ടുത്ത മുസ്ലിം വിരുദ്ധനും കുടിയേറ്റ വിരുദ്ധനുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീവ്ര വലതുപക്ഷ വാദികൾ ട്വീറ്റ് ചെയ്ത വീഡിയോ റീട്വീറ്റ് ചെയ്യുമ്പോൾ ട്രംപിനുള്ളിൽ പ്രവർത്തിച്ചതും ഈ വിദ്വേഷം തന്നെ. ക്രച്ചസിലിരിക്കുന്ന കുട്ടിയെ മർദിക്കുന്നയാളുടെ വീഡിയോയാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. എന്നാൽ, ഇയാൾ മുസ്ലീമോ കുടിയേറ്റക്കാരനോ അല്ലെന്നും വീഡിയോ വ്യാജമാണെന്നും നെതർലൻഡ്‌സ് പൊലീസ് കണ്ടെത്തിയതോടെ, നാണംകെട്ടത് അമേരിക്കൻ പ്രസിഡന്റും ബ്രിട്ടനിലെ വലതുവംശീയവാദികളുമാണ്.

ആറുമാസം പഴക്കമുള്ളതാണ് വീഡിയോ. ആംസ്റ്റർഡാമിന് പത്ത് മൈൽ അകലെയുള്ള മോണിക്കൻഡാമിലാണ് ഇത് ഷൂട്ട് ചെയ്തതെന്നും പൊലീസ് കണ്ടെത്തി. ക്രച്ചസിലുള്ള കുട്ടിയെ മർദിക്കുന്നയാൾ ഡച്ച് പൗരനാണെന്നും മാണിക്കൻഡാം പൊലീസ് വക്താവ് പറഞ്ഞു. ഇയാൾ മുസ്ലീമോ കുടിയേറ്റക്കാരനോ അല്ലെന്ന് ഡച്ച് ദിനപ്പത്രമായ ഡെ ടെലഗ്രാഫും റിപ്പോർട്ട് ചെയ്തു. ഇതും കന്യാമറിയത്തിന്റെ പ്രതിമ എറിഞ്ഞുടയ്ക്കുന്ന വീഡിയോയും കുട്ടിയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ട് കൊല്ലുന്ന വീഡിയോയുമാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്.

ബ്രിട്ടനിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രിട്ടൻ ഫസ്റ്റിന്റെ ഉപനേതാവ് ജയ്ഡ ഫ്രാൻസെൻ ട്വീറ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. കന്യാമറിയത്തിന്റെ പ്രതിമ എറിഞ്ഞുടയ്ക്കുന്ന വീഡിയോയും കുട്ടിയെ തള്ളിവീഴ്‌ത്തുന്ന വീഡിയോയും ഫ്രൻസൻ ട്വീറ്റ് ചെയ്തത് അടുത്തിടെയാണെങ്കിലും ഇവയ്ക്ക് അഞ്ചുവർഷത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കന്യാമറിയത്തിന്റെ പ്രതിമ നശിപ്പിക്കുന്ന വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത് 2012-ലാണ്. അൽഖ്വെയ്ദ ബാനറുകളുയർത്തിയ സംഘം കുട്ടിയെ കെട്ടിടത്തിൽനിന്ന് തള്ളിയിട്ടുകൊല്ലുന്ന വീഡിയോയും അതേ വർഷമാണ് പുറത്തുവന്നത്.

ട്രംപ് റീട്വീറ്റ് ചെയ്ത വീഡിയോകൾ വ്യാജമാണോ എന്നതല്ല പ്രധാനമായും ചർച്ചചെയ്യപ്പെടേണ്ട വിഷയമെന്നതാണ് വൈറ്റ്ഹൗസിന്റെ നിലപാട്. വീഡിയോകളുടെ ആധികാരികതയല്ല, മറിച്ച് അതുയർത്തുന്ന ഭീഷണിയാണ് പ്രധാനമെന്ന് ട്രംപിന്റെ പ്രസ് സെക്രട്ടറി സാറ ഹുക്കബീ സാൻഡേഴ്‌സ് പറഞ്ഞു. ആ ഭീഷണിയെക്കുറിച്ചാണ് ട്രംപ് ട്വീറ്റുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. അതിനെ നേരിടുന്നതിനുള്ള നടപടികളാണ് പ്രസിഡന്റ് ആലോചിക്കുന്നതെന്നും സാറ വ്യക്തമാക്കി.

ഫ്രാൻസൻ ട്വീറ്റ് ചെയ്ത വീഡിയോകളൊന്നും തന്നെ പൊലീസ് ഇതുവരെ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയിട്ടില്ല. ബ്രിട്ടന്റെ ഇസ്ലാമികവത്കരണത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് ഫ്രാൻസന്റെ ബ്രി്ട്ടൻ ഫസ്റ്റ്. വിദ്വേഷപ്രചാരണത്തിന്റെ പേരിൽ ഫ്രാൻസൻ ഇപ്പോൾ ജയിലിലാണ്.

ട്രംപിന്റെ പോസ്റ്റുകൾ ബ്രി്ട്ടനിൽ കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്. അടുത്തവർഷം ട്രംപ് ബ്രിട്ടൻ സന്ദർശിക്കാനിരിക്കെ അതനുവദിക്കരുതെന്ന ആവശ്യവുമായി ഒട്ടേറെ എംപിമാർ രംഗത്തെത്തി. ട്രംപിനുള്ള ക്ഷണം പിൻവലിക്കണമെന്ന് അവർ പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോഴത്തെ വിവാദങ്ങളുമായി ട്രംപിന്റെ സന്ദർശനത്തെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും സന്ദർശനം മുൻനിശ്ചയിച്ചപ്രകാരം തുടരുമെന്നും തെരേസ മെയ്‌ വ്യക്തമാക്കി.