തിരുവനന്തപുരം: സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ അവഹേളിച്ച് പ്രസംഗിച്ച കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മറുപടിയുമായി സിപിഐ(എം) അനുഭാവികളും ട്രോൾ പേജുകളും. പിണറായി ഭീകരരൂപിയാണ് അദ്ദേഹത്തിന്റെ മുഖത്ത് നോക്കാൻ തന്നെ അറപ്പാകുന്നുവെന്നും കൊടിക്കുന്നിൽ പ്രസംഗിച്ചിരുന്നു. ഇതാണ് സിപിഐ(എം) അനുയായികളെ ചൊടിപ്പിച്ചത്. കൊട്ടാരക്കര തലച്ചിറയിൽ കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് കൊടിക്കുന്നിൽ ആക്ഷേപം ഉന്നയിച്ചത്.

ഇതിന് മറുപടിയായി ശാലു മേനോന്റെ ഒപ്പം ഇരിക്കുന്ന കൊടിക്കുന്നിലിന്റെ ചിത്രവും പറക്കും തളിക എന്ന ചിത്രത്തിലെ മെമെ ഉപയോഗിച്ചുള്ള ട്രോൾ പോസ്റ്റുകളും പ്രചരിക്കുന്നത്. പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ ആഷിക് അബുവും പോസ്റ്റിട്ടു. അതേസമയം വിഷയത്തിൽ പിണറായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഒരു രാഷ്ട്രീയ പ്രവർത്തകൻ,പോര ഒരു പാര്‌ളിമെന്റ്‌റ് അംഗം ഒരിക്കലും പറഞ്ഞു കൂടാത്തതാണ് പിണറായി വിജയനെ കുറിച്ച് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്. പിണറായി വിജയന് ഭീകര രൂപിയാണെന്നും അതുകൊണ്ട് മുഖത്ത് നോക്കാൻ പറ്റില്ലെന്നും പറഞ്ഞു അവഹേളിക്കുന്നത് വെറും സുരേഷിന് ഭൂഷണമായിരിക്കാം പക്ഷെ ഒരു പാർലമെന്റ് അംഗത്തിന് ചേര്ന്നതല്ല. പിണറായിയെ എതിര്ക്കാൻ മതിയായ രാഷ്ട്രീയ കാരണങ്ങൾ വേറെയുണ്ട്. അതുപയോഗിക്കാതെ അദ്ദേഹത്തിന്റെ മുഖ സൗന്ദര്യത്തെ ക്കുറിച്ച് പരാമര്ശിക്കുന്ന ശ്രീമാൻ സുരേഷ് ഒന്ന് മനസ്സിലാക്കണം-എന്നാണ് ഒരു പ്രതികരണം.

വിമര്ശിക്കുന്നവന്റെ വലിപ്പമറിയണം ആദ്യം, അനുഗുണമാകണം സമയം, അല്ലെങ്കിൽ കനത്ത നഷ്ടമാകും ഫലം ; പദവിതന്നെ പോയിടാം എന്നാണ് ശാസ്ത്രം. 'പിണറായി വിജയൻ ഭീകരരൂപി' യാണെന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രസ്താവന ഈ ചൊല്ലിന് അനുഗുണമാകുന്നു. കൊടിക്കുന്നിൽ സുരേഷിനെക്കുറിച്ച് തികഞ്ഞ അവമാതിപ്പാണ് ഇപ്പോൾ ശാരശരി കേരളിയർക്കുള്ളത്. അതേസമയം കൊടിക്കുന്നിൽ ഇകഴ്‌ത്താൻ ശ്രമിച്ച പിണറായി വിജയൻ 'ഹേ...അതിനോടൊന്നും നമ്മൾ പ്രതികരിക്കേണ്ടതില്ല, കൊടിക്കുന്നിൽ സുരേഷിനോട് ഒരു പരിഭവവും വെക്കേണ്ടതില്ല' എന്ന മറുപടിയോടെ കൂടുതൽ മഹത്വവും തിളക്കവുമായി ജനമനസ്സിൽ ഉയർന്നു നിൽക്കുന്നുവെന്നാണ് മറ്റൊരു കമന്റ്.