ഒരിടവേളയ്ക്കു ശേഷം ശബരിമല വീണ്ടും സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഇതോടൊപ്പം ട്രോളന്മാർക്ക് വീണു കിട്ടിയ ഒരു സുവർണാവസരമായിരുന്നു ഇന്നത്തെ മലകയറ്റം എന്നു പറയുന്നതായിരിക്കും ശരി. ദർശനത്തിനായി ചെന്നൈ ആസ്ഥാനമായ മനിതി എന്ന സംഘടനയൂടെ നേതൃത്വത്തിൽ എത്തിയ 11 അംഗ യുവതി സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് പമ്പ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. മല ചവിട്ടാനെത്തിയാൽ പൂർണ സുരക്ഷ ഒരുക്കുമെന്ന് മുഖ്യമന്ത്രിയൂടെ ഓഫീസിൽ നിന്ന് കിട്ടിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് സംഘം മല ചവിട്ടാനെത്തിയത്. എന്ത് പ്രതിഷേധം ഉയർന്നാലും പിന്മാറില്ലെന്നും സംഘം നേരത്തെ പ്രതികരിച്ചിരുന്നു.

എന്നാൽ മലകയറാൻ വന്നിട്ട് ആദ്യം കണ്ടം വഴി ഓടിയത് പൊലീസോ മനീതി സംഘമോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. എന്നാൽ പമ്പയിൽ പ്രതിഷേധം ഉയർന്നപ്പോൾ മനിതി സംഘം തിരിഞ്ഞോടുകയും പൊലീസുമായി ചർച്ച നടത്തി തിരികെ മടങ്ങുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വാക്ക് മാറ്റിയ പൊലീസിനെ ട്രോളി സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾമഴ ഒഴുകുന്നത്. സർക്കാരിന്റെയും പൊലീസിന്റെയും നിലപാട് മാറ്റത്തെ വിമർശിച്ചാണ് ട്രോളുകൾ സജീവമായത്.

പമ്പയിൽ യുവതികളെ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം സംഘവുമായി പൊലീസ് മല കയറാൻ ശ്രമം നടത്തിയെങ്കിലും ശരണപാതയിൽ തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാർക്കു മുന്നിൽ അടിയറവ് പറയുകയായിരുന്നു. വൻ പ്രതിഷേധത്തിനിടെ മനിതി സംഘം വിരണ്ടോടി ഗാർഡ് റൂമിലാണ് അഭയം പ്രാപിച്ചത്. പൊലീസുകാരും പിന്നാലെ ഓടിക്കയറി. തുടർന്ന് പൊലീസുമായുള്ള ചർച്ചയ്ക്കൊടുവിൽ സംഘം മടങ്ങുകയായിരുന്നു. പുലർച്ചെ നാലു മണിയോടെയാണ് മനിതി സംഘം പമ്പയിലെത്തിയത്.

പമ്പയിൽ നിന്ന് ഒരുഘട്ടത്തിൽ ഓടിരക്ഷപ്പെടേണ്ടിയും വന്നു. മനിതി സംഘം വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഓടി ഗാർഡ് റൂമിൽ കയറിയത് ചാനലുകളിൽ ലൈവായി കാണിച്ചതോടെ ട്രോളർമാരും ഉണർന്നു. പിന്നെ ചറപറ ട്രോളായിരുന്നു. മനിതി സംഘത്തെക്കാൾ വേഗത്തിൽ ഓടിയ കേരള പൊലീസിനും കിട്ടി ട്രോൾ.