തിരുവനന്തപുരം: when u strike stike hard- അടിക്കുമ്പോൾ നന്നായി അടിക്കുക. അതാണ് വിമർശനത്തിന്റെ ധർമമായി നിരൂപക ശ്രേഷ്ഠർ പറയുക. സാമൂഹിക-മത-രാഷ്ടീയ വിഷയങ്ങളെ ഹാസ്യത്തിൽ ചാലിച്ച് കുറിക്കുകൊള്ളും വിധം അവതരിപ്പിക്കുന്ന ട്രോളുകൾ സോഷ്യൽ മീഡിയയുടെ കണ്ണും കരളുമാണ്. അസഹിഷ്ണുത കൂടി വരുന്ന ഇക്കാലത്ത് പെട്ടെന്ന് തന്നെ വികാരങ്ങൾ വ്രണപ്പെടുകയും, തമാശ കാണാതെ പോവുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ട്രോൾ റിപ്പബ്ലിക് എന്ന കൂട്ടായ്മയിൽ ഈ മാസം 22 ന് വന്ന ട്രോളിനെതിരെ സൈബർ സെൽ അന്വേഷണം പ്രഖ്യാപിച്ചത്.മതനിന്ദ ആരോപിച്ചാണ് അന്വേഷണം.

ശബരിമലയിലെ ദർശന സമയവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡിന്റെ തീരുമാനമാണ് ട്രോളിന് ആധാരം.മീശമാധവൻ സിനിമയിൽ ഉറക്കം വരാതിരിക്കാൻ കണ്ണിൽ ഈർക്കിൽ തിരുകി വച്ചിരിക്കുന്ന ജഗതി ശ്രീകുമാറിനെ അയ്യപ്പനായി ചിത്രീകരിച്ചതാണ് പലരെയും ചൊടിപ്പിച്ചത്.

എന്നാൽ, ഇത്രയും നിസാരമായ രസകരമായ ഒരു ട്രോളിന്റെ പേരിൽ കോടതി കയറി ഇറങ്ങേണ്ടി വരുമെങ്കിലും അതിനെ നേരിടാൻ തന്നെ ആണ് ട്രോൾ റിപ്പബ്ലിക് ടീമിന്റെ തീരുമാനം. ഏതായാലും ട്രോളിനെ അനുകൂലിച്ചും, എതിർത്തും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച നടക്കുന്നുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് ട്രോൾ റിപ്പബ്ലിക്ക് അഡ്‌മിൻ ഇട്ട പോസ്റ്റ്

ഡിയർ റിപ്പബ്ലിക്കൻസ്, വളരെ ഗൗരവമുള്ള ഒരു വിഷയം ആണ് പറയാൻ പോവുന്നത്. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഉറപ്പു വരുത്താൻ വേണ്ടി ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.
സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശാസങ്ങളെയും അസമത്വങ്ങളെയും തുടങ്ങി അപരിഷ്‌കൃതമായ എന്തിനെയും വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു എന്ന് തോന്നിയപ്പോഴാണ് നാം ട്രോൾ റിപ്പബ്ലിക് എന്ന പുതിയ ഒരു പ്ലാറ്റ് ഫോം കുറച്ചു കാലങ്ങൾക്കു മുന്നേ ഉണ്ടാക്കുന്നത്.

മതം രാഷ്ട്രീയം സമൂഹം തുടങ്ങി വിവിധ മേഖലകളിലെ ട്രോൾ ചെയ്യപ്പെടേണ്ട വിഷയങ്ങളെ നമ്മൾ നിർദാക്ഷിണ്യം ട്രോളുകളിലൂടെ പരിഹസിക്കുകയും നമ്മുടെ നിലപാടുകൾ പേജിലെ പോസ്റ്റുകളിലൂടെ കൃത്യമായി നില നിർത്താൻ ശ്രമിച്ചിട്ടും ഉണ്ട്. അത്തരത്തിൽ പേജിൽ പബ്ലിഷ് ചെയ്ത ഒരു പോസ്റ്റിൽ ഇപ്പൊ സൈബർ സെൽ വഴി നമ്മൾ അന്വേഷണം നേരിടുകയാണ്.
മതനിന്ദയാണ് ഈ പോസ്റ്റ് എന്നാണു സൈബർ സെൽ ടീം നമ്മളെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

കേസ് രജിസ്റ്റർ ചെയ്യുകയും മറ്റു നടപടിക്രമങ്ങളും മുന്നോട്ടു പോവുന്നു. ഇത്രയും നിസാരമായ രസകരമായ ഒരു ട്രോളിന്റെ പേരിൽ കോടതി കയറി ഇറങ്ങേണ്ടി വരുമെങ്കിലും അതിനെ നേരിടാൻ തന്നെ ആണ് ട്രോൾ റിപ്പബ്ലിക് ടീമിന്റെ തീരുമാനം. യുക്തിസഹമായ വിമർശനങ്ങൾക്ക് ഇടമില്ലാതെ, വിമർശിക്കപ്പെടേണ്ടതിനെ തഴുകിയും തലോടിയും സുഖിപ്പിച്ചു നിർത്തിയും മുന്നോട്ടു പോവുന്നതിൽ അർത്ഥമില്ല.

ട്രോൾ റിപ്പബ്ലിക് ഉള്ള കാലം അതിന്റെ ലക്ഷ്യം സാമൂഹ്യമായ തിന്മകളെ ട്രോൾ ചെയ്യുക എന്നത് തന്നെ ആവും. അതിനിടക്ക് വരുന്ന ഇത്തരം പ്രതിബന്ധങ്ങളെ അസഹിഷ്ണുതകളെ നമ്മൾ ഒന്നിച്ചു നിന്ന് തന്നെ തോൽപ്പിക്കും. മത രാഷ്ട്രീയ ഭേദമന്യേ മൊത്തം റിപ്പബ്ലിക്കൻസിന്റെയും പിന്തുണയും ഞങ്ങൾ ആഗ്രഹിക്കുന്നു. അസഹിഷ്ണുതയുടെ വെല്ലുവിളികളെ നേരിടുന്നത് നമ്മൾ ഒരുമിച്ചായിരിക്കും.
അഡ്‌മിൻ ടീം
ട്രോൾ റിപ്പബ്ലിക്