തിരുവനന്തപുരം: പിണറായി സർക്കാർ തുടക്കത്തിൽ ഭംഗിയായി മുന്നേറിയെങ്കിലും എം കെ ദാമോദരൻ എപ്പിസോഡ് ധാർമ്മികമായി മന്ത്രിസഭയ്‌ക്കേറ്റ തിരിച്ചടിയാണെന്നാണ് പൊതുവിലയിരുത്തൽ. ഇക്കാര്യം ഒരു വിഭാഗം സിപിഎമ്മുകാരും സമ്മതിക്കുന്നുണ്ട്. എന്നാൽ, പിണറായി വിജയന് മറുപടി പറയാൻ മാത്രം കരുത്തുള്ള ആരും പാർട്ടിയിൽ ഇല്ലെന്നതിനാൽ ആരും പരസ്യമായ ചോദ്യം ചെയ്യലിന് തയ്യാറല്ല താനും. എന്നാൽ ഇപ്പോഴത്തെ മന്ത്രിസഭയുടെ പോക്കിൽ ദുഃഖമുള്ളവർ സോഷ്യൽ മീഡിയയിൽ ട്രോളുമായി രംഗത്തുണ്ട്.

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനും കശുവണ്ടി അഴിമതിയിൽ ഐഎൻടിയുസി നേതാവ് ടി ചന്ദ്രശേഖരനും വേണ്ടി വക്കാലത്തുമായി രംഗത്തെത്തിയപ്പോഴും നിരാശയിലാണ് സിപിഐ(എം) സൈബർ സഖാക്കൾ അധികം പ്രതികരണമില്ലാതെ രംഗത്തുള്ളപ്പോഴാണ് എം കെ ദാമോദരനെ ട്രോളിക്കൊണ്ട് സോഷ്യൽ മീഡിയയിലെ മറുവിഭാഗം രംഗത്തെത്തിയത്. ബാർ കോഴക്കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിയെ രാജിവെക്കിപ്പിക്കാൻ വേണ്ടി സംവിധായകനും ഇടതുപക്ഷ അനുഭാവിയുമായ ആഷിക് അബു ഫേസ്‌ബുക്കിലൂടെ തുടക്കമിട്ട 'എന്റെ വക മണിക്ക് 500' ഹാഷ് ടാഗ് പ്രചരണത്തിന്റെ മറ്റൊരു വേർഷനാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.

എന്റെ വക എംകെ ദാമോദരന് 5 എന്ന പേരിൽ ഹാഷ്ടാഗ് പ്രചരണമാണ് ഒരുവശത്ത് തുടങ്ങിയരിക്കുന്നത്. എന്നാൽ, മാണി വിഷയത്തിലെന്ന പോലെ അത്രയ്ക്ക് വലിയ കാമ്പയിൻ ഈ ഹാഷ്ടാഗ് പ്രചരണത്തിൽ ഉണ്ടായിട്ടില്ല. ഇതിന് കാരണം സൈബർ രംഗത്തുള്ള ഇടതുപക്ഷക്കാരും ഒരു വിഭാഗം കോൺഗ്രസുകാരും എം കെ ദാമോദരന്റെ ഇപ്പോഴത്തെ ഗുണഭോക്താക്കളാണ് എന്നതു തന്നെയാണ്. എന്നാൽ, സർക്കാറിന്റെ ധാർമ്മിക അടിയറ വെക്കുന്നതാണ് ഇപ്പോഴത്തെ സംഭവമെന്നാണ് ട്രോളന്മാരുടെ പക്ഷം.

ഇതേക്കുറിച്ച് വർഗീസ് എന്നയാൾ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

'എംകെഡിക്ക് എന്റെ വക 5'

മുഖ്യമന്ത്രിക്ക് സൗജന്യ ഉപദേശം നൽകി പാപ്പരാകാതെ പോകാൻ ദാമോദർ ജിക്ക്.

കേരള മുഖ്യമന്തിക്ക് സൗജന്യ നിയമോപദേശം നൽകുക എന്ന തികച്ചും ജനോപകാര പ്രദമായ ദൗത്യം നിർവഹിക്കുകയും അതു മൂലം ഉണ്ടാകുന്ന വൻ സാമ്പത്തിക നഷ്ടം നികത്താൻ കച്ചറകിച്ചറ കേസുകെട്ടുകൾ എടുത്തു കഷ്ടപ്പെടുകയും ചെയ്യുന്ന ദാമോദർജിയെ സഹായിക്കുക എന്നത് നമ്മുടെ കടമയല്ലേ, സുഹൃത്തുക്കളെ?

അതിനായി ഞാൻ തുടങ്ങി വച്ചിരിക്കുന്ന ഈ സംരംഭത്തെ ഏറ്റെടുക്കുക; വിജയിപ്പിക്കുക! മാണി സാറിനു കൊടുത്ത പോലെ 500 ഒന്നും വേണ്ട, വെറും അഞ്ചു മതി. പല തുള്ളി പെരുവെള്ളം ആകട്ടെ! സംഭാവനകൾ മാണി ഓർഡർ ആയി മാത്രം നേരിട്ടു ദാമോദർജി ആൻഡ് കോയ്ക്ക് അയക്കുക . 'ഓൺലൈൻ' ഇടപാടുകൾ വേണ്ടേ വേണ്ട! നാട് നന്നാവട്ടെ!-

കെഎം മാണി യുടെ പാലായിലെ വീട്ടിലേക്കു പത്തു രൂപ മുതൽ 500 രൂപ വരെയുള്ള മണി ഓർഡർ ഒഴുക്കായിരുന്നു. അപമാനിക്കപ്പെടുന്നതായി തോന്നിയ കെ എം മാണി തുക എല്ലാം മടക്കി.  കൊച്ചിയിൽ ഭിക്ഷ എടുത്തുവരെ മണി ഓർഡർ അയച്ചും ചിലർ മാദ്ധ്യമ ശ്രദ്ധ നേടി. അതേപാതയിലാണ് എം കെ ദാമോദരന് എതിരായ പ്രതിഷേധങ്ങളുടെ പോക്കും.