ന്യൂഡൽഹി: ബോക്‌സിങ് താരം മുഹമ്മദലിയുടെ നിര്യാണത്തിൽ പുലിവാലു പിടിച്ചതു കേരളത്തിന്റെ കായികമന്ത്രി ഇ പി ജയരാജനാണ്. ഇപ്പോഴിതാ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഒരു മരണത്തിന്റെ പേരിൽ സൈബർ ലോകത്തിന്റെ പരിഹാസത്തിനു പാത്രമായി.

പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ മഹാശ്വേതാദേവിക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള സുഷമ സ്വരാജിന്റെ ട്വീറ്റിലെ പിഴവാണു സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയത്. അബദ്ധം പിണഞ്ഞെന്നു മനസിലാക്കി മണിക്കൂറുകൾക്കു ശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിനകം തന്നെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പാറിപ്പറന്നു.

തെറ്റായ ബുക്കുകൾ ചൂണ്ടികാണിച്ചാണ് മഹാശ്വേതാദേവിയുടെ മരണത്തിൽ സുഷമ സ്വരാജ് ആദരാഞ്ജലികൾ അർപ്പിച്ചത്. മഹാശ്വേതാദേവിയുടേതെന്ന് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്ത പുസ്തകങ്ങൾ മറ്റൊരു ബംഗാളി എഴുത്തുകാരിയായ ആശാപൂർണ്ണ ദേവിയുടേതായിരുന്നു. മന്ത്രിയുടെ അജ്ഞതയെ പരിഹസിച്ചും വിമർശിച്ചും നിരവധി ട്രോളുകൾ ട്വിറ്ററിൽ നിറഞ്ഞു.

''മഹാശ്വേതാ ദേവിക്ക് ആദരാഞ്ജലികൾ. അവരുടെ രണ്ട് മഹത്തായ കൃതികളായ പ്രഥം പ്രതിശ്രുതിക്കും ബകുൽ കഥയ്ക്കും എന്റെ ജീവിതത്തിൽ മറക്കാനാകാത്ത സ്ഥാനമാണ് ഉള്ളത്.''- എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.

ഈ രണ്ട് കൃതികളും ജ്ഞാനപീഠം ജേതാവു കൂടിയായ ആശാപൂർണ്ണാദേവിയുടേതാണ്. രണ്ട് എഴുത്തുകാരുടെ കൃതികൾ തമ്മിൽ മാറിപ്പോയ വിദേശകാര്യ മന്ത്രിക്കെതിരെ പരിഹാസവും വിമർശനവുമായി ട്രോളുകൾ നിറഞ്ഞു. ഒടുവിൽ സുഷമ സ്വരാജ് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീൻ ഷോട്ടുമായി ട്രോളുകൾ തുടരുകയാണ്.

മഹാശ്വേതാ ദേവി ആരാണ്, ആശാപൂർണദേവി ആരാണ് എന്നറിയില്ലെങ്കിലും, പുസ്തകങ്ങൾ വായിച്ചിട്ടില്ലെങ്കിലും പൊങ്ങച്ചം പറയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വെല്ലും വിദേശകാര്യ മന്ത്രിയെന്നാണു സൈബർ ലോകം പരിഹസിക്കുന്നത്.

മുൻ പോസ്റ്റ് ഡിലീറ്റ് ചെയ്തു സുഷമ പുതിയ പോസ്റ്റിട്ടെങ്കിലും ഇതിനു താഴെ ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഇട്ടു പരിഹസിക്കുകയാണു പലരും.

എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ മഹാശ്വേതാ ദേവി ഇന്നലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. തൊണ്ണൂറ് വയസ്സായിരുന്നു. ജ്ഞാനപീഠം, പത്മവിഭൂഷൺ, മഗ്‌സസെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള മഹാശ്വേതാ ദേവി ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ വ്യക്തി കൂടിയാണ്.