മ്പത് ദിവസത്തെ വിദേശ പര്യടനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ നിന്നും പറന്നു. ഇതിനിടെ അദ്ദേഹം മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമുള്ള വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഈ നയതന്ത്ര പര്യടനം വളരെ നിർണായകമാണെന്നാണ് സൂചന. മുസ്ലീമെന്ന് കേട്ടാൽ ഹാലിളകുന്ന ട്രംപ് ആദ്യം സന്ദർശിക്കുന്ന വിദേശരാജ്യം ഇസ്ലാമിന്റെ ആസ്ഥാനമായ സൗദി അറേബ്യയാണെന്നതാണ് വിസ്മയകരമായ കാര്യം. ട്രംപും പരിവാരങ്ങളും ഇന്നാണ് സൗദിയിലെത്തുന്നത്. സൗദി രാജാവിനെ കണ്ട് എണ്ണ മുടക്കരുതെന്ന് പറഞ്ഞ ശേഷം ട്രംപ് നേരെ പോകുന്നത് ഇസ്ലാമിന്റെ ബദ്ധ ശത്രുവായ ഇസ്രയേലിലേക്കാണ്. മുസ്ലീങ്ങൾക്കെതിരെ യാത്രാനിരോധനം ഏർപ്പെടുത്തിയിട്ടും നിരവധി ആരോപണങ്ങളാൽ മുസ്ലീങ്ങളെ അടച്ചാക്ഷേപിച്ചിട്ടും ട്രംപിന് നല്ല സ്വീകരണം നൽകുകയാണ്. നട്ടെല്ലില്ലാത്ത ഇസ്ലാമിക രാഷ്ട്രങ്ങൾ ചെയ്യുന്നതെന്ന ആരോപണവും വിവിധ തുറകളിൽ നിന്നും ഈ അവസരത്തിൽ ഉയരുന്നുണ്ട്.

ഈ പര്യടനത്തിനിടെ 15,600 മൈലായിരിക്കും അദ്ദേഹം വിമാനയാത്ര നടത്തുന്നത്. ട്രംപിന്റെ ഭാര്യയും ഫസ്റ്റ്‌ലേഡിയുമായ മെലാനിയ ട്രംപ്, ചീഫ് ഓഫ് സ്റ്റാഫ് പ്രിബസ്, ജാറെദ് കുഷ്‌നെർ, ട്രംപിന്റെ മൂത്ത മകൾ ഇവാൻക, എന്നിവരാണ് ട്രംപിനൊപ്പം ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് (ഇഎസ്ടി) മറൈൻ വൺ വിമാനം കയറിയത്. 15 മിനുറ്റുകൾക്ക് ശേഷം സംഘം മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിലെത്തുകയും എയർഫോഴ്‌സ് വൺ വിമാനത്തിലേക്ക് മാറിക്കയറുകയും ചെയ്തു. തുടർന്ന് 12 മണിക്കൂർ നേരം യാത്ര ചെയ്താണ് സംഘം സൗദിയിലെത്തുക.

എഫ്ബിഐ ഡയക്ടറായ കോമെയെ മുന്നറിയിപ്പില്ലാതെ പിരിച്ച് വിട്ടതടക്കമുള്ള ട്രംപിന്റെ വിവാദ നടപടികളാൽ വൈറ്റ് ഹൗസ് കലുഷിതമായിരിക്കുന്ന അവസ്ഥയിലാണ് ട്രംപ് ആദ്യത്തെ വിദേശപര്യടനത്തിറങ്ങിയിരിക്കുന്നത്. ട്രംപിന് മുമ്പുണ്ടായിരുന്ന നാല് യുഎസ് പ്രസിഡന്റുമാരും തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നത് നോർത്ത് അമേരിക്കയിലേക്കായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ട്രംപ് ആദ്യം മിഡിൽ ഈസ്റ്റിലേക്ക് വച്ച് പിടിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ ഹൃദയഭൂമിയായ സൗദിയിൽ വച്ച് ട്രംപ് ഇസ്ലാമിനെ കുറിച്ച് ഗൗരവപരമായ പ്രഭാഷണം നടത്തുമെന്നാണ് റിപ്പോർട്ട്.

സൗദിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ 50 മുസ്ലിം രാജ്യങ്ങളിലെ തലവന്മാരുമായി ട്രംപ് നിർണായകമായ കൂടിക്കാഴ്ച നടത്തും. തീവ്രവാദത്തിനെതിരെ മുസ്ലിം ലോകത്തെ ഒന്നിപ്പിക്കുകയാണീ കൂടിക്കാഴ്ചയുടെ ലക്ഷ്യം. റിയാദിൽ നടക്കുന്ന ഉച്ചകോടികളിൽ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ 37 രാഷ്ട്രത്തലവന്മാരും ആറ് പ്രധാനമന്ത്രിമാരും പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. സുരക്ഷയ്ക്കും സാമ്പത്തിക മേഖലകളിലെ വിവിധ കരാറുകൾക്കും പുറമെ രാഷ്ട്രീയ സഹകരണത്തിനും ഈ രാജ്യങ്ങൾ യുഎസുമായി ധാരണയാകും. മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഇറാന്റെ നീക്കങ്ങൾക്കെതിരെ ട്രംപ് ശക്തമായി പ്രതികരിക്കുമെന്നും റിപ്പോർട്ടുണ്ട്.

തുടർന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ട്രംപ് ചർച്ചകൾ നടത്തും. വത്തിക്കാനിൽ പോകുമ്പോൾ പോപ്പിനെയും ട്രംപ് കണ്ടേക്കാം. അതിന് മുമ്പ് നാറ്റോ സമ്മിറ്റിൽ വച്ച് ജി7 നേതാക്കന്മാരുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. തന്റെ നിർണായകവും ബൃഹത്തുമായ വിദേശപര്യടനത്തിന് തയ്യാറായെന്നാണ് ഇന്നലെ ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

മെയ് 22നും 23നുമാണ് ട്രംപ് ഇസ്രാൽ സന്ദർശിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം വിശുദ്ധ കേന്ദ്രമായ ജെറുസലേമിലുമെത്തും. മെയ്‌ 23ന് ബെത്‌ലഹേമിലും അദ്ദേഹം പോകും. മെയ്‌ 24നാണ് അദ്ദേഹം വത്തിക്കാനിലെത്തുന്നത്. 24നും 25നും ബ്രസൽസിലും 26നും 27നും ഇറ്റലിയിലും ട്രംപ് പര്യടനം നടത്തും. ബ്രസൽസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് നാറ്റോയുടെ യോഗത്തിലും പങ്കെടുക്കും. നാറ്റോയിലെ അംഗങ്ങൾ നീതിപൂർവകമായ ഓഹരി നൽകുന്നില്ലെന്ന് ആരോപിച്ച് നാറ്റോ പിരിച്ച് വിടണമെന്ന് ട്രംപ് അടുത്ത കാലത്തായിരുന്നു വിവാദ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ നിലപാടുകൾ അൽപം മയപ്പെട്ടിരുന്നു. സിസിലിയിൽ വച്ചാണ് അദ്ദേഹം ജി7ലെ മറ്റ് നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. പാശ്ചാത്യ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണിത്.