മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നും വിവാദങ്ങളുടെ തോഴനാണ്. അവയ്ക്ക് എരിവ് പകരുന്നതിനായി ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതത്തിലെ അധികമാരുമറിയാത്ത യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു. മൈക്കൽ വോൾഫ് എഴുതിയിരിക്കുന്ന ഈ പുസ്തകത്തിന്റെ പേര് ' ഫയർ ആൻഡ് ഫുറി; ഇൻസൈഡ് ദി ട്രംപ് വൈറ്റ് ഹൗസ്' എന്നാണ്. ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ നിരാശയായി പൊട്ടിക്കരഞ്ഞിരുന്നുവെന്നും ഇരുവരും അന്തിയുറങ്ങിയത് രണ്ട് ബെഡ്റൂമുകളിലാണെന്നും മെലാനിയ വരാതിരിക്കാനായി ട്രംപ് മുറി പൂട്ടിയാണ് ഉറങ്ങാറുള്ളതെന്നും തുടങ്ങിയ നിരവധി വിവാദ വസ്തുതകൾ വെളിപ്പെടുത്തുന്ന പുസ്തകമാണിത്.

ട്രംപ് ദേശസ്നേഹം കൊണ്ടോ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടോ അല്ല പ്രസിഡന്റായതെന്നും മറിച്ച് കേവലം പ്രശസ്തിക്ക് വേണ്ടി മത്സരിച്ച് അമേരിക്കൻ പ്രസിഡന്റായിപ്പോവുകയായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ട്രംപിന്റെ അധികമാരും അറിയാത്ത വ്യക്തിജീവിതം തുറന്നെുതിയ ഈ പുസ്തകം ഇപ്പോൾ വിൽപനയ്ക്കെത്തിയിരിക്കുകയാണ്. ട്രംപ് തെരഞ്ഞെടുപ്പിൽ തോറ്റിരുന്നുവെങ്കിൽ പോലും അദ്ദേഹം പ്രശസ്തനാവുമായിരുന്നുവെന്നും അത് മാത്രമായിരുന്നു തെരഞ്ഞെടുപ്പിനിറങ്ങിയ ട്രംപിന്റെ ലക്ഷ്യമെന്നും വോൾഫ് തുറന്നെഴുതിയിരിക്കുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് തന്നെ ട്രംപിന്റെ പുത്രി ഇവാൻകയും ഭർത്താവ് ജാറെദ്കുഷ്നറും അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായിരുന്നുവെന്നും അത് തന്നെയായിരുന്നു തെരഞ്ഞെടുപ്പിനിറങ്ങിയതിലൂടെ ട്രംപ് ലക്ഷ്യമിട്ടിരുന്നതെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. താൻ ഒരിക്കലും പ്രസിഡന്റാകില്ലെന്ന് ട്രംപ് ഭാര്യ മെലാനിയക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നുവത്രെ. അതിനാലാണ് ട്രംപിന്റെ വിജയം അറിഞ്ഞപ്പോൾ അവർ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് പോയിരുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനെ മെലാനിയ നന്നായി പിന്തുണച്ചിരുന്നുവെന്നും കാരണം അദ്ദേഹം ഒരിക്കലും ജയിക്കില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നുവെന്നുമാണ് മെലാനിയയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ സ്റ്റെഫാവി ഗ്രിഷാം ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

മുൻ പ്രസിഡന്റ് ജോൺ കെന്നഡിയും ഭാര്യ ജാക്കിയും വെവ്വേറെ കിടപ്പുമുറികളിൽ ഉറങ്ങിയത് പോലെയാണ് ഇപ്പോൾ ട്രംപും മെലാനിയയും കഴിയുന്നതെന്നും ഈ പുസ്തകം ഉറപ്പിച്ച് പറയുന്നു. മുൻ വൈറ്റ് ഹൗസ് സ്ട്രാറ്റജിക് ആയ സ്റ്റീവ് ബാനൻ ആണ് ഈ പുസ്തകത്തിലെ വിവരങ്ങളുടെ ഒരു പ്രധാന ഉറവിടമായി വർത്തിച്ചിരിക്കുന്നത്. ട്രംപ് റഷ്യക്കാരുമായി കൂടിക്കാഴ്ച നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നും ബാനൻ സൂചനയേകിയിട്ടുണ്ട്. എന്നാൽ പുസ്തകത്തിൽ തികച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് കുത്തി നിറച്ചിരിക്കുന്നതെന്നും വൈറ്റ് ഹൗസുമായി യാതൊരു വിധത്തിലും ബന്ധമോ സ്വാധീനമോ ഇല്ലാത്ത വ്യക്തികളിൽ നിന്നുമാണ് ഇതിലേക്കായി വിവരങ്ങൾ ശേഖരിച്ചിരിക്കുന്നതെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കാബീ സാൻഡേർസ് ആരോപിച്ചിരിക്കുന്നത്.