തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തു പാഠപുസ്തകം കിട്ടാതെ സർക്കാരിനെതിരെ സമരം ചെയ്ത സിപിഎമ്മിനെയും എസ്എഫ്‌ഐയെയും പരിഹസിച്ചു സോഷ്യൽ മീഡിയ. ഭരണം മാറി എൽഡിഎഫ് അധികാരത്തിലെത്തിയിട്ടും ഓണപ്പരീക്ഷയ്ക്കു മുമ്പു പുസ്തകം കിട്ടിയില്ലെന്ന ആരോപണത്തെ തുടർന്നാണു ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.

അധ്യയന വർഷം തീരാറായിട്ടും കുട്ടികൾക്ക് പാഠപുസ്തകം എത്താത്തായിരുന്നു കഴിഞ്ഞ വർഷത്തെ പ്രശ്നം. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഇക്കാര്യത്തിൽ നാണംകെട്ടത് ആരും മറന്നിട്ടില്ല.

എസ് എഫ് ഐക്കാർ റബ്ബിനെതിരെ സമരം നടത്തി. കോലം കത്തിച്ചു. മാത്രമല്ല, പുസ്തകം പ്രിന്റെടുത്തുകൊടുക്കുന്നതുവരെ കാര്യങ്ങൾ എത്തി. എന്നാൽ, ഇത്തവണ ഓണമെത്തിയിട്ടും കുട്ടികൾക്ക് പുസ്തകം കിട്ടിയില്ലെന്ന വാർത്ത പരന്നതോടെ ട്രോളുകൾ സജീവമായി. പണ്ടത്തെ ഫേസ്‌ബുക്ക് പോസ്റ്റും എസ് എഫ് ഐക്കാരുടെ സമരങ്ങളുമെല്ലാം ട്രോളിലെ താരങ്ങളായി.

അതേസമയം, പുസ്തകം അൺ എയ്ഡഡ് സ്‌കൂളുകളിൽ മാത്രമാണ് എത്താനുള്ളത് എന്നു വ്യക്തമായതോടെ മറുട്രോളുകളും ഇറങ്ങി. ചതിച്ചതാ ഞങ്ങളെ തലക്കെട്ട് ചതിച്ചതാ എന്നു തുടങ്ങുന്നു മറുപടികൾ.

പാഠപുസ്തകം എത്താത്തത് വിവാദമായതോടെ നാല് ദിവസത്തിനകം എല്ലാം ശരിയാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പിണറായി സർക്കാരിനും പാഠപുസ്തകം തലവേദനയായത്. എൽഡിഎഫ് സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബും ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി രവീന്ദ്രനാഥിന്റെ വിശദീകരണവുമായി രംഗത്തെത്തിയത്. ഓണപ്പരീക്ഷയ്ക്ക് മുന്നോടിയായി ഈയാഴ്ച തന്നെ പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രസകരമായ ട്രോളുകൾ ഇങ്ങനെ: