വാഷിങ്ടൺ: ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിന്റെ ഭീഷണി പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ ഭിന്നത അണുവായുധ യുദ്ധത്തിലേക്ക് പോകുമെന്ന ആശങ്ക ശക്തമാവുകയാണ്.

ആണവായുധ ബട്ടൺ തന്റേ മേശയിലാണെന്ന് ഓർക്കണമെന്ന കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ' എന്റെ കയ്യിലുള്ള ആണവായുധ ബട്ടൺ ഉത്തര കൊറിയയുടേതിനാക്കാൾ വലതും കൂടുതൽ ശക്തവുമാണ്.' എന്നാണ് ട്രംപിന്റെ മറുപടി. കിം ജോങ് ഉന്നിന്റെ പ്രസ്താവനയ്ക്ക് ട്വിറ്ററിലാണ് ട്രംപ് മറുപടി പറഞ്ഞത്. ഇതോടെ ഇരു രാജ്യങ്ങളുടെ തമ്മിലെ യുദ്ധം ആസന്നമായെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

'ആണവായുധ ബട്ടൺ എപ്പോഴും തന്റെ മേശയ്ക്കകത്താണെന്നാണ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞത്. എന്റെ കയ്യിലും ആണവായുധ ബട്ടൺ ഉണ്ടെന്നും എന്നാൽ അത് അയാളുടെ കയ്യിലുള്ളതിനേക്കാൾ കൂടുതൽ വലുതും കൂടുതൽ ശക്തവുമാണെന്നും അദ്ദേഹത്തിന്റെ പ്രസക്തിയില്ലാത്ത പട്ടിണിരാജ്യത്തെ ആരെങ്കിലും ഒന്ന് അദ്ദേത്തിന് പറഞ്ഞു കൊടുക്കൂ. മാത്രവുമല്ല എന്റെ കയ്യിലുള്ള ബട്ടൺ പ്രവർത്തിക്കുന്നതാണെന്നും.' ട്രംപ് ട്വീറ്റ് ചെയ്തു.

പുതുവർഷ ആശംസാ പ്രസംഗത്തിനിടെയാണ് തങ്ങളുടെ ആണവശേഷി ഉയർത്തിക്കാട്ടി കിം ജോങ് ഉൻ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കിയത്. ആണവ ശക്തി കൈവരിച്ചതിലൂടെ രാജ്യം ചരിത്രപരമായ ചുവടുവെപ്പാണ് നടത്തിയത്. ആണവായുധങ്ങളുടെ ബട്ടൻ എന്റെ മേശയിലാണുള്ളതെന്ന കാര്യം യു.എസ് മനസ്സിലാക്കണമെന്നും കിം പറഞ്ഞു. ഇതിനെ അതേ നാണയത്തിൽ പ്രതിരോധിക്കുകയാണ് അമേരിക്ക. ഉത്തര കൊറിയയ്‌ക്കെതിരെ അമേരിക്ക സൈനിക നീക്കം എപ്പോൾ വേണമെങ്കിലും തുടങ്ങുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ഇതിനെ ഭയക്കാതെയാണ് ഉത്തര കൊറിയയുടെ പരമാധികാരിയും ഭീഷണികളുമായെത്തുന്നത്. അമേരിക്കയെ പ്രകോപിപ്പിക്കാൻ മിസൈൽ പരീക്ഷണവും നടത്തുന്നു. ചൈനയുടെ പിന്തുണയാണ് ഉത്തരകൊറിയയുടെ കരുത്ത്. അതുകൊണ്ട് തന്നെ അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ യുദ്ധമുണ്ടായാൽ അത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തൽ.