തിരുവനന്തപുരം: ടിവി ചാനലുകളുടെ അവർഡ് നിശ എപ്പോഴും അഡ്ജസ്റ്റ്‌മെന്റുകൾ നിറഞ്ഞതാകും. സൂപ്പർതാരങ്ങളെ ഒരു കാരണവശാലും ഒഴിവാക്കാൻ സാധിക്കാത്തതു കൊണ്ട് ഇവരെ തൃപ്തിപ്പെടുത്തുന്ന അവാർഡുകളാകും എല്ലാത്തവണയും ചാനലുകൾ നൽകുക. അത് ഏഷ്യാനെറ്റ് ആയാലും സൂര്യ ടിവിയായാലും അമൃത ആയാലുമൊക്കെ ഒരുപോലെയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തി ഏഷ്യാനെറ്റിന്റെ അവാർഡിന് തന്നെയാണ്. ടാം റേറ്റിംഗിന് വേണ്ടി സിനിമാക്കാരെ എല്ലാം ഒരുമിച്ചെത്തിച്ച ഫിലിം അവാർഡ് നിശയുടെ ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം കഴിഞ്ഞ ദിവസമാണ് നടന്നത്. നല്ലൊരു ശതമാനം ചാനൽ പ്രേക്ഷകരും പരിപാടി ആസ്വദിക്കാൻ ടിവിക്ക് മുന്നിൽ ഇരുന്നിട്ടുണ്ടാകും. എന്തായാലും സോഷ്യൽ മീഡിയയിലെ ട്രോളുകാർക്ക് ചാകര ഒരുക്കുന്ന വിധത്തിലാണ് ഇന്നലത്തെ അവാർഡ് നിശ അരങ്ങേറിയത്.

മികവിന് പകരം താരമൂല്യത്തെ ആദരിക്കുന്ന ചാനൽ അവാർഡുകൾക്കെതിരെ രൂക്ഷമായ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ. മികച്ച സിനിമകളെ തഴഞ്ഞ് താരമൂല്യമുള്ള സിനിമകൾക്ക് മാത്രമാണ് അവാർഡ് നൽകിയിരുന്നത്. ഇതിന് പിന്നിലെ അഡ്ജസ്റ്റ്‌മെന്റ് എല്ലാവർക്കും അറിവുള്ളതാണ് താനും. മഹേഷിന്റെ പ്രതികാരം എന്ന സിനിമക്ക് കാര്യമായ പരിഗണനയൊന്നും ലഭിച്ചില്ല. എന്നാൽ, മറ്റ് സൂപ്പർതാര ചിത്രങ്ങൾക്ക് വാരിക്കോരി സമ്മാനം നൽകുകയും ഉണ്ടായി. പുലിമുരുകനായിരുന്നു ഏറ്റവും അധികം അവാർഡുകൾ ലഭിച്ചതും. അതുകൊണ്ടും പരിഹാസങ്ങൾ യഥേഷ്ടമുണ്ടായി.

സോഷ്യൽ മീഡിയയുടെ ഇഷ്ടക്കാരെ തഴഞ്ഞതിനുള്ള പ്രതികാരത്തിനൊപ്പം മോഹൻലാലിന്റെ ലാലിസത്തിന് സമാനമായ പരിപാടി അവതരിപ്പിച്ച നിവിൻ പോളിക്കും വേണ്ടുവോളം ട്രോളുകൾ ലഭിച്ചു. ഇക്കാലയളവിൽ നിവിൻ അഭിനയിച്ചു ഹിറ്റാക്കി റോളുകളെല്ലാം കോർത്തിണക്കിയാണ് നിവിൻ സ്‌റ്റേജ് ഷോ അവതരിപ്പിച്ചത്. മോഹൻലാലിന്റെ ലാലിസത്തിന് സമാനമായിരുന്നു ഈ പരിപാടി. അത്രയ്ക്ക് ബോറായിരുന്നു പരിപാടിയെന്നാണ് പൊതുവേ അഭിപ്രായം. മോഹൻലാലിന് പഠിക്കുന്ന നിവിൻ പോളിയെ ശരിക്കും ട്രോള ഒരു പരുവത്തിലാക്കി സോഷ്യൽ മീഡിയ. പണ്ട് ലാലിസത്തിന് ലഭിച്ചതു പോലുള്ള ട്രോൾമഴയാണ് നിവിന് ഇതോടെ. മോഹൻലാലിൽ നിന്ന് നിവിൻ പോളി മാൻഡ്രേക്കിനെ സ്വീകരിക്കുന്നു എന്ന വിധത്തിലാണ് ഒരു ട്രോൾ.

കമ്മട്ടിപ്പാടത്തിൽ ഗംഭീര പ്രകടനം കാഴ്ച വച്ച വിനായകനെ അവാർഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തി മറ്റൊരാൾക്ക് അവാർഡ് നൽകിയതും ട്രോളിന് ഇടയാക്കി. പുലിമുരുകൻ സുപ്രധാന പുരസ്‌കാരങ്ങൾ ഏറെയും സ്വന്തമാക്കിയതും വിമർശനത്തിന് കാരണമായി. പുലി ഒഴികെ എല്ലാവർക്കും പുരസ്‌കാരം കിട്ടിയതിൽ പുലിമുരുകനിലെ പുലി സങ്കടപ്പെട്ടിരിക്കുന്നതാണ് കുറേയേറെ ട്രോളുകൾ. മഹേഷിന്റെ പ്രതികാരമെന്ന ജനകീയ ചിത്രത്തിന് പുരസ്‌ക്കാരം നൽകാത്തതും വിമർശനങ്ങൾക്ക് ഇടയാക്കി. പരിപാടിയുടെ രണ്ടാമത്തെ ഭാഗത്തിന്റെ സപ്രേഷണം ഇന്നാണ് നടക്കുന്നത്. മോഹൻലാൽ അടക്കം സ്‌റ്റേജിലെത്തുന്നത് ഈ ദിവസങ്ങളിൽ സംപ്രേഷണം ചെയ്യും.

ഏഷ്യാനെറ്റിന്റെ പ്രധാന അവാർഡുകൾ സ്വന്തമാക്കിയ പുലിമുരുകൻ, ഒപ്പം, ആക്ഷൻ ഹീറോ ബിജു, കലി, കമ്മട്ടിപ്പാടം എന്നീ സിനിമകൾ ഇവർ സംപ്രേഷണ അവകാശം ഏഷ്യാനെറ്റിന് തന്നെയാണ്. ഇക്കാര്യം വ്യക്തമാകുമ്പോൾ തന്നെ അവാർഡിലെ തട്ടിപ്പുകളെ കുറിച്ചും അറിയാം. അവാർഡിൽ ഒപ്പം മികച്ച ചിത്രവും പുലിമുരുകൻ ജനപ്രിയ ചിത്രവുമായിരുന്നു.. മികച്ച നടൻ മോഹൻലാൽ (ഒപ്പം, പുലിമുരുകൻ), മികച്ച നടിക്കുള്ള അവാർഡ് നേടിമഞ്ജു വാര്യരും(വേട്ട,കരിങ്കുന്നം സക്സസ്), ജനപ്രിയ നായകൻ നിവിൻ പോളി(ആക്ഷൻ ഹീറോ ബിജു) ജനപ്രിയ നായിക സായ് പല്ലവി(കലി) ജനപ്രിയ തമിഴ് നടിയായി തമന്നയും മികച്ച സംവിധായകനായി എബ്രിഡ് ഷൈനും(ആക്ഷൻ ഹീറോ ബിജുവും സ്വഭാവ നടനായി ബിജുമേനോനും സ്വഭാവ നടിയായ അനുശ്രീയും പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. പുലിമുരുകൻ ടീമിൽ നിന്ന് ഷാജി(ക്യാമറ)മികച്ച വില്ലൻ ജഗപതി ബാബു, സഹനടി സേതുലക്ഷ്മി, എഡിറ്റർ ജോൺകുട്ടി, ആക്ഷൻ ഡയറക്ടർ പീറ്റർഹെയിൻ എന്നിവർക്കും പുരസ്‌കാരം ലഭിച്ചിരുന്നു. ഇങ്ങനെ എല്ലാവർക്കും പുരസ്‌ക്കാരം കിട്ടിയപ്പോഴാണ് അഭിനയിച്ച പുലിക്കു മാത്രം അവാർഡ് കിട്ടിയില്ലെന്ന വിമർശനം ഉയർന്നത്.