ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയിട്ടും സത്യപ്രതിജ്ഞ വൈകുന്നതോടെ അതിന്റെ തിളക്കം പതുക്കെ മങ്ങുകയാണെന്നാണ് തെലങ്കാനയിൽ നിന്നും പുറത്ത് വരുന്ന വാർത്ത. ടി ആർ എസ് അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു ഡിസംബർ 12ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നിട്ടും ഇതുവരെ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. ഇത് എംഎൽഎമാർക്കിടയിൽ മുറുമുറുപ്പുണ്ടാക്കുന്നുണ്ടെന്നും സൂചനയുണ്ട്. അടുത്തിടെയൊന്നും ശുഭമുഹൂർത്തമില്ലെന്നും അതിനാൽ തന്നെ ജനുവരി 15ന് ശേഷമേ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉണ്ടാകൂ എന്നാണ് സൂചന.

പുതിയ നിയമസഭ ഇതുവരെ ചേർന്നിട്ടില്ല. അതുകൊണ്ടുതന്നെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎ‍ൽഎ.മാർ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനത്തിലൂടെ പുതിയ നിയമസഭ രൂപവത്കരിച്ചിട്ടുണ്ടെന്നാണ് ഇതേക്കുറിച്ച് ചന്ദ്രശേഖർ റാവു പറയുന്നത്. 2014-ൽ 29 ദിവസം കഴിഞ്ഞാണ് സത്യപ്രതിജ്ഞ നടന്നത്. ഇനി മിക്കവാറും ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആയിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക.

മകരസംക്രാന്തി കഴിഞ്ഞേ ഇനി നല്ല ദിവസവും മുഹൂർത്തവുമുള്ളൂ എന്നാണ് ജോതിഷികൾ പറയുന്നത്. അങ്ങനെയെങ്കിൽ മന്ത്രിസഭയില്ലാതെ ഒരു മാസത്തിലേറെ സംസ്ഥാനം ഭരിച്ച റെക്കോഡും ചന്ദ്രശേഖർ റാവുവിനായിരിക്കും.
കെ.സി.ആറിനൊപ്പം ആഭ്യന്തരമന്ത്രി മഹമൂദ് അലി മാത്രമാണ് സത്യപ്രതിജ്ഞചെയ്തത്. മന്ത്രിസഭ ഇല്ലെങ്കിലും എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരുടെയും മറ്റ് ഓഫീസർമാരുടെയും യോഗം വിളിച്ചുചേർത്ത് മുഖ്യമന്ത്രി ഭരണം നടത്തുന്നുണ്ട്.