ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അമിത തിരക്കും സ്റ്റാഫുകളുടെ എണ്ണത്തിലുള്ള കുറവും വൻ പ്രശ്‌നമായി തുടരുമ്പോഴും ട്രോളികളിലുള്ള രോഗികളുടെ എണ്ണത്തിലും വൻ വർധന. കഴിഞ്ഞ മാസം ട്രോളിയിലുണ്ടായിരുന്നത് 6751 രോഗികളായിരുന്നുവെന്നാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന തോതാണിതെന്നും 12 വർഷത്തിനു മുമ്പ് ട്രോളികളിലുള്ള രോഗികളുടെ കണക്കെടുപ്പ് തുടങ്ങിയതിൽപ്പിന്നെ ഇത്രയുമധികം രോഗികൾ ട്രോളിയിൽ കാത്തിരിക്കിക്കേണ്ടി വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

530,000 രോഗികൾ പബ്ലിക് ആശുപത്രികളിലെ വെയിറ്റിങ് ലിസ്റ്റിൽ ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ട്രോളിയിൽ കിടക്കുന്ന രോഗികളുടെ എണ്ണവും വ്യക്തമായതോടെ രാജ്യത്തെ ആശുപത്രികളുടെ ശോചനീയവസ്ഥയാണ് തുറന്നു കാട്ടുന്നത്. ചികിത്സയ്ക്കായി വെയിറ്റിങ് ലിസ്റ്റിലുള്ള രോഗികളുടെ പ്രശ്‌നം കുറയ്ക്കുന്നതിന് ഈ വർഷം അവസാനത്തോടെ പരിഹാരം കണ്ടെത്തുമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 18 മാസമായി ചികിത്സയ്ക്ക് കാത്തിരിക്കുന്ന ഇൻപേഷ്യന്റ്‌സിന്റെ എണ്ണം 50 ശതമാനം കുറയ്ക്കുമെന്നും ചികിത്സയ്ക്ക് കാത്തിരിക്കുന്ന എല്ലാ രോഗികളുടേയും ക്ലിനിക്കൽ വാലിഡേഷൻ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്നും മന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കിയത്.

ട്രോളികളിലുള്ള രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതൽ സ്റ്റാഫുകളെ നിയമിക്കുകയെന്നാണ് പരിഹാരം എന്നാണ് ഐഎൻഎംഒ ജനറൽ സെക്രട്ടറി ലിയാം ഡോറൻ വ്യക്തമാക്കി. ആശുപത്രികളിലെ ബെഡ്ഡുകളുടെ എണ്ണം വർധിപ്പിക്കുക, കൂടുതൽ നഴ്‌സിങ് സ്റ്റാഫുകളെ നിയമിക്കുക എന്നിവയാണ് ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗമെന്നാണ് ലിയാം ഡോറൽ ചൂണ്ടിക്കാട്ടുന്നത്. പബ്ലിക് ഹെൽത്ത് സർവീസിൽ നഴ്‌സുമാരുടെ ഒഴിവുകൾ ഒട്ടേറെയുണ്ടെന്നും ഇതു നികത്തിയാലേ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അമിത തിരക്കിന് പരിഹാരം കാണാൻ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.