മെൽബൺ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ Non - Televised singing competition ആയ ഫാസ്റ്റ് ട്രാക്കിൽ ഏവരേയും അദ്ഭുതപ്പെടുത്തി മലയാളിയായ അഞ്ചു വയസുകാരി ത്രിദേവ്യ ഫൈനലിലെത്തി. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളിയായ പെൺകുട്ടി ഇത്തരത്തിലൊരു മത്സരത്തിൽ പങ്കെടുക്കുന്നത്. ആറു മുതൽ എട്ടു വയസുവരെയുള്ള കാറ്റഗറിയിലാണ് ത്രിദേവ്യ മത്സരിക്കുന്നത്.

മൂന്നാം വയസിൽ മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ സെലിബ്രേറ്റ് ഇന്ത്യ ഒരുക്കിയ ദീപാവലി പരിപാടിയിലാണ് ത്രിദേവ്യ ആദ്യമായി സ്റ്റേജിലെത്തുന്നത്. തുടർന്നു പല ഭാഷകളിലും പാടിയ പാട്ടുകൾ സ്വന്തം ഫേസ്‌ബുക്ക് പേജിൽ കൂടി എല്ലാവരിലും എത്തിച്ചു വരുന്നു. ഇതിനോടകം തന്നെ പല പാട്ടുകളും വൈറൽ ആയി കഴിഞ്ഞിട്ടുണ്ട്. മൂന്നാം വയസിൽ പാടിയ 'Taal' എന്ന ഹിന്ദി സിനിമയിലെ ആശാ ബോസ്ലെ പാടിയ ഒരു ഗാനം ഇതിനോടകം പത്തു ലക്ഷം പേർ ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ കണ്ടിരുന്നു.

മെൽബണിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ദീപക് - സേതുലക്ഷ്മി ദന്പതികളുടെ മകളാണ് ത്രിദേവ്യ.