റുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘർഷം മൂർഛിക്കുന്നു. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജറുസലേമിലും പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. ഗസ്സയിൽ പ്രതിഷേധക്കാരും ഇസ്രയേൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 30-കാരമായ യുവാവ് സേനയുടെ വെടിയേറ്റും 54-കാരനായ മഹേർ അത്തള്ളാ സൈന്യവുമായുള്ള ഏറ്റുമുട്ടലിലുമാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മുസ്ലീങ്ങളുടെയും യഹൂദരുടെയും ക്രൈസ്തവരുടെയും പുണ്യഭൂമിയായ ജറുസലേമിനെ ഏകപക്ഷീയമായി ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ടെൽ അവീവിൽനിന്ന് ഇവിടേക്ക് അമേരിക്കൻ എംബസി മാറ്റാൻ തീരുമാനിക്കുകയും ചെയ്ത ഡൊണാൾഡ് ട്രപിന്റെ തീരുമാനം മുസ്ലിം ലോകത്തുണ്ടാക്കിയ അശാന്തി ഓരോ ദിവസവും ശക്തിപ്രാപിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ പ്രതിഷേധ പ്രകടനങ്ങളും ശക്തിപ്രാപിക്കുന്നുണ്ട്. ട്രംപിന്റെ കോലം കത്തിച്ചും അമേരിക്കൻ പതാക കത്തിച്ചും പ്രതിഷേധക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുന്നു.

ഗസ്സസയിൽനിന്ന് ഇസ്രയേൽ സൈനിക കേന്ദ്രത്തിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായതായി സേനാവൃത്തങ്ങൾ അറിയിച്ചു. റോക്കറ്റിന് അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് നേരിട്ടുവെന്നും സൈന അറിയിച്ചു. ഇതിന് പകരമായി ഗസ്സയിലേക്ക് ഇസ്രയേൽ വ്യോമസേന പ്രത്യാക്രമണം നടത്തി. ഗസ്സ മുനമ്പിലെ ഹമാസിന്റെ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം. ഇതിന് തൊട്ടുപിന്നാലെ ഇസ്രയേൽ നഗരമായ എസ്‌ഡെറോട്ടിൽ റോക്കറ്റ് പതിച്ച് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. വ്യോമാക്രമണത്തിൽ 15 പേർക്കെങ്കിലും പരിക്കേറ്റതായി ഫലസ്തീൻ അധികൃതർ അറിയിച്ചു.

ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഇസ്ലാമിക രാജ്യങ്ങളിലും എതിർപ്പും പ്രതിഷേധവും ശക്തമാകുന്നതിനിടെ, ട്രംപ് അമേരിക്കയിൽ തന്റെ പ്രഖ്യാപനം ആഘോഷിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ആഘോഷമെന്നോണം, വൈറ്റ് ഹൗസിൽ ഹാനുക്ക ആഘോഷം സംഘടിപ്പിക്കുകയാണ് ട്രംപ് ചെയ്തത്. മകൾ ഇവാൻകയും മകളുടെ ഭർത്താവ് യാരെദ് കുഷ്‌നെറും അവരുടെ മൂന്ന് കുട്ടികളും ആഘോഷത്തിൽ പങ്കെടുത്തു.

വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിലേക്ക് ട്രംപ് എത്തിയ ഉടൻ യാരെദ് കുഷ്‌നറുടെ നേതൃത്വത്തിൽ അമേരിക്കയിലെ യഹൂദ സമൂഹം സ്വീകരണം ഏർപ്പെടുത്തിയിരുന്നു. ഇവിടെയുള്ള ഒട്ടേറെ പേർക്ക് തന്റെ പ്രഖ്യാപനം സന്തോഷം പകർന്നുവെന്നറിഞ്ഞതിൽ താൻ ആഹ്ലാദിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. തന്റെ തീരുമാനത്തിന്റെ പേരിൽ മറ്റു രാജ്യങ്ങളിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ടെങ്കിലും, തീരുമാനം ശരിയായിരുന്നുവെന്നുതന്നെ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.

യഹൂദ ആഘോഷമായ ഹാനുക്ക ആരംഭിക്കാൻ അഞ്ചുദിവസം ശേഷിക്കുന്നുണ്ടെങ്കിലും വൈറ്റ് ഹൗസിൽ ട്രംപ് അതാഘോഷിച്ചത് ജറുസലേം പ്രഖ്യാപനം ആഘോഷിക്കാനാണെന്നത് വ്യക്തമാണ്. മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമയും ബിൽ ക്ലിന്റണുമടക്കമുള്ളവർ ജറുസലേം പ്രഖ്യാപനത്തെ ചോദ്യം ചെയ്തതിനെയും ലാഘവത്തോടെയാണ് ട്രംപ് കാണുന്നത്. താൻ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു. മറ്റുള്ളവർ അത് ചെയ്തില്ല എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.