തിരുവനന്തപുരം: നിറംമാറിയ ഷർട്ട് മാറ്റിവാങ്ങാനായി കോട്ടയത്തെ കല്യാൻ സിൽക്‌സ് തുണിക്കടയിലെത്തിയ കോളജ് വിദ്യാർത്ഥിക്കു മർദനമേറ്റതും തുടർന്ന് സമരം നടത്തി കടയുടെ മാനേജ്‌മെന്റിനെ മുട്ടുകുത്തിച്ചതുമായ വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം. കല്യാൺ സിൽക്‌സിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളാണ് ഫേസ്‌ബുക്കിലടക്കം നിറയുന്നത്. മുഖ്യധാരാ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യാൻ മടിച്ച സംഭവം മറുനാടനാണ് ജനങ്ങളിലേയ്‌ക്കെത്തിച്ചത്.

ജഗതിയും സലിംകുമാറും ദിലീപുമെല്ലാം ട്രോളുകളിൽ നിറയുന്നു. ഇന്നലെ വാങ്ങിയ ഷർട്ടിന്റെ നിറം പോയപ്പോൾ ചോദിക്കാൻ പോയി കല്യാൺ സിൽക്‌സിൽനിന്നു തല്ലുകൊണ്ട് പ്ലാസ്റ്ററിട്ട് ഇറങ്ങിവരുന്ന ജഗതിയുടെ ട്രോൾ അടക്കമാണു ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിറം പോയ ഷർട്ട് മാറ്റിവാങ്ങാനായി കടയിലൊന്നു പോയാൽ കൊള്ളാമെന്നുണ്ടെന്നും ചെന്നുകഴിഞ്ഞാൽ അവന്മാർ ഏത് ഏരിയയിലാ താങ്ങുന്നതെന്ന് പറയാൻ പറ്റില്ലെന്നും സലിംകുമാർ ദിലീപിനോടു പറയുന്നതും ട്രോളിൽ കാണാം.

ദിലീപ് ബുദ്ധിവളർച്ചയില്ലാത്തവനായി അഭിനയിക്കുന്ന തിളക്കം എന്ന സിനിമയിലെ രംഗങ്ങളും പരിഹാസത്തിന് ഉപയോഗിച്ചിരിക്കുന്നു. സലിം കുമാറിന്റെ കഥാപാത്രം തന്റെ ഭാര്യയായ വനജയോട് നിനക്ക് സാരി വേണമെന്ന് പറഞ്ഞിരുന്നില്ലേയെന്നു ചോദിക്കുന്നു. അപ്പോൾ ദിലീപ്, വാ ആളിയാ.... നമുക്ക് കല്യാൻ സിൽക്‌സിൽ പോകാം.... എന്നു പറയുന്നു. അപകടം മണത്ത സലിം കുമാർ വനജേ നിക്ക് വെള്ളസാരി മതിയോ എന്നു ചോദിക്കുന്നു.

കല്യാൻ സിൽക്‌സിന്റെ ബ്രാൻഡ് അംബാസിഡർ ആയ പൃഥ്വിരാജും സ്ഥാപനത്തിന്റെ പരസ്യത്തിൽ അഭിനിയിച്ചിട്ടുള്ള അജു വർഗീസും ചേട്ടാ അന്നു വാങ്ങിയ ഷർട്ടിന്റെ കളർ പോയി എന്നു പറഞ്ഞെത്തുന്നതാണ് മറ്റൊരു ട്രോൾ. മുതലാളി അവന്മാരെ ഇങ്ങോട്ടു കയറ്റിവിട് എന്ന് സൈജു കുറുപ്പിന്റെ വില്ലൻ കഥാപാത്രം മറുപടി നല്കുന്നു.

കോപ്പിടയടി ആരോപണത്തെത്തുടർന്നു ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത നെഹ്രു കോളജിൽ മാത്രമല്ലടാ, അങ്ങ് കല്യാൻ സിൽക്‌സിലുമുണ്ട് ഇടിമുറിയെന്ന് സിബിഐ ഡയറിക്കുറിപ്പിലെ പ്രതാപവർമ്മ പറയുന്നതാണ് മറ്റൊരു പ്രമുഖ ട്രോൾ.

കല്യാൺ സിൽക്‌സിൽ പോയി ഷർട്ടൊന്നു മാറ്റിയിട്ടു വരാമെന്നു പറയുന്ന മിമിക്രിതാരം ജോബി പിന്നീട് ചില്ലിട്ട പടമായും മാറുന്നു.

ഷർട്ടിൽ പെയിന്റ് മുക്കിയ കാര്യം ഇപ്പോൾ നാട്ടിൽ പാട്ടാണെന്ന  പ്രസിദ്ധമായ ഒരു പെയിന്റ് പരസ്യത്തെ അനുകരിച്ചും ട്രോളുണ്ട്.

അക്കരെ അക്കരെ അക്കരെ എന്ന പ്രശസ്തമായ ഹാസ്യ ചിത്രത്തിലെ രംഗവും കല്യാൺ സിൽക്‌സിനെ പരിഹസിക്കാനായി ഉപയോഗിച്ചിരിക്കുന്നു.

മഹേഷിന്റെ പ്രതികാരത്തിൽ മഹേഷ് നിന്നു തല്ലുവാങ്ങുന്നതാണ് മറ്റൊരു പ്രമുഖ ട്രോൾ.

സാമൂഹിക പ്രസക്ത വിഷയങ്ങളിൽ കുറിക്കുകൊള്ളുന്ന ട്രോളുകൾ ഇറക്കുന്ന ട്രോൾ മലയാളം, സൂത്രനും ഷേരുവും, ഐസിയു ട്രോൾ തുടങ്ങിയ ഫേസ്‌ബുക് പേജുകളിലാണ് പരിഹാസ ശരങ്ങൾ കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോട്ടയം നഗരം സ്തംഭിപ്പിച്ചു കല്യാൺ സിൽക്‌സിനു മുന്നിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന്റെ വാർത്ത മുഖ്യധാരാ മാദ്ധ്യമങ്ങൾ പരസ്യ വരുമാനം ഉപേക്ഷിക്കാൻ തയാറാകാതെ മുക്കിയതിനും നല്ല പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കോട്ടയം ബസേലിയസ് കോളജിലെ വിദ്യാർത്ഥി റൻസന് മർദനമേറ്റത്. കല്യാൺസിൽക്സിൽ നിന്നും തിങ്കളാഴ്‌ച്ചയാണ് റെൻസണും കൂട്ടുകാരൻ ആഷിഖും ഷർട്ട് വാങ്ങിയത്. ഇവർ വാങ്ങിയ ഷർട്ട് കഴുകിയപ്പോൾ നിറം ഇളകി. റെൻസൻ ഇക്കാര്യം കടയിൽ അറിയിച്ചപ്പോൾ ഷർട്ട് നൽകാമെന്ന് കല്യാൺ സിക്സ് ജീവനക്കാർ അറിയിച്ചു. ഇവർ പറഞ്ഞതനുസരിച്ച് ചൊവ്വാഴ്‌ച്ച രാത്രിയിൽ ഷോറൂമിൽ എത്തിയപ്പോൾ ജീവനക്കാരൻ സ്വരം മാറ്റി. നിരവധി കസ്റ്റമേഴ്‌സ് ഉള്ളപ്പോഴായിരുന്നു വിദ്യാർത്ഥികൾ കടയിലേക്ക് എത്തിയത്. വിദ്യാർത്ഥിയുടെ കയ്യിലിരുന്ന ഷർട്ട് കണ്ടപ്പോൾ വസ്ത്രം വാങ്ങാതെ ചില ഉപഭോക്താക്കൾ കല്യാണിൽ നിന്നും ഇറങ്ങിപ്പോയി.

ഇത് സെയിൽസ്മാനെ പ്രകോപിപ്പിച്ചു. സെയിൽസ്മാൻ റെൻസനോട് കയർത്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. തർക്കം മൂത്തപ്പോൾ സെയിൽമാന്മാരിൽ ഒരാൾ റെൻസണെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മർദിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും ഇവർ മർദ്ദിച്ചു. ഇതോടെയാണ് വിദ്യാർത്ഥികൾ ഷോപ്പിലേക്ക് മാർച്ച് നടത്തിയത്. ഉച്ചയ്ക്ക് ശേഷം ബസേലിയോസ് കോളജിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്യാൺ സിൽക്സിന്റെ മുൻപിൽവച്ച് പൊലീസ് തടഞ്ഞു. 

സിൽക്‌സിനെതിരായ പ്‌ളക്കാർഡുമായാണ് വിദ്യാർത്ഥികൾ വന്നത്. അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഇവരുടെ പ്രതിനിധികളായ രണ്ടുപേരെ ഷോറൂമിലേക്ക് പൊലീസ് കടത്തി വിട്ടത്. ഒന്നരമണിക്കൂറോളം വിദ്യാർത്ഥികൾ പ്രതിഷേധവുമായി റോഡിൽ പൊരിവെയിലിൽ കൂസാതെ നിന്നു. നഷ്ടപരിഹാരത്തിന് മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാർത്ഥി പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഇവർ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കേസ് ഒുതക്കാനും വാർത്ത വരാതിരിക്കാനും മാനേജ്‌മെന്റ് സമ്മർദം ചെലുത്തുകയാണ്.