തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ കെഎസ്‌യു നടത്തിയ സമരത്തിൽ മഷിക്കുപ്പി കണ്ടെത്തിയത് ട്രോളന്മാരും ആഘോഷമാക്കി. സൈബർ ലോകത്തെ ചിരിപ്പിച്ചു നിരവധി ട്രോളുകളാണു പ്രത്യക്ഷപ്പെട്ടത്.

യൂത്ത് കോൺഗ്രസ്സ് കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിനിടെയാണു നിലത്തുനിന്നും ചുവന്ന മഷിക്കുപ്പികൾ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങളും നവമാദ്ധ്യമങ്ങളിൽ വൈറലായി. കോൺഗ്രസ് അനുകൂല സംഘടനകളെ പരിഹസിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഈ മഷിക്കുപ്പി ആയുധമാക്കിയിരുന്നു. മഷിക്കുപ്പിയെടുത്ത് ഷർട്ടിൽ തേച്ച് തങ്ങളെ ആക്രമിച്ചെന്ന പറയുന്നത് ലജ്ജാകരമായ നിലപാട് എടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനു പിന്നാലെയാണ് കെഎസ്‌യുവിനെതിരായ ട്രോളുകൾ വ്യാപകമായത്.

കൊല്ലപ്പെടാൻ ഏത് ആയുധം വേണമെന്ന് നാടോടിക്കാറ്റിലെ പവനായി മോഹൻലാലിന്റേയും ശ്രീനിവാസന്റേയും കഥാപാത്രത്തോട് ചോദിക്കുന്ന രംഗവും സ്ഫടികത്തിലെ തോമസ് ചാക്കോ നെടുമുടി വേണുവിനെ ചോദ്യം ചെയ്യുന്ന രംഗവുമൊക്കെ കടമെടുത്താണു ട്രോളന്മാർ ആഘോഷം കൊഴുപ്പിച്ചത്.

ഹർത്താലിൽ നിന്നും സാധാരണ ഒഴിവാക്കാറുള്ള പാൽ, പത്രം എന്നിവയ്ക്കൊപ്പം മഷിയെയും ഉൾപ്പെടുത്തിയെന്നാണ് ട്രോളന്മാർ പറയുന്നത്. രസകരമായ ട്രോൾ പോസ്റ്റുകൾ കാണാം: