വാഷിങ്ടൺ ഡിസി: റിപ്പബ്ലിക്കൻ പാർട്ടിയിൽ മാത്രമല്ല, അമേരിക്കൻ ജനതയിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവരെ അതിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി വാക്സിൻ സ്വീകരിക്കാൻ ഉപദേശിക്കണമെന്നു ഡോ. ആന്റണി ഫൗസി ആവശ്യപ്പെട്ടു.

റിപ്പബ്ലിക്കൻ പാർട്ടിയിലെ നല്ലൊരു ശതമാനം വാക്സിൻ സ്വീകരിക്കാത്തത് അവരുടേയും, പൊതുജനങ്ങളുടേയും, അമേരിക്കയുടെ തന്നെ ആരോഗ്യാവസ്ഥയെ സാരമായി ബാധിക്കുമെന്നതിനാലാണ് ട്രംപിന്റെ ഇടപെടൽ ഈ വിഷയത്തിൽ ഫൗസി അഭ്യർത്ഥിച്ചത്.

മാർച്ച് 14 ഞായറാഴ്ച ഫൗസി തന്റെ അഭിപ്രായം പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചത് ഫോക്സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ്. വൈറ്റ് ഹൗസ് വിടുന്നതിനു മുമ്പ് ജനുവരിയിലാണ് ട്രംപ് വാക്സിനേഷൻ സ്വീകരിച്ചത്. എന്നാൽ ഈ വിവരം കാമറയ്ക്കുമുന്നിൽ പറയുന്നതിന് ട്രംപ് ശ്രമിച്ചില്ല. മുൻ പ്രസിഡന്റുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ എന്നിവർ തങ്ങൾ വാക്സിൻ സ്വീകരിച്ച വിവരം പരസ്യമായി അറിയിച്ചിരുന്നു.

ഈയിടെ നടത്തിയ വാക്സിനെക്കുറിച്ചുള്ള അഭിപ്രായ സർവെയിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ, കറുത്ത വർഗക്കാർ എന്നിവർ വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും എടുത്തുമാറ്റേണ്ട സമയമായിട്ടില്ലെന്നും, വീണ്ടും വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഡോ. ഫൗസി മുന്നറിയിപ്പ് നൽകി.