തിരുവനന്തപുരം: കത്വ പീഡനത്തിൽ പ്രതികൾക്കെതിരേ നടപടിയെടുത്ത ജമ്മു കാശ്മീർ സർക്കാരിനെ പുകഴ്‌ത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റ് നൽകിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ഫേസ്‌ബുക്കിൽ പൊങ്കാല. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ ന്യായീകരണം നടത്തുന്നവർക്ക് എല്ലാം കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നേരിടുന്നത്. സമാനമായ രീതിയിലാണ് കുമ്മനത്തിന്റെ പോസ്റ്റിന് എതിരെയും ശക്തമായ കളിയാക്കലുകൾ ഉയരുന്നത്.

സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാകണം എന്നു പറയുന്ന കുമ്മനം സംസ്ഥാന സർക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ സഹായിച്ചതെന്ന പറയുന്നതുമുതലാണ് സംഭവം സെൽഫ് ട്രോളായി പരിണമിക്കുന്നത്. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീർ സർക്കാരിന്റെ നിലപാട് മാതൃകാപരമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതേ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്താ മഞ്ച് നടത്തിയ റാലിയുടെ മുൻനിരയിലുണ്ടായിരുന്നത് ബിജെപി മന്ത്രിമാരായ ചൗധരി ലാൽസിംഗും ചന്ദർപ്രകാശുമായിരുന്നു.

മാത്രവുമല്ല സംഭവത്തിനുശേഷം പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തതും സംഘപരിവാർ നേതാക്കളായിരുന്നു. ഇതൊന്നും കാണാതെയാണോ പോസ്റ്റിട്ടതെന്നാണ് കുമ്മനത്തിനുനേരെ ഉയരുന്ന പ്രധാന ചോദ്യം. ഇതോടൊപ്പം ജമ്മുവിലെ പെൺകുട്ടിയുടെ പേരുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ആവശ്യം കുമ്മനം ഉയർത്തുന്നുണ്ട്.

എന്നാൽ ജിഷയുടെ പേര് പറഞ്ഞ അതേ കുമ്മനമാണ് ഇപ്പോൾ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് സോഷ്യൽമീഡിയ പറയുന്നു. കുമ്മനത്തിന്റെ പോസ്റ്റിന് കിട്ടിയ 11,000 റിയാക്ഷനിൽ ആറായിരവും പുച്ഛമാണ്. രണ്ടായിരം ദേഷ്യവും. മൂവായിരം മാത്രമാണ് ലൈക്കുകൾ.