ദിവസം മുഴുവനും രഹസ്യപ്പൊലീസിന്റെ കാവൽ. എവിടെപ്പോയാലും അമിതമായ വാർത്താപ്രാധാന്യം. ഓരോ ദിവസം കഴിയുംതോറും ജീവിതത്തിൽ നഷ്ടപ്പെട്ടുപോകുന്നത് ആഗ്രഹിച്ചിരുന്ന പലതും...ഡൊണാൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്റ് പണി മടുത്തു. തന്റെ പഴയ ജീവിതമായിരുന്നു നല്ലതെന്ന് തുറന്നുപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നു.

അധികാരത്തിലേറി നൂറു ദിവസങ്ങൾ പിന്നിടാറാകുമ്പോൾത്തന്നെ പ്രസിഡന്റ് പദവി മടുത്തുവെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. പഴയ ജീവിതത്തെയാണ് താനിപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് പറയുന്നു. അതിലുണ്ടായിരുന്ന പലതും ഇപ്പോൾ നഷ്ടമാകുന്നു. അതിസുന്ദരികളുമൊത്ത് ഹോട്ടലുകളിൽ താമസിക്കുന്നതിൽ ഹരം കണ്ടെത്തിയിരുന്നയാളാണ് ട്രംപ്. മോസ്‌കോയിലെ ഹോട്ടലിൽ ട്രംപും സുന്ദരികളുമൊത്ത് ചെലവിട്ടതിന്റെ വീഡിയോ ദൃശ്യങ്ങൾ റഷ്യൻ അധികൃതർ പകർത്തിയതായും ആരോപണമുണ്ട്.

തൊട്ടതെല്ലാം പിഴച്ചതാണ് ട്രംപിന് പ്രസിഡന്റ് പണി മടുക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹെൽത്ത് കെയർ നിയമം പരാജയപ്പെട്ടതും യാത്രാവിലക്കിനെ കോടതി പരാജയപ്പെടുത്തിയതും ട്രംപിനെ നിരാശപ്പെടുത്തി. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സഖ്യകക്ഷികൾക്ക് ട്രംപിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു. ഉത്തരകൊറിയയുമായുള്ള യുദ്ധം പടിവാതിൽക്കലെത്തിയതും ട്രംപിനെ അസ്വസ്ഥനാക്കുന്നു.

കോടീശ്വരനായ ബിസിനസുകാരനായിരുന്നതിനാൽ, പ്രസിഡന്റാവുന്നതിനുമുമ്പുതന്നെ തനിക്ക് സ്വകാര്യത കുറവായിരുന്നുവെന്ന് ട്രംപ് പറയുന്നു. എന്നാലിപ്പോൾ, സ്വകാര്യത തീർത്തും ഇല്ലാതായി. 24 മണിക്കൂറും കാവൽനിൽക്കുന്ന സീക്രട്ട് സർവീസ് ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ട്. എവിടെയും പോകാനാവാത്ത നിലയിലാണ് ഈ സുരക്ഷാപടച്ചട്ടയെന്ന് ട്രംപ് പറയുന്നു. ചെറിയ കൂട്ടിനുള്ളിൽ ജീവിക്കുന്ന അവസ്ഥയാണതെന്നും ട്രംപ് പറയുന്നു.

ഡ്രൈവിങ് ആസ്വദിച്ചിരുന്ന തനിക്ക് ഇനിയത് സാധിക്കില്ലെന്ന തിരിച്ചറിവും ട്രംപിനെ നിരാശനാക്കുന്നു. പ്രസിഡന്റ് വൈറ്റ് ഹൗസിൽനിന്നിറങ്ങുമ്പോൾ, സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര. ഔദ്യോഗികവാഹനത്തിന്റെ പിൻസീറ്റിലേ പ്രസിഡന്റിന് ഇരിക്കാനാവൂ. തന്റെ ജീവിതത്തിൽ താൻ ആസ്വദിച്ചിരുന്ന പലതും പ്രസിഡന്റ് പദത്തിലെത്തിയോടെ ഉപേക്ഷിക്കേണ്ടിവന്നത് ട്രംപിനെ കൂടുതൽ നിരാശനാക്കുന്നു.