തിരുവനന്തപുരം: സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ നീതിക്ക് വേണ്ടി സമരം തുടരുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആൻഡേഴ്‌സൺ എഡ്വേർഡിനെ മർദ്ദിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹം. യൂത്ത് കോൺഗ്രസുകാരാണ് ആൻഡേഴ്‌സണെ മർദ്ദിച്ചതെന്നാണ് ആരോപണം.

കൊല്ലം സ്വദേശിയായ ആൻഡേഴ്സൺ എഡ്വേർഡിനെ വെള്ളിയാഴ്ച സെക്രട്ടറിയറ്റിനു മുമ്പിലെ ശ്രീജിത്തിന്റെ സമരപ്പന്തലിനു സമീപത്താണ് തല്ലിച്ചതച്ചത്. വെള്ളം കുടിച്ചശേഷം സമരപ്പന്തലിലേക്ക് മടങ്ങിവരവെ പുറകിലൂടെ എത്തിയ യൂത്ത് കോൺഗ്രസുകാർ തലയ്ക്കടിച്ചു. അടിയേറ്റു വീണപ്പോൾ വയറ്റിൽ ചവിട്ടി. ആൻഡേഴ്സനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ സഹായം തേടിച്ചെന്ന ശ്രീജിത്തിനെ ആക്ഷേപിച്ചത് ഓർമിപ്പിച്ചാണ് കഴിഞ്ഞദിവസം ആൻഡേഴ്സൺ സമരപന്തലിലെത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്തത്.ആൻഡേഴ്‌സണോട് ചെന്നിത്തല നിങ്ങളാരാണ് ഇത് പറയാൻ എന്ന് ചോദിക്കുകയും 'ഞാൻ പൊതുജനമാണെന്ന' ആൻഡേഴ്‌സന്റെ മറുപടി മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ഇതിൽ പ്രകോപിതരായാണ് കോൺഗ്രസുകാർ ആൻഡേഴ്സണനെതിരെ തിരിഞ്ഞത്. ആൻഡേഴ്സന്റെ വീടും ആക്രമിച്ചിരുന്നു.

ഞായറാഴ്ച രാത്രി കെഎസ്‌യു പ്രവർത്തകൻ ശ്രീദേവ് സോമൻ ഫേസ്‌ബുക്കിൽ 'കുന്നത്തൂരിലെ യൂത്ത് കോൺഗ്രസ്സുകാർ ആൻഡേഴ്‌സണെ രാഷ്ട്രീയമായി നേരിടും' എന്നാഹ്വാനം ചെയ്തതിന് ശേഷമാണ് ചൊവ്വാഴ്ച ആൻഡേഴ്‌സന്റെ വീടിനുനേരെ ആക്രമണമുണ്ടായത്.

ഇതിന് പിന്നാലെ ചെന്നിത്തല ആൻഡേഴ്‌സണെ സിപിഎമ്മിന്റെ കൂലിത്തല്ലുകാരൻ എന്നധിക്ഷേപിച്ചിരുന്നു. അതിന് മറുപടിയായി കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സമരങ്ങളിൽ താൻ അങ്ങയുടെ പാർട്ടിക്കായി പ്രവർത്തിച്ച് ധാരാളം പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും ആൻഡേഴ്‌സൺ വ്യക്തമാക്കിയിരുന്നു. തന്റെ അപ്പ ഉൾപ്പടെയുള്ളവർ താങ്കളുടെ പാർട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ അപ്പ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതാണ്. തലമുറകളായി കോൺഗ്രസ് കുടുംബമാണ് തങ്ങളുടേതെന്നും ആൻഡേഴ്‌സൺ അറിയിച്ചിരുന്നു.

ആൻഡേഴ്‌സണെ മർദ്ദിച്ചതിനെതിരെ ചെന്നിത്തലയെയും യൂത്തന്മാരെയും പൊളിച്ചടുക്കുന്ന ട്രോളുകളാണ് പ്രചരിക്കുന്നത്. സമ്മർ ഇൻ കൊതുകലേം എന്ന ട്രോളിൽ പറയുന്നു:നേതാവിന് കീഴെ കുറുകി നടക്കും മാടപ്രാവുകളെ..ചോദ്യം ചെയ്യും കാലുകളെല്ലാം തല്ലിയൊടിക്കാൻ വാ.ആഹാ അപ്പ മാന്യമായി സംസാരിച്ചതാരുന്നോ പ്രശ്‌നം എന്ന ട്രോളിൽ പറയുന്നു..ഇവിടെ കിടന്നാൽ കൊതുകുകടി കൊള്ളുമെന്നും പൊടിയടിച്ച് കേറുമെന്നും പറഞ്ഞ മന്ത്രിയല്ലാരുന്നോ സാറ്? ഞങ്ങടെ നേതാവിനോട് മാന്യമായി സംസാരിക്കുന്നോടാ പോർക്കേ..ഇന്റർനാഷണൽ ചാലു യൂണിയൻ, ട്രോൾ മലയാളം എന്നീ ഗ്രൂപ്പുകളെല്ലാം ശക്തമായി ആഞ്ഞടിക്കുന്നു