- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറമേക്ക് ലെനിനായി, പൂജാമുറിയിൽ പൂന്താനമായി! ചർച്ചിനും മോസ്ക്കിനും ഇടയിൽ അമ്പലം, താഴെ സ്റ്റാലിനും ലെനിനും മാർക്സും; പള്ളിയല്ല പണിയണം പള്ളികൂടം ആയിരം എന്ന് പാടിയ പാർട്ടിയുടെ കട്ടൗട്ട് ഇപ്പോൾ ഇങ്ങനെയാണ്; മതങ്ങളോടുള്ള സമീപനത്തിൽ വെള്ളം ചേർത്ത സിപിഎമ്മിന് ട്രോൾ
കോഴിക്കോട്: എക്കാലത്തും വിവാദമായ ഒന്നാണ് മതങ്ങളോടുള്ള കമ്യൂണിസ്റ്റുകളുടെ സമീപനം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രചരിപ്പിക്കുന്ന, ഭൗതികവാദത്തിൽ അധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രം തന്നെയാണ് മാർക്സിസം. കേരളത്തിലും ആദ്യകാലത്ത് കമ്യൂണിസ്റ്റുകാർ മതങ്ങളോട് കൃത്യമായ ഒരു അകലം പാലിച്ചിരുന്നു. 'പള്ളിയല്ല.. പണിയണം പള്ളികൂടം ആയിരം'' എന്ന ഗാനം, പാർട്ടി പരിപാടികൾക്ക് മുമ്പ് ആലപിക്കപ്പെട്ട കാലം. 'നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരുന്നു' എന്നായിരുന്നു എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ പരസ്യമായി പറഞ്ഞിരുന്നത്.
പക്ഷേ കാലം മാറിയപ്പോൾ വോട്ടുബാങ്ക് നിലനിർത്താൻ വേണ്ടി, മതത്തോടുള്ള തങ്ങളുടെ സമീപനത്തിൽ വെള്ളം ചേർക്കാൻ കമ്യൂണിസ്റ്റുകാർ നിർബന്ധിതരായി. ആദ്യം ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിൽ ഇസ്ലാമിക സ്വത്വ രാഷ്ട്രീയത്തെ അംഗീകരിച്ച കമ്യൂണിസ്റ്റ് പാർട്ടിക്ക്, ഇപ്പോൾ ഭൂരിപക്ഷ വിശ്വാസികൾക്കും ഒരു പ്രയാസവുമില്ലാതെ മേൽകമ്മറ്റികളിൽ പോലും നിലനിൽക്കാവുന്ന അവസ്ഥയായി. ശബരിമല സമരത്തെ തുടർന്ന് ഇടഞ്ഞ വിശ്വാസികളെ നിലനിർത്താൻ, ഇപ്പോൾ മതവിമർശനപരമായ യാതൊരു കാര്യങ്ങളും സിപിഎം ചെയ്യാറില്ല. പള്ളിക്കമ്മറ്റികളിലും അമ്പലക്കമ്മറ്റികളിലും പരമാവധി കയറിപ്പറ്റി, അത് പാർട്ടിക്ക് അനുകൂലമാക്കാനുള്ള നടപടി എടുക്കണമെന്നാണ് സിപിഎം കേഡർമാരോടും നിർദ്ദേശം നൽകാറുള്ളത്.
എന്നാൽ ഇതൊരു കൈവിട്ട കളിയാണെന്നും, മതത്തോടൊപ്പം ചേർന്നാൽ മതവിശ്വാസി സിപിഎമ്മുകാരൻ ആവുകയല്ല, തിരിച്ച് മാർക്സിസ്റ്റുകാരൻ വിശ്വാസിയായി മാറുകയാണ് ഉണ്ടാവുകയെന്നാണ് കേരളത്തിലെ സ്വതന്ത്രചിന്തകർ വർഷങ്ങളായി പറയാറുള്ളത്. ഇപ്പോഴിതാ കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഒരു കട്ടൗട്ടാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്. ഇത് സിപിഎമ്മിന്റെ മാറിയ സമീപനം തന്നെയാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കട്ടൗട്ടിന് മുകളിൽ പള്ളിയും അമ്പലവും
സ്റ്റാലിന്റെയും ലെനിന്റെയും മാർക്സിന്റെയുമൊക്കെ ചിത്രം സ്ഥാപിച്ച, കൗട്ടൗട്ടിന്റെ മുകളിൽ അപ്പുറത്തും ഇപ്പുറത്തും ഒരു മോസ്ക്കും ചർച്ചുമാണ്. നടുക്ക് ഒരു അമ്പലമാതൃകയും. ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾക്ക് ഇടയാക്കുന്നത്. സന്ദേശം സിനിമയിലെ പ്രഭാകരൻ കോട്ടപ്പള്ളി ലൈനിനുള്ള രഹസ്യമായ ഒരു പരിപാടിയായിപ്പോയി ഇതെന്ന് ഫ്രീ തിങ്കേഴ്സ് വിമർശിക്കുന്നു. ഇത്തരം വ്യാജമായ മതസൗഹാർദങ്ങൾ കൊണ്ട് എന്ത് കാര്യമെന്നാണ് ചോദ്യം. 'പുറമേക്ക് ലെനിനായി, പൂജാമുറിയിൽ പൂന്താനമായി' എന്ന ക്യാപ്ഷനുമായാണ് ഈ ചിത്രം പ്രചരിക്കുന്നത്.
'പള്ളിയല്ല.. പണിയണം പള്ളികൂടം ആയിരം....അൽ ഹംദുലില്ലാ... ഖൈർ! ഇത് പ്രൈവറ്റ് ബസിന്റെ ഡ്രൈവറുടെ തലക്ക് മുകളിലുള്ള മതമൈത്രി ഫോട്ടോ അല്ല. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് കട്ടൗട്ട്' ആണ്. 'മാഷാ അല്ലാ' മുദ്ര ശ്രദ്ധിച്ചോണം മുദ്ര മുദ്ര ?... അവസാനം എവിടെ വരെ എത്തി ഇപ്പോൾ വൈരുദ്ധ്യാത്മക ഭൗതിക 'വാദം'- എന്നാണ് ഒരു വാട്സാപ്പ് ട്രോൾ.
പുറമേക്ക് പറയുന്നത് അല്ല മാർക്സിസ്റ്റുകളുടെ മതങ്ങളോടുള്ള സമീപനമെന്ന് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കെ എ നസീർ ചൂണ്ടിക്കാട്ടുന്നത്. 'നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരുന്നു എന്നാണ് മാർക്സിസ്റ്റുകാർ സാധാരണ പറയുക. പക്ഷേ യഥാർത്ഥത്തിൽ സംഭവിക്കുന്നത്, മനുഷ്യരിലേക്ക് പടരാനായി അവർ മതങ്ങളിലേക്ക് ചുരുങ്ങുകയാണ് .''- നസീർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബംഗാളിൽ സംഭവിച്ചതിൽ നിന്ന് സിപിഎം ഒരു പാഠവും പഠിക്കുന്നില്ലെന്നും ചലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബംഗാളിൽ ജ്യോതിഷം നോക്കുന്ന കാര്യത്തിലും, ദുർഗാപൂജയും, കാളീപൂജയുമൊക്കെ ചെയ്യുന്ന കാര്യത്തിൽ സിപിഎമ്മുകാരനും ബിജെപിക്കാരനും തമ്മിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ഭരണമാറ്റത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ ബൈക്ക് ബ്രിഗേഡ് ശക്തമായി അക്രമം അഴിച്ചു വിട്ടതോടെ സിപിഎം അണികൾ, അഭയമെന്ന പേരിൽ ബിജെപിയിലേക്ക് മാറുകയായിരുന്നു. ഇത് പഠിച്ച എഴുത്തുകാരൻ രാമചന്ദ്ര ഗുഹയൊക്കെ ചൂണ്ടിക്കാട്ടുന്നത്, അടിസ്ഥാനപരമായി യാതൊരു മാറ്റവും ഇല്ലാത്തതുതന്നെയാണ് ബംഗാളിലെ പ്രവർത്തകർക്ക് പെട്ടെന്ന് ബിജെപിയിലേക്ക് മാറാൻ കഴിഞ്ഞത് എന്നാണ്. തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ വേറിട്ട രീതി കാണിച്ചുകൊടുക്കാൻ സിപിഎമ്മിന് ബംഗാളിൽ കഴിഞ്ഞില്ല. പക്ഷേ ഇതിൽനിന്നും ഒന്നും ഇടതുകക്ഷികൾ ഒന്നും പഠിക്കുന്നില്ല.
വിദേശ സർവകലാശാലകൾക്ക് ചുവന്ന പരവതാനി
സിപിഎമ്മിന്റെ മാറുന്ന സമീപനങ്ങളും ട്രോൾ ആയി മാറുന്നുണ്ട്. സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ സ്വാഗതമോതിക്കൊണ്ടുള്ള, സുപ്രധാനനയരേഖ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട്. അപ്പോഴാണ് വിദ്യാഭ്യാസ കച്ചവടത്തിനതിരെയുള്ള സമരത്തിന്റെ ഭാഗമായി മന്ത്രി എം വി രാഘവനെ തടഞ്ഞതിന്റെ പേരിൽ വെടിയേറ്റ് മരിച്ച് കൂത്തുപറമ്പ് സഖാക്കളെ പലരും സ്മരിക്കുന്നത്. എന്തിനുവേണ്ടിയാണ് ഈ അഞ്ചുയുവാക്കൾ ജീവൻ വെടിഞ്ഞത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാമിന്റെ ഈ ചോദ്യം നിരവധി പേർ ആണ് ഷെയർ ചെയ്തിരിക്കുന്നത്.
ഈ സമയത്തുതന്നെ പ്രീഡിഗ്രി ബോർഡ് അടക്കമുള്ള പലകാര്യങ്ങൾക്കുമെതിരെ എസ്എഫ്ഐ നടത്തിയ അനാവശ്യ സമരങ്ങളും ചർച്ചയാവുന്നത്. 'ഡിപിഇപി പദ്ധതി കൊണ്ടുവന്നതിലൂടെ അക്ഷരം അറിയാത്ത ഒരു തലമുറയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ വളർന്നുവരുന്നത്.
അടിസ്ഥാന വിദ്യാഭ്യാസം നശിപ്പിച്ചിട്ടാണോ നാം ഉന്നത വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്''- സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സുമോദ് സുധാകരൻ ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ