ന്യൂഡൽഹി: രാജ്യത്തെ കായികപ്രേമികളും അല്ലാത്തവരും ഇപ്പോൾ പ്രാർത്ഥിക്കുന്നത് ഒരേ കാര്യത്തിനായാണ്. അല്ല ഈ രാജ്യത്തെ ഓരോ പൗരനും ഇപ്പോൾ പ്രാർത്ഥിക്കുന്നത് ഒരേകാര്യം തന്നെയാണ്.

ബ്രസീലിലെ റിയോ ഡി ജനീറോ എന്ന പട്ടണത്തിൽ നടക്കുന്ന ഒളിമ്പിക്സിലെ വനിതാ വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ പി വി സിന്ധു സ്വർണം നേടണം എന്നതാണ് ഇന്ന് ഒരു ജനതയുടെ തന്നെ പ്രാർത്ഥന. സിന്ധു ഇന്ന് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയാണ്.

ബാഡ്മിന്റണിൽ ഇന്ത്യുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന സൈന നെഹ്വാൾ പുറത്തായതോടെ ഒരു മെഡൽ എന്നത് ഏറെക്കുറെ അസംഭവ്യം എന്നാണ് ഭൂരിപക്ഷവും ചിന്തിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം സിന്ധു ഫൈനലിലെത്തിയത് രാജ്യം മുഴുവൻ ആഘോഷിച്ചപ്പോഴും ചിലർ സമയം കണ്ടെത്തിയത് സൈനയുടെ പുറത്താകലിനെ വിമർശിക്കാനും ട്രോളാനുമായിരുന്നു.

പരിക്ക് കാരണം സൈനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോൽവി ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. തന്നെക്കാൾ 57 റാങ്കിങ്ങ് താഴെയുള്ളയാളോട് തോറ്റാണ് സൈന പുറത്തായത്. ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്നവർ ആദ്യ റൗണ്ടിൽ പുറത്താകുമ്പോൾ വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പരിക്കുകാരണം ബാൻഡേജണിഞ്ഞാണ് അവർ കടുത്ത വേദനയെ അവഗണിച്ച് മുന്നേറിയതെന്നറിഞ്ഞപ്പോൾ പലരും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സിന്ധു ഫൈനലിൽ പ്രവേശിച്ചതും സൈനയുടെ ആദ്യ റൗണ്ട് പുറത്താകലും തമ്മിൽ താരതമ്യം ചെയ്ത് ട്വീറ്റ് ചെയ്ത ആൾക്ക് സൈന നൽകിയ മറുപടി വൈറലാകുകയാണ്. സൈനയെ അപമാനിക്കുന്‌ന രീതിയിൽ ട്വീറ്റ് ചെയ്ത ആൾ ഉടൻ തന്നെ ക്ഷമ ചോദിക്കുകയും താൻ സൈനയുടെ കടുത്തആരാധകനാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സൈനയ്ക്ക് യോഗ്യത നേടാനാവാത്തിനെ പരിഹസിച്ചാണ് ഇയാൾ ട്വീറ്റ് ചെയ്തത്. 'പ്രിയപ്പെട്ട സൈനാ, നിങ്ങളുടെ ബാഗ് പാക്ക് ചെയ്‌തോളു. മികച്ച കളിക്കാരെ എങ്ങനെ തോൽപിക്കണമെന്ന് അറിയാവുന്ന ഒരാളെ ഞങ്ങൾ കണ്ടെത്തി'. എന്ന് ട്വീറ്റ് ചെയ്ത അൻഷുൽ സാഗർ എന്നയാളുടെ ട്വീറ്റ്. എന്നാൽ അക്ഷോഭ്യയായി സൈന ഇയാൾക്ക് നൽകിയ മറുപടി ഇങ്ങനെ. 'നിങ്ങൾക്ക് നന്ദി, ഇന്ത്യയും സിന്ധുവും നന്നായിട്ട് ചെയ്യുന്നുണ്ട്'.

സൈനയെ പ്രകേപിപ്പിക്കാൻ ട്വീറ്റ് ചെയ്തയാൾ ഉടൻ തന്നെ താരത്തോട് മാപ്പും പറഞ്ഞു. 'സൈനാ, നിങ്ങളെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല. ഞാൻ ഇപ്പോഴും നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്, ഇപ്പോഴും നിങ്ങളുടെ വലിയ ആരാധകനാണെന്നും ഇയാൾ ട്വീറ്റ് ചെയ്തു. പ്രകോപിതയാകാതിരുന്ന സൈനയ്ക്ക് പിന്തുണയായി നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ സൈന ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയിരുന്നു.