തിരുവനന്തപുരം: ദിലീപിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രചരണം ശക്തമാക്കുന്നതിനിടെ അതിനെ ചെറുത്തുകൊണ്ടും നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ അനുകൂലിക്കുന്നവരെ കണക്കിന് കളിയാക്കിക്കൊണ്ടും സോഷ്യൽ മീഡിയ. ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാൻ പിആർ ഏജൻസിയെ തന്നെ രംഗത്തിറക്കിയിട്ടുണ്ടെന്ന വാർത്തകൾ വരുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലും ഇത്തരമൊരു പ്രചരണത്തിനെതിരെ ശക്തമായി പലരും രംഗത്തെത്തുന്നത്. ദിലീപിനെ അനുകൂലിക്കുന്നവരെ കണക്കിന് കളിയാക്കിക്കൊണ്ടാണ് മറുപ്രചരണം.

നാല് പേരെ ഒരു രസത്തിനു കുത്തിക്കൊന്ന ശേഷം പോണ പോക്കിൽ കുമാരേട്ടൻ നാണിത്തള്ളക്ക് മുറുക്കാൻ വാങ്ങാൻ പത്ത് രൂപ കൊടുത്തിരുന്നു. താനറിയുന്ന കുമാരേട്ടൻ കള്ളനോ കൊലപാതകിയോ അല്ലെന്നും മുറുക്കാൻപൊതി തീരുന്നതു വരെ കുമാരേട്ടൻ നിരപരാധിയായിരിക്കുമെന്നും നാണിത്തള്ള... ഫേസ്‌ബുക്കിൽ വൈറലായി പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്നാണിത്.

ദിലീപിന് അനുകൂലമാണ് കേരളത്തിലെ ഭൂരിഭാഗവും എന്നു വരുത്തിത്തീർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെങ്കിലും അതിനെ ചെറുക്കാൻ നിരവധി പേർ രംഗത്തെത്തുകയാണിപ്പോൾ. പിആർ ഏജൻസി പത്തുകോടി രൂപ പ്രതിഫലം പറ്റി ദിലീപ് അനുകൂല തരംഗം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചാരണം ശക്തമാണെന്നും മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റു മാധ്യമങ്ങളിലും ഇതുസംബന്ധിച്ച് വാർത്തകൾ വന്നു. ഇതോടെയാണ് ദിലീപ് അനുകൂല പോസ്റ്റുകളെ ചെറുക്കാൻ സോഷ്യൽ മീഡിയയിൽ വൻതോതിൽ ട്രോളുകൾ ഇറങ്ങുന്നത്.

ദിലീപിനെ അനുകൂലിക്കുന്നവർ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്‌ലാമിനെയും, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെയും പിന്തുണയ്ണമെന്നും ആവശ്യപ്പെടുന്ന സന്ദേശങ്ങളും എത്തുന്നു.

സപ്പോർട്ട് ദിലീപേട്ടൻ എന്ന ഹാഷ് ടാഗിനെതിരെ സപ്പോർട്ട് സുനിയേട്ടൻ, സപ്പോർട്ട് അമീറേട്ടൻ എന്നിങ്ങനെ ഹാഷ്ടാഗുകളുപയോഗിച്ച് കളിയാക്കിയാണ് സോഷ്യൽ മീഡിയയുടെ തിരിച്ചടി.

ഇത്തരം ചില പോസ്റ്റുകൾ ഇങ്ങനെ:

ഇന്ന് ഉച്ചയ്ക്ക് ഹോട്ടലിൽ ഊണിനു കൂടെ ഒഴിച്ച മീൻ ചാറിൽ ഒരു മീൻകഷ്ണം... ദിലീപേട്ടന് ഒരായിരം നന്ദി..

എന്റെ വഴിയിൽ കളഞ്ഞു പോയ പഴ്‌സ് അഡ്രസ് തപ്പിയെടുത്ത് വീട്ടിലെത്തിച്ചു ദിലീപേട്ടൻ.. 

കോഴിക്കോട് നിന്ന് സ്‌കാനിയാ ബസിൽ ആലുവയിയേക്കുള്ള യാത്ര, ആലുവയിലെത്തിയപ്പോൾ ഞാൻ നല്ല മയക്കത്തിലായിരുന്നു. പെട്ടെന്ന് ഒരാൾ എന്നെ തട്ടി വിളിച്ച് ഇറങ്ങുന്നില്ലേ ..?എന്ന് ചോദിച്ചു. ഞാൻ നോക്കിയപ്പോൾ ദിലീപ്. ദിലീപ് വിളിച്ചുണർത്തിയതുകൊണ്ട് മാത്രം ആലുവയിൽ ഇറങ്ങാൻ സാധിച്ചത്. ഓർക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോകുന്നു. ജയ് ജയ് ദിലീപ്..

ദുബൈയിലേയ്ക്കുള്ള യാത്രയിൽ ഫ്‌ളൈറ്റിൽ വച്ചാണ് ദിലീപിനെ പരിചയപ്പെട്ടത്, എന്റെ അവസ്ഥ അറിഞ്ഞ അദ്ദേഹം ഉടനെ ഒരു ചെക്കെഴുതി എനിക്ക് തന്നു. 10 ലക്ഷം രൂപയുടെ ചെക്ക്. ദിലീപ് ഞങ്ങടെ മുത്താണ്..

എന്റെ മകൻ ജന്മനാ സംസാരിക്കില്ലായിരുന്നു. ഒരു ദിവസം മകൻ ദിലീപിനെ സ്വപ്നം കണ്ടു, അതോടെ മകന് സംസാരശേഷി കിട്ടി. ഞങ്ങൾ ഇപ്പോഴും ദിലിപിനായി പാർത്ഥിക്കുന്നുണ്ട്...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ഞങ്ങൾ തൊഴുത് നിൽക്കെ കണ്ണ് തുറന്ന് നോക്കിയപ്പോൾ ഗുരുവായൂരപ്പന്റ സ്ഥാനത്ത് സാക്ഷാൽ ദിലീപ്... അന്ന് മുതൽ ദൈവങ്ങളുടെ കൂട്ടത്തിൽ ദിലീപിന്റെ ചിത്രവും വച്ച് ആരാധിക്കാൻ തുടങ്ങി.

ഇപ്പോൾ സുനിലേട്ടൻ കുറ്റാരോപിതൻ മാത്രം ആണ്. കോടതി വിചാരണക്കു ശേഷം മാത്രമേ അദ്ദേഹം കുറ്റക്കാരനാവുന്നുള്ളു എന്ന് മനസ്സിലാക്കണം. കോടതി വിധി വരുന്നത് വരെ അദ്ദേഹത്തിനെ ഞാൻ സപ്പോർട്ട് ചെയ്യും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി ശിക്ഷിക്കട്ടെ എന്നിട്ട് പോരെ നിങ്ങളുടെ കുറ്റപ്പെടുത്തലുകൾ....

ഇത്തരത്തിൽ ആക്ഷേപഹാസ്യം നിറച്ചാണ് ദിലീപ് അനുകൂലികളായി സോഷ്യൽമീഡിയയിൽ ഇറങ്ങുന്നവരെ പരിഹസിച്ച് മറുട്രോളുകളും ഇറങ്ങുന്നത്.