മദീന: തിന്നത് എല്ലിന്റെ ഇടയിൽ കയറിയതിന്റെ സൂക്കേടാണ് ഈ കാണിച്ചു കൂട്ടുന്നതെന്ന് പലരേയും നമ്മൾ കളിയാക്കി പറയാറുണ്ട്. എന്നാൽ തീറ്റ എല്ലിന്റിടയിൽ കയറിയ ഈ അറബി പയ്യൻ കാണച്ചു കൂട്ടിയ കസർത്ത് കണ്ടാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോകും. വണ്ടികൾ ചീറിപായുന്ന തിരക്കേറിയ റോഡിലൂടെ പാഞ്ഞു വരുന്ന ലോറിക്ക് മുന്നിലേക്ക് വെറുതേ ഒരു രസത്തിന് വേണ്ടി എടുത്തു ചാടിയ അറബി യുവാവാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.

സൗദിയിലെ പ്രമുഖ നഗരമായ മദീനയിലാണ് ലോകത്തിന്റെ മുഴുവൻ കണ്ണു തള്ളിച്ച അപൂർവ്വ രക്ഷപ്പെടൽ സംഭവം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കയറി നിന്ന് അറബിക് പാട്ടിനോടൊപ്പം നൃത്തം ചെയ്യുകയാണ് ഒരു അറബി യുവാവ്. പാട്ടിനൊപ്പം കാറിനു മുകളിൽ നിന്നുള്ള തകർപ്പൻ ഡാൻസിനിടെയാണ് സ്പീഡ് ട്രാക്കിലൂടെ ഒരു ലോറി ചീറി പാഞ്ഞു വരുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന തന്നെ ലോഡ് കയറ്റിയ ട്രക്കിന് മുൻപിലേയ്ക്ക് യുവാവ് എടുത്തു ചാടുന്നു. ഇത് അൽപം ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഡ്രൈവർ ട്രക്ക് വെട്ടിക്കുന്നതിനാൽ ദുരന്തം ഒഴിവാകുകയാണ് ചെയ്യുന്നത്.

ട്രക്ക് ഡൈവ്രറുടെ ശ്രദ്ധയൊന്നു പാളിയിരുന്നെങ്കിൽ അറബി പണ്ടേ പടമായേനെ. തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും തന്റെ സാഹസികതയ്ക്ക് ഒടുവിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഇയാൾ. സംഭവം സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ സ്വന്തം ജീവന് പുറമേ മറ്റുള്ളവരുടെ ജീവൻ കൂടി വെച്ച് പന്താടിയ സാഹിസികനെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കൂടെയുള്ള സുഹൃത്തിനോട് മൊബൈൽ ഫോണിൽ തന്റെ സാഹസികത പകർത്താൻ ആവശ്യപ്പെട്ട ശേഷമായിരുന്നു യുവാവിന്റെ ലോറിക്കു മുന്നിലുള്ള തകർപ്പൻ പെർഫോർമൻസ്.

വീഡിയോ ഫൂട്ടേജിൽ പാട്ടിന് അനുസരിച്ച് കാറിന് മുകളിൽ നിന്നും ഡാൻസ് ചെയ്യുകയാണ് അറബി പയ്യൻ. ലോറി പാഞ്ഞ് അടുക്കുമ്പോൾ കാറിന് മുകളിൽ നിന്നും ലോറിയുടെ മുന്നിലേക്ക് ചാടുന്നതും കാണാം. ഡ്രൈവർ ലോറിയുടെ ഹോൺമുഴക്കിയും മറ്റും ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടു കൈകളും മേളിലേക്ക് ഉയർത്തി ഇയാൾ ലോറിക്ക് മുന്നിൽ നിൽക്കുന്നു. ഒരു നിമിഷം അയാൾ മരിച്ചു എന്ന് കരുതി ആരും കണ്ണടച്ച് പോകും. എന്നാൽ തലനാരിഴയ്ക്ക് ലോറി ഡ്രൈവറുടെ മനസാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ഇയാൾ രക്ഷപ്പെടുന്നു.

വീഡിയോ യുവാവ് തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് പിന്നീട് വൈറലായി. യുവാവിനെ ശിക്ഷിക്കണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും കമന്റ്. കൂടാതെ യുവാവിനെ പലരും പരസ്യമായി ചീത്ത പറയുന്നുമുണ്ട്. മറ്റുള്ളവരുടെയും സ്വന്തവും ജീവൻ അപടകത്തിലാക്കുന്ന ഈ നടപടി അത്യന്തം ഗുരുതര തെറ്റാണെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സൗദി അറേബ്യൻ നഗരമായ മദീനയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ഈ വിഡ്ഢി കുശ്മാണ്ഡത്തെ അറസ്റ്റ് ചെയ്ത പൊലീസ് മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിനതിനാണ് കേസ് എടുത്തിരിക്കുന്നത്്. വീഡിയോ വൈറലായതാണ് പൊലീസിന് ആളെ പിടികൂടാൻ സഹായകമായതെന്ന്‌ജെനനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പറുന്നു.