അബുദാബി: ഏറ്റവും തിരക്കേറിയ സമയമായ രാവിലെ 6.30 മുതൽ ഒമ്പതു വരെ അബുദാബിയിലെ പ്രധാന നിരത്തുകളിൽ ട്രക്കുകളും ലേബർ ബസുകളും മറ്റും മാറിനിൽക്കണമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ്. സ്‌കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അമ്പതിലധികം യാത്രക്കാർ ഉൾപ്പെടുന്ന വാഹനങ്ങളും ട്രക്കുകളും തിരക്കേറിയ സമയത്ത് ഇന്റണൽ റോഡുകളിൽ നിന്ന് ഒഴിവായിരിക്കണമെന്നാണ് പുതിയ ഉത്തരവ്. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഞായറാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും.

അബുദാബി റോഡുകൾ സുരക്ഷിതമാക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വാഹനങ്ങളെ തിരക്കേറിയ സമയത്ത് പ്രധാനനിരത്തുകളിൽ നിന്ന് ഒഴിവാക്കുന്നത്. വിദ്യാർത്ഥികൾക്ക് അനായാസമായി സ്‌കൂളുകളിൽ പ്രവേശിക്കുന്നതിനും വൻ ട്രക്കുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നടപടിയെന്ന് അബുദാബി പൊലീസ് വക്താവ് വെളിപ്പെടുത്തി.

എല്ലാ കമ്പനി ബസ് ഡ്രൈവർമാരും ട്രക്ക് ഡ്രൈവർമാരും പുതിയ ഉത്തരവ് നടപ്പാക്കണമെന്നും ഇന്റേണൽ റോഡുകൾ, ഹൈവേകൾ എന്നിവിടങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകർക്ക് കനത്ത പിഴശിക്ഷയും ഈടാക്കും.