച ഒരു പത്രവാർത്തയുടെ പകർപ്പ് കൊണ്ടുവന്നു. 'എന്താണിത്? എഐജി വിശദീകരിക്കുക' എന്ന കുറിപ്പോടെ ആ ഉദ്യോഗസ്ഥനു കൈമാറി. അല്ലാതെ പ്രത്യേക അന്വേഷണം ഉത്തരവിടുകയോ, എല്ലാ സ്റ്റേഷനിലും ഒരേ കമ്പനിയുടെ പെയിന്റ് അടിക്കാൻ ബെഹ്‌റ ഇറക്കിയ ഉത്തരവ് റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്നും സെൻകുമാർ അറിയിച്ചു.