തിരുവനന്തപുരം: മലയാളിക്ക് ഇനി വീട് പൂട്ടി ഒരിടത്തും പോവാൻ കഴയില്ല. കാരണം അവർ എപ്പോൾ വേണമെങ്കിലും എത്തും.

വീട്ടിലില്ലെങ്കിൽ 500 രൂപ ഫൈൻ കൊടുക്കണം. അതാണ് സ്ഥിതി അതുകൊണ്ട് തന്നെ എന്നും എല്ലായിടത്തും ആളുണ്ട്. രാത്രിയിൽ വേണമെങ്കിൽ പുറത്തു പോകാം. അപ്പോഴും അവരെത്തിയാൽ കുടുങ്ങും. അങ്ങനെ എല്ലാവരും കാത്തിരിപ്പിലാണ്. എപ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തുമെന്നാണ് ഏവരും ഇപ്പോൾ തിരക്കുന്നതേ്രത.

വൈദ്യുതി മീറ്റർ റീഡിങ് എടുക്കുന്നതിന് ആൾ എത്തുമ്പോൾ വീട് പൂട്ടിക്കിടക്കുകയാണെങ്കിൽ ഇനി മുതൽ പിഴ നൽകേണ്ടിവരുമെന്നു വൈദ്യുതി ബോർഡ്. തുടർച്ചയായി രണ്ടു ബില്ലിങ് മാസങ്ങളിൽ വീടു പൂട്ടിക്കിടന്നാലാണ് പിഴ ചുമത്തുക. ഈ വിഷയമാണ് ഇന്നലെ സോഷ്യൽ മീഡിയ സജീവമായി ചർച്ചയാക്കിയത്. ട്രോളുകളായെത്തിയതും ഈ വിഷയം തന്നെ. കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്നു താരങ്ങൾ. മോഹൻലാലും ശ്രീനിവാസനുമെല്ലാം മീറ്റർ റീഡിങ്ങ് ഉദ്യോഗസ്ഥരായി. ഈ പരിഹാസങ്ങൾക്കിടയിൽ വൈറലായത് ഒരു ചെറിയ കത്താണ്. കല്ല്യാണത്തിന് പോകുമ്പോൾ പ്രതിസന്ധിയിലാകുന്ന വീട്ടുടമ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എഴുതി വച്ച കത്ത്. ചാക്കോച്ചന്റെ ഈ കത്ത് സോഷ്യൽ മിഡിയ ഏറ്റെടുത്തു.

മീറ്റർ റീഡിങ്ങിന് എത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർക്കുള്ളതായിരുന്നു ഈ കത്ത്. കെഎസ്ഇബിയുടെ തീരുമാനം സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതം കൃത്യമായി തന്നെ വിശദീകരിക്കുന്നു. മീറ്റർ റീഡിഗിനു വരുമ്പോൾ വീട്ടിൽ ആളുണ്ടാകണം. ഇല്ലങ്കിൽ പിഴ അഞ്ഞൂറു രൂപ.......പ്രതികരിക്കുക............സമരം ഏതു തരത്തിലാകണം? ആംആദ്മി മോഡലാണോ? അല്ല മൂന്നാറിന്റെ സമര രീതിയോ? അതോ പരമ്പരാഗതമായി നാട്ടിൽ നടക്കാറുള്ള ചതഞ്ഞ സമരമോ? ഇത്തരം ചർച്ചകളും സജീവമാകുകയാണ് സോഷ്യൽ മീഡിയയിൽ. നീതിക്കും നിയമങ്ങൾക്കും എതിരായിട്ടുള്ള ഇത്തരം പരിഷ്‌ക്കാരങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തന്നെ വേണമെന്ന് മുതിർന്ന അഭിഭാഷകൻ ചെറുന്നിയൂർ ശശിധരൻ നായർ കുറിക്കുന്നു. ഈ ചർച്ചകൾക്കൊപ്പമാണ് ട്രോളിലെ പരിഹാസം.

കെഎസ്ഇബിയുടെ പുതിയ ഉത്തരവ് പ്രകാരം വീടുകൾക്കു മാത്രമല്ല, വ്യവസായങ്ങൾക്കും പിഴ ബാധകമാണ്. കഴിഞ്ഞ ഒന്നാം തീയതി മുതൽ ഇതു നിലവിൽ വന്നുകഴിഞ്ഞു. സിംഗിൾ ഫേസ് കണക്ഷന് 250 രൂപയും ത്രീഫേസിന് 500 രൂപയും ഹൈടെൻഷന് 5000 രൂപയും എക്‌സ്ട്രാ ഹൈടെൻഷന് 10,000 രൂപയുമാണ് പിഴ. വീടുകളിൽ രണ്ടുമാസത്തിലൊരിക്കലാണ് മീറ്റർ റീഡർമാർ റീഡിങ് രേഖപ്പെടുത്താൻ എത്തുന്നത്. തുടർച്ചയായ രണ്ട് ബില്ലിങ് കാലാവധിയിൽ മീറ്റർ പരിശോധിച്ചു വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനാവാതെ പോയാൽ പിഴ ചുമത്തും.

ചില ഉപയോക്താക്കൾ ദീർഘകാലത്തേക്കു ഫ്‌ലാറ്റും വീടും പൂട്ടി സ്ഥലം വിടുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഈ നടപടി. ഇങ്ങനെ പോകുന്നവർ മുൻകൂട്ടി നിശ്ചിത മാസത്തെ മിനിമം നിരക്ക് അടയ്ക്കുകയും സെക്ഷൻ ഓഫിസിൽ അറിയിക്കുകയും ചെയ്താൽ പിഴ ഒഴിവാക്കാം. ഈ തീരുമാനം വൈദ്യുതി ഉദ്യോഗസ്ഥർ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക ഉപയോക്താക്കൾക്ക് ഉണ്ട്. മീറ്റർ റീഡർമാർക്ക് എന്തെങ്കിലും നിസാര കാരണങ്ങൾകൊണ്ട് റീഡിങ് എടുക്കാൻ സാധിക്കാതെ പോയാലും ഇത് ഉപയോഗിച്ച് പിഴ ചുമത്താനാവും. മീറ്റർ റീഡർമാർ എത്തുന്ന സമയം മുൻകൂട്ടി അറിയാൻ ഇപ്പോൾ സംവിധാനമില്ല.

ഇതാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ട്രോളുകൾ പ്രവഹിക്കുന്നതും. കെഎസ്ഇബിയുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണവും.