നാറ്റോയുടെ ബ്രസൽസ് ഹെഡ് ക്വാർട്ടേസിൽ വച്ച് താനും നാറ്റോയിലെ 27 അംഗരാജ്യങ്ങളിലെ നേതാക്കന്മാരും ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ മുൻനിരയിൽ നിൽക്കുന്നതിനായി ട്രംപ് മോണ്ടിനെഗ്രോയുടെ പ്രധാനമന്ത്രി ഡസ്‌കോ മാർകോവിക്കിനെ തള്ളിമാറ്റുന്ന വീഡിയോ വൈറലായി. ' എന്റെ മുമ്പിൽ നിൽക്കാൻ ആർക്കാണ് ധൈര്യം...?' എന്ന ഭാവത്തിലായിരുന്നു ട്രംപിന്റെ ഈ ധിക്കാരം കലർന്ന പ്രവൃത്തിയെന്നും റിപ്പോർട്ടുണ്ട്. നാറ്റോ സെക്രട്ടറി ജനറലായ ജെൻസ് സ്‌റ്റോൾട്ടൻബർഗിനടുത്ത് മുൻനിരയിൽ തന്റെ സ്ഥാനമുറപ്പിക്കാനായി മറ്റുള്ള നേതാക്കന്മാരെ വകഞ്ഞ് മാറ്റി വരുമ്പോഴായിരുന്നു മാർകോവിക്ക് അദ്ദേഹത്തിന്റെ മുമ്പിൽ പെട്ട് പോയത്. തുടർന്ന് ട്രംപ് തന്റെ കൈ അദ്ദേഹത്തിന്റെ മുകളിൽ വച്ച് തള്ളി മാറ്റുകയായിരുന്നു.

മോണ്ടിനെഗ്രോയ്ക്ക് ഇതു വരെ നാറ്റോയിൽ അംഗത്വം ലഭിച്ചിട്ടില്ല. അംഗത്വം ജൂൺ അഞ്ചിന് മാത്രമെ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയുള്ളൂ. 28 രാജ്യങ്ങളുടെ തലവന്മാർ, മോണ്ടിനെഗ്രോയുടെ പ്രധാനമന്ത്രി, നാറ്റോ സെക്രട്ടറി ജനറലായ ജെൻസ് സ്‌റ്റോൾട്ടൻബർഗ് , ആതിഥേയരാജ്യമയാ ബെൽജിയത്തിന്റെ രാജാവ്, പ്രധാനമന്ത്രി എന്നിവർ അണിനിരന്ന ഫോട്ടോയായിരുന്നു ഇത്. ഈ 31 പേർക്കും ഫോട്ടോയിൽ നേരത്തെ തന്നെ സ്ഥാനം നിർണയിച്ചിരുന്നു. അതനുസരിച്ച് മുൻനിരയിലെ മധ്യമഭാഗത്തായിരുന്നു ട്രപിനും സ്‌റ്റോൾട്ടൻബർഗിനും ബെൽജിയം പ്രധാനമന്ത്രിക്കും രാജാവിനും സ്ഥാനം നൽകിയിരുന്നത്. എന്നിട്ടും ട്രംപ് എന്തിനാണ് അനാവശ്യമായി തിക്കും തിരക്കുമുണ്ടാക്കിയതെന്നാണ് എതിരാളികൾ ചോദിക്കുന്നത്.

ഫോട്ടോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെയ്‌ ട്രംപിന്റെ മറുഭാഗത്തായിരുന്നു നിന്നിരുന്നത്. എന്നാൽ തള്ളിമാറ്റപ്പെട്ട മാർകോവികിന് ഏറ്റവും പുറകിലെ വലത്തേയറ്റത്തായിരുന്നു സ്ഥാനം നൽകിയിരുന്നത്. വർധിച്ച് വരുന്ന ഭീകരവാദത്തെ നേരിടുന്നതിനായി അതിർത്തികൾ സുരക്ഷിതമാക്കണമെന്നായിരുന്നു നാറ്റോ സമ്മിറ്റിൽ സംസാരിക്കവെ മറ്റ് രാഷ്ട്രത്തലവന്മാരോട് ട്രംപ് ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പേർ നമ്മുടെ രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് വരുന്നുവെന്നും അവർ ആരൊക്കെയാണെന്ന് പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നും ഇക്കൂട്ടത്തിൽ ആക്രമണം നടത്താനെത്തുന്ന ഭീകകരരുമുണ്ടാകുമെന്നും അതിനാൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ട്രംപ് മുന്നറിയിപ്പേകി.

 

നാറ്റോ മെമ്പർമാർ സഖ്യത്തിലേക്ക് നീതിപൂർവകമായ തോതിൽ സംഭാവനകൾ നൽകണമെന്ന തന്റെ പതിവ് ഡിമാന്റും ട്രംപ് ഈ യോഗത്തിലും ശക്തമായി ഉന്നയിച്ചിരുന്നു. 28 രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോയിലേക്ക് 23 രാജ്യങ്ങളും സംഭാവന നൽകാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള നടപടി യുഎസിലെ നികുതിദായകരുടെയും ജനത്തിന്റെയും കാഴ്ചപ്പാടിൽ നിന്നും വിലയിരുത്തുമ്പോൾ നീതിപൂർവകമല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. നാറ്റോ മീറ്റിംഗിനെത്തിയ ട്രംപ് ആദ്യമായി ഹസ്തദാനം ചെയ്തത് ഫ്രാൻസിന്റെ പുതിയ പ്രസിഡന്റ് ഇമാനുവേൽ മാക്രോണിനായിരുന്നു. ട്രംപിന്റെ നയങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കാറുള്ള മാക്രോണും ട്രംപും തമ്മിൽ കൈ കൊടുത്ത നിമിഷം വൻ മാധ്യമശ്രദ്ധയായിരുന്നു നേടിയത്. ക്യാമറകൾ ഇത് പകർത്താൻ മത്സരിക്കുകയും ചെയ്തിരുന്നു.ട്രംപിന്റെ നയങ്ങളെ പിന്തുണച്ചിരുന്ന തീവ്രവലത് പക്ഷ സ്ഥാനാർത്ഥിയായ മരിനെ ലി പെന്നിനെ തോൽപ്പിച്ചാണ് മാക്രോൺ 11 ദിവസം മുമ്പ് ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി അധികാരമേറ്റത്.