- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷവതികളായി അമ്മമാരും കാമുകിമാരും; പബ്ജി നിരോധിക്കാനാവില്ലെന്ന് വീമ്പു പറഞ്ഞതിന് പ്രതികാരമായി അവസരം ആഘോഷമാക്കി ടിക്ടോക്കർമാർ; പബ്ജി നിരോധനത്തിൽ ട്രോളന്മാരുടെ കാഴ്ച്ചപ്പാടുകൾ ഇങ്ങനെ
ഇന്ത്യക്കാർക്കിടയിലെ ജനപ്രിയ ഗെയിമായ പബ്ജി നിരോധിച്ചതായുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ സൈബർ ലോകത്ത് ട്രോളുകളുടെ പെരുമഴയാണ്. കൗമാരക്കാർക്കിടയിൽ വലിയ രീതിയിലുള്ള ആസക്തി പബ്ജി ഗെയിം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോളേജുകളും സർവകലാശാലകളും പബ്ജിക്ക് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. വിവര സുരക്ഷയും കൈകാര്യം ചെയ്യുന്ന രീതിയുമാണ് രാജ്യവ്യാപകമായ നിരോധനത്തിലേക്ക് പബ്ജിയെ നയിച്ചത്. നേരത്തെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കപ്പെട്ടപ്പോൾ പബ്ജിയുടെ പേരും ഉയർന്നു കേട്ടിരുന്നു. പബ്ജിയും നിരോധിക്കപ്പെടുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
പബ്ജി നിരോധിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മമാരും കാമുകിമാരും ആയിരിക്കുമെന്നാണ് ട്രോളന്മാർ പറയുന്നത്. പബ്ജിക്ക് അഡിക്റ്റ് ആയതിനാൽ കാമുകിയുമായി സംസാരിക്കാൻ സമയം കിട്ടാതെ പോയ കാമുകൻ തിരിച്ചുവരുന്നതും വാർത്തയറിഞ്ഞ് തന്റെ പ്രാർത്ഥന ഫലിച്ചെന്നു പറയുന്ന അമ്മയും ട്രോളിൽ സ്ഥാനം പിടിച്ചു.പബ്ജി നിരോധനത്തിൽ സന്തോഷിക്കുന്ന മറ്റൊരു വിഭാഗം ടിക്ടോക് ഉപയോഗിച്ചിരുന്നവരും പബ്ജി കളിക്കാനാറിയാത്തവരും ആയിരിക്കുമെന്നുമാണ് ട്രോളന്മാർ പറയുന്നത്. മുൻപ് ടിക്ടോക് നിരോധന സമയത്ത് കളിയാക്കിയതിനും പബ്ജി നിരോധിക്കാനാവില്ലെന്നും വീമ്പു പറഞ്ഞതിനും പ്രതികാരമായാണ് ഈ അവസരം ടിക്ടോക്കർമാർ ആഘോഷിക്കുന്നത്.
പബ്ജി കളിക്കാൻ വേണ്ടി മാത്രം പുതിയ മൊബൈൽ വാങ്ങിയവരും ഇതൊന്നും കാര്യമാക്കാതെ മറ്റു ഗെയിമുകൾ തേടിപ്പോകുന്നവരും ട്രോളുകളിൽ നിറഞ്ഞു. പബ്ജിക്ക് പകരം വരാൻ സാധ്യതയുള്ള ഇന്ത്യൻ വേർഷനുകൾ ട്രോളന്മാരുടെ ഭാവനയിൽ ജന്മമെടുത്തു. 3.3 കോടി ഇന്ത്യക്കാർ പബ്ജി മൊബൈൽ കളിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലഡാക്കിലെ ചൈനയുടെ തുടർ പ്രകോപനത്തിനു പിന്നാലെയാണ് പബ്ജി മൊബൈൽ അടക്കം 118 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചത്. ജൂണിൽ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.
ചൈനീസ് കമ്പനിയായ ടെൻസെന്റ് ആണ് പബ്ജിയുടെ മൊബൈൽ വേർഷൻ വികസിപ്പിച്ചത്. മൊബൈൽ ആപ്പിനു മാത്രമാണ് നിരോധനമെന്നതിനാൽ പബ്ജി ഗെയിം കംപ്യൂട്ടറിലും ഗെയിം കൺസോളുകളിലും ഇന്ത്യയിൽ ഇനിയും കളിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ ദക്ഷിണ കൊറിയയിൽ വികസിപ്പിച്ച മൊബൈൽ വേർഷനുമായി പബ്ജി തിരിച്ചുവരുമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.
മറുനാടന് ഡെസ്ക്