തിരുവനന്തപുരം: കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുത്തതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പുറത്തുവന്നത്. മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. അതിനുള്ള തന്ത്രങ്ങൾ ഒരുക്കുന്നതിൽ ഹൈക്കമാൻഡ് പരാജയപ്പെട്ടു. ത്രിപുരയിലും നാഗാലാൻഡിലും കോൺഗ്രസ് സംപൂജ്യരാകുകയും ചെയ്തു. ഇതിന് ശേഷം മാധ്യമങ്ങൾ തിരഞ്ഞത് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കോൺഗ്രസ് അധ്യക്ഷൻ എവിടെ എന്നായിരുന്നു. രാഹുൽ ഗാന്ധിയെ തിരക്കിയപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഇറ്റലിയിലേക്ക് പറന്നുവെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ രാഹുൽ ഗാന്ധി ഉത്തരവാദിത്തമുള്ള നേതാവാണെന്നും അദ്ദേഹത്തിൽ ഏറെ പ്രതീക്ഷകളുണ്ടെന്നുമുള്ള അണികളുടെ പ്രതീക്ഷകൾ കൂടി ഇല്ലാതായ അവസ്ഥയാണ്.

ഉത്തരേന്ത്യ ഹോളി ആഘോഷത്തിന്റെ നിറവിലാണ്. ഈ ഹോളി അവധി ആഘോഷിക്കാൻ താൻ ഇറ്റലിയിൽ പോകുന്നു എന്നു പറഞ്ഞ് രാഹുൽ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. സോണിയ ഗാന്ധിയുടെ ഇറ്റലിയിൽ താമസിക്കുന്ന മാതാവ് പൗല മയ്നോയെ സന്ദർശിക്കാൻ വേണ്ടിയാണ് രാഹുൽ ഇറ്റലിയിലേക്ക് പോയത്. എന്നാൽ, ഹോളിയുടെ പേരിൽ രാഹുൽ ഇറ്റലിയിലേക്ക് പോയതോടെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയായി. ഇതോടെ രാഹുലിനെതിരെ വിവിധ കോണിൽ നിന്നും സൈബർ ആക്രമണങ്ങളും തുടങ്ങി.

കഴിഞ്ഞ വർഷവും പിറന്നാളിനോടനുബന്ധിച്ച് രാഹുൽ ഗാന്ധി അമ്മൂമ്മയെ കാണാൻ പോയിരുന്നു. സോണിയാഗാന്ധിയുടെ 93 വയസുള്ള അമ്മയോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ഇറ്റലിയിലേക്ക് പോകുന്നുവെന്ന് രാഹുൽ ഗാന്ധി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഹോളി ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. താൻ അമ്മൂമ്മക്ക് സർപ്രൈസ് നൽകുന്നു എന്നു പറഞ്ഞു കൊണ്ടാണ് ട്വീറ്റ്. ഇതോടെ രാഹുലിനെ കഴിയാക്കി കൊണ്ടുള്ള ട്രോളുകളാണ ്‌സൈബർ ലോകത്ത്. സർപ്രൈസ് സമ്മാനം നൽകാൻ ആരെങ്കിലും ട്വിറ്ററിൽ പോസ്റ്റിട്ട് വെളിപ്പെടുത്തിയിട്ട് പോകുമോ എന്നാണ് കളിയാക്കൽ.

ഇറ്റലിയിൽ ഹോളിയില്ലെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. അങ്ങനത്തെ സാഹചര്യത്തിൽ ഹോളിയില്ലാത്ത രാജ്യത്ത് രാഹുൽ എന്തിന് പോയി എന്ന ചോദ്യവും ഉയരുന്നു. ഇത് മലയാളത്തിലെ സൈബർ ലോകത്ത് ട്രോളുകൾ പ്രവഹിക്കുകയാണ്. എന്നാൽ സൈബർ ലോകത്തെ ട്രോളിനപ്പുറം കോൺഗ്രസ് നേതാക്കളും അണികളും കടുത്ത നിരാശയിലാണ്. പാർട്ടിയുടെ ദേശീയ അധ്യക്ഷനാണ് രാഹുൽ. അതുകൊണ്ട് തന്നെ അദ്ദേഹം വിഷയത്തിൽ ഒരു പ്രതികരണം പോലും നടത്താത്തതാണ് പ്രവർത്തകരെ നിരാശരാക്കിയത്.

ഇതിനിടെ ബിജെപി അധ്യക്ഷൻ അമിത് ഷായും രാഹുലിനെ ട്രോളി രംഗത്തെത്തിയിരുന്നു. രാഹുൽ ഇറ്റലിയിൽ പോയ സമയത്ത് ഇറ്റലിയിൽ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അതുകൊണ്ട് രാഹുലിന് അവിടെയും ഒരു കൈ നോക്കാം എന്ന് പരിഹസിച്ചു കൊണ്ടാണ് ബിജെപി അധ്യക്ഷൻ രംഗത്തെത്തിയത്. ഇതിനിടെ കാർത്തി ചിദംബരത്തിന്റെ അറസ്റ്റുണ്ടായതിനെ തുടർന്നാണ് രാഹുൽ ഇറ്റലിയിലുള്ള തന്റെ മുത്തശ്ശിയെ ഓർത്തതെന്നാണ് ബിജെപി എംപി മീനാക്ഷി ലേഖിയുടെ പരിഹാസം. കാർത്തി ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടതാണ് പെട്ടെന്ന് മുത്തശ്ശിയെ ഓർക്കാൻ കാരണമെന്നാണ് മീനാക്ഷി ലേഖി പരിഹസിച്ചിരുന്നത്.

കോൺഗ്രസിന്റെ അധ്യക്ഷൻ എന്ന നിലയിൽ രാഹുൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് പ്രവർത്തകരും അണികളും പറയുന്നത്. മുഴുവൻ സമയ രാഷ്ട്രീയക്കാരനായില്ലെങ്കിൽ രാഹുലിൽ വലിയ പ്രതീക്ഷ വെക്കേണ്ട കാര്യമില്ലെന്ന് തന്നെ പലരും അഭിപ്രായപ്പെടുന്നു. ത്രിപുര, നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽപോലും ജയിക്കാനായില്ല. ത്രിപുരയിൽ 2013ൽ പത്ത് സീറ്റ് ലഭിച്ച കോൺഗ്രസ് ഇത്തവണ സംപൂജ്യരായി. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് 500ൽ താഴെയാണ് ലഭിച്ച വോട്ട്.

ഇത്തവണ തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ് ചിത്രത്തിലില്ലായിരുന്നു. ഒരു എംഎൽഎ പോലും കോൺഗ്രസ് സ്ഥാനാർത്ഥിയായില്ല. എല്ലാവരും ബിജെപി സ്ഥാനാർത്ഥികളായാണ് മത്സരിച്ചത്. 2013ൽ ഐഎൻടിപിയുമായി ചേർന്ന് സഖ്യത്തിലായിരുന്നു കോൺഗ്രസ്. ഐഎൻടിപിക്ക് 7.6 ശതമാനവും കോൺഗ്രസിന് 36.5 ശതമാനവും വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ രണ്ട് ശതമാനത്തിൽ താഴെയാണ് കോൺഗ്രസിന് ലഭിക്കുന്ന വോട്ട്.

ത്രിപുരയിലെ മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ്്. .2013 ൽ സംസ്ഥാനത്തെ ചിത്രത്തിലേ ഇല്ലായിരുന്ന ബിജെപി ത്രിപുരയയിൽ വൻ മുന്നേറ്റം നടത്തിയിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 49 സീറ്റ് നേടിയ സിപിഐഎമ്മും ബിജെപിയുടെ മുന്നേറ്റത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. നാഗാലാൻഡിൽ 2013ൽ കോൺഗ്രസിന് എട്ട് സീറ്റുകളാണ് ഉണ്ടായിരുന്നത്. ഈ സീറ്റുകളിലൊന്നിൽ പോലും മികച്ചൊരു മത്സരം കാഴ്ചവയ്ക്കാൻ പോലും കോൺഗ്രസിനായില്ല.

കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇതിൽ രണ്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസ് സംപൂജ്യരായത് അദേഹത്തിന്റെ പദവിക്കുള്ള തിരിച്ചടികൂടെയാണ്. രാഹുൽ ഗാന്ധിയായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ചത്. മേഘാലയിലും മികച്ച വിജയം നേടാനാകത്തതും കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.