എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കാമ്പസ് ചിത്രമായ 'പൂമരം'ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തതിനും തൊട്ടു പിന്നാലെ ട്രോളുകളും സജീവമായി. ട്രോളാൻ വേണ്ടി പുതിയ വിഷയം കാത്തിരിക്കുന്ന സൈബർ ട്രോളർമാരുടെ കൈയിൽ കിട്ടിയാൽ എങ്ങിനെ ഇരിക്കും? അവർ അത് അങ്ങ് ആഘോഷമാക്കി.

കാളിദാസ് ജയറാം നായകനായി മലയാളത്തിലേക്ക് അരങ്ങേറുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇത്. ഒരു ദിവസത്തിനുള്ളിൽ തന്നെ 5 ലക്ഷത്തിലധികം വ്യൂസും 17,000+ ലൈക്സുമായി ഈ ഗാനം ഇപ്പോൾ യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഏഴാം സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ ട്രോൾ ലിസ്റ്റിലും മുന്നിലാണ്. സോളാറും സരിതയും , ഋഷിരാജ് സിങ്ങും അപ്പുക്കുട്ടനും എല്ലാം ട്രോളുകളിൽ സജീവമാണ്. അതിൽ ഏറ്റവും രസകരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രത്യക്ഷപ്പെടുന്ന ട്രോളാണ്. നൊസ്റ്റു എന്നൊക്കെ പറഞ്ഞാൽ എജ്ജാതി നൊസ്റ്റു ...! എന്ന തലക്കെട്ടോടെയാണ് ഉമ്മൻ ചാണ്ടി ട്രോളിൽ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിലെ വരികൾ ഉദ്ദരിച്ചാണ് ട്രോളർമാർ ചിരിപടത്തുന്നത്.

ഞാനും ഞാനുമെന്റാളും ആ നാൽപത് പേരും കൂടി സോളാറും കൊണ്ട് കപ്പലുണ്ടാക്കി എന്ന് ഉമ്മൻ ചാണ്ടി പാടുമ്പോൾ കപ്പലിൽ ഉള്ള നമ്മടെ കുപ്പായക്കാരി, എന്നു പറഞ്ഞു പറഞ്ഞു കൊണ്ട് സരിത കമന്റ് ബോക്‌സിൽ പ്രത്യക്ഷപ്പെടുന്നു. ട്രോളർമാരുടെ മുത്തായ അപ്പുക്കുട്ടനും ഉണ്ട്, കപ്പലിലാണേ, ആ പങ്കായക്കാരീ, കുപ്പായം പൊക്കി ഞാനൊന്ന് നോക്കി എന്ന് അപ്പുക്കുട്ടൻ പാടുന്നു. പഞ്ചാബി ഹൗസിലെ കപ്പലു മുതലാളിയും എല്ലാം ട്രോൾ പേജിൽ നിറയുന്നു..

കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറുന്ന പൂമരത്തിൽ മീര ജാസ്മിനും കുഞ്ചാക്കോ ബോബനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിർവഹിച്ചിരിക്കുന്നത്. ലൈം ലൈറ്റ് സിനിമാസ്‌ന്റെ ബാനറിൽ ഡോ.പോൾ വർഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നു നിർമ്മിച്ച 'പൂമരം' അടുത്ത വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.

ട്രോളുകൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകാണ് ആരാധകർ.