തിരുവനന്തപുരം: കേരളാ പൊലീസിൽ താടിവെക്കാൻ അനുവദിക്കണമെന്ന് കാണിച്ചുള്ള ഹർജി നേരത്തെ കോടതിയിൽ അടക്കം വന്നിരുന്നു. ഇതുമായി ബന്ധപ്പെടാണ് നിയമസഭയിലെ ചർച്ച സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ലീഗ് എംഎൽഎ ടി വി ഇബ്രാഹിമാണ് താടിയെ കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടത്. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത വേളയിലാണ് കേരളാ പൊലീസിലെ മുസ്ലിംങ്ങൾക്ക് താടി വെക്കാൻ അനുമതി നൽകണമെന്ന നിർദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. ഇതിന് കാരണം കണ്ടെത്തിയതാകട്ടെ മതപരമാണെന്ന് പറഞ്ഞായിരുന്നു താനും. എന്നാൽ, ലീഗ് എംഎൽഎയുടെ ഈ നിർദ്ദേശത്തിന് കെ ടി ജലീൽ ചുട്ട മറുപടിയും നൽകി. താടി വെക്കുന്നത് മതവിശ്വാസ പ്രകാരമാണെങ്കിൽ ഇബ്രാഹിം എന്തുകൊണ്ടാണ് താടിവെക്കാത്തത് എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ജലീൽ ഈ ആവശ്യം തള്ളിയത്.

ഈ ചർച്ച സ്പീക്കർ ഇടപെട്ട് ആവസാനിപ്പിച്ചെങ്കിലും സോഷ്യൽ മീഡിയ ഇത് കൈവിട്ടിട്ടില്ല. ട്രോളുകളുമായി പുതിയ തലത്തിൽ ചർച്ചയും ആശയങ്ങളും എത്തിക്കുകയാണ് സോഷ്യൽ മീഡിയ. ഡിങ്കോയിസ്റ്റുകളും തർക്കത്തിൽ അഭിപ്രായവുമായി രംഗത്ത് വരുന്നു. മുസ്ലിം വിഭാഗത്തിലുള്ള പൊലീസുകാരെ താടി വയ്ക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ലീഗ് എംഎ‍ൽഎ രംഗത്തെത്തിയതിനു പിന്നാലെ ഡിങ്കഭക്തരായ പൊലീസുകാർക്ക് പാന്റിനു മുകളിൽ ജെട്ടി ഇടാനുള്ള അനുമതിതേടി ട്രോളന്മാർ രംഗത്തെത്തി. 'മുസ്ലിം പൊലീസ്' എന്നൊരു പ്രയോഗം ഉയർന്ന സാഹചര്യത്തിലാണ് ജനങ്ങളെ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന വിഷയങ്ങളുമായി ട്രോളന്മാർ രംഗത്തെത്തിയത്. നാട്ടിലെ ക്രമസമാധാനം പാലിക്കേണ്ട പൊലീസിനെ ഹിന്ദുപൊലീസ് എന്നും മുസ്ലിം പൊലീസ് എന്നും തരംതിരിക്കുന്നതിനെതിരെയാണ് ഈ ട്രോളുകൾ.

ഇന്ന് മുസ്ലിം പൊലീസിന് താടിവേണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ വനിതാ പൊലീസിന് പർദ വേണമെന്ന ആവശ്യവും വൈകാതെ ഉയർന്നുവരുമെന്നാണ് ട്രോളന്മാരുടെ വാദം. 'മുസ്ലിം പൊലീസുകാരെ താടിവയ്ക്കാൻ അനുവദിക്കുന്നതിൽ ഇടതുസർക്കാർ അലംഭാവം കാട്ടരുത്' എന്ന് പറയുന്ന ലീഗ് മന്ത്രിയോട് 'കഴിഞ്ഞ അഞ്ചു വർഷം താങ്കളുടെ ഭാഗമായ യു.ഡി.എഫ് ഭരിച്ചപ്പോൾ ഈ ആവശ്യം എന്തുകൊണ്ട് ഉന്നയിച്ചില്ല എന്നു ചോദിക്കുമ്പോൾ, ഞാൻ മറന്നുപോയി' എന്ന് പറയുന്നതും ട്രോളന്മാർ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെപോയാൽ നാളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നാലെ ഡിങ്കോയിസ്റ്റുകളും ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ടു വന്നാൽ എന്തായിരിക്കും സ്ഥിതി എന്നതും ട്രോളന്മാർ തുറന്നുകാട്ടുന്നു. ചിലർക്ക് താടി സുന്നത്താണ്, റിലർക്ക് താടി ബോധമാണ്. മറ്റു ചിലർക്ക് അത് രോമമാണ്, എന്താ ശരിയല്ലേ എന്നും അവർ ചോദിക്കുന്നു. എന്നാൽ, മുസ്ലിം വനിതാ പൊലീസുകാർക്ക് ബുർഖ അനുവദിക്കാനുള്ള ആദ്യ സ്‌റ്റെപ്പല്ലേ ഇതെന്ന് ട്രോളസ്മാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇനി മുതൽ ഫ്രീക്കന്മാരുടെ ചങ്ക് പാർട്ടിയായി ലീഗിനെ എത്തിക്കാനുള്ള ശ്രമമാണ് ഇതെന്നും ട്രോളുണ്ട്.

താടി വെക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമാണെന്ന വാദത്തെയാണ് കെ ടി ജലീൽ നിയമസഭയിൽ ഖണ്ഡിച്ചത്. താടി വെക്കുന്നത് മതവിശ്വാസ പ്രകാരമാണെങ്കിൽ ഇബ്രാഹിം എന്തുകൊണ്ടാണ് താടിവെക്കാത്തത് എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ജലീൽ ഈ ആവശ്യം തള്ളിയത്. നിർദ്ദേശം മുന്നോട്ട് വച്ച അദ്ദേഹം തന്നെ താടിവച്ചിട്ടില്ല എന്നത് ഇത് മതാവകാശം അല്ലെന്നതിന്റെ തെളിവാണെന്ന് കെ ടി ജലീൽ ചൂണ്ടിക്കാട്ടി. നിയമസഭയിലെ ഒരംഗം പോലും എന്തുകൊണ്ടാണ് താടി വെക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് തന്നെയാണ് സിഎച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും പൊലീസിൽ ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാതിരുന്നത്. ഇങ്ങനെയുള്ള കാലത്ത് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നടപ്പാക്കാതിരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി ജലീൽ നിയമസഭയിൽ വിശദീകരിച്ചു.

ജലീൽ പറഞ്ഞകാര്യം തെറ്റാണെന്ന് കാണിക്കാൻ പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. മന്ത്രി.കെ.ടി ജലീൽ നടത്തിയത് ആവശ്യമില്ലാത്ത പരാമർശമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മതവിശ്വാസത്തിന്റെ ഭാഗമാണ് താടിയെന്ന് പറഞ്ഞു കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജലീലിന്റെ വിമർശനം കേട്ട ഞങ്ങൾ മിണ്ടാതിരുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ, നാളെ ഞങ്ങളെ ആരും വിമർശിക്കരുതല്ലോ എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇടപെടുന്നതെന്നും പറഞ്ഞു. താടികൾ പലരൂപത്തിൽ വെക്കുന്നവരുണ്ട്. ലെനിന്റെ താടി വെക്കുന്നവരുണ്ട്. ഫാഷനുവേണ്ടി താടി വെക്കുന്നുവരുണ്ട്. നെയ്മറുടെ താടി വെക്കുന്നവരുമുണ്ട്. താടി വെക്കാത്തവരുമുണ്ട്. സ്പീക്കറും താടി വെക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപ്പോൾ, ആ സുന്നത്ത് തനിക്ക് കിട്ടുമോ എന്നായി അപ്പോൾ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ചോദ്യം. തുടർന്ന് താടി ചർച്ചയാക്കേണ്ടെന്ന് സ്പീക്കർ പറഞ്ഞു.

എന്നാൽ, പിന്നീട് കുഞ്ഞാലിക്കുട്ടിക്ക് മറുപടിയായി മന്ത്രി കെ.ടി ജലീൽ ഒരിക്കൽ കൂടി എണീക്കുകയായിരുന്നു. താൻ പറഞ്ഞത് താടി ഒരു നിർബന്ധമുള്ള കാര്യമല്ല എന്നാണ്. നിർബന്ധമാണെങ്കിൽ എന്തുകൊണ്ട് ലീഗിന്റെ 18 എംഎൽഎമാരും താടി വെക്കുന്നില്ല. പൊലീസിൽ താടി വളർത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നുള്ള ആവശ്യം ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് താൻ പറഞ്ഞതെന്നായി ജലീൽ. ജലീലിനെ ഡസ്‌കിലടിച്ച് പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ വിഷയമാണ് സോഷ്യൽ മീഡിയ പരിഹാസ രൂപത്തിൽ ചർച്ചയാക്കുന്നത്.