ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് ഇന്ത്യൻ ഭാഷയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. അഫ്ഗിനിസ്താനിൽ അമേരിക്കയ്ക്ക് ഏൽക്കേണ്ടി വന്ന പരാജയത്തിന് പാക്കിസ്ഥാനെ ബലിയാടാക്കുകയാണ് ട്രംപെന്നും പാക്കിസ്ഥാൻ ആരോപിച്ചു.

വസ്തുതകൾക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് ചേർന്ന പാർലമെന്ററി കമ്മറ്റിക്ക് ശേഷമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. പാക്കിസ്ഥാന് ദോഷം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ എല്ലാ സമയവും അമേരിക്കയുമായി സംസാരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്റെ അന്തസ്സ് നിലനിർത്തിമാത്രമെ യു.എസുമായുള്ള ബന്ധത്തിനുള്ളൂവെന്ന് പാക്കിസ്ഥാൻ അസ്സംബ്ലി സ്പീക്കർ അയാസ് സാദിഖ് പറഞ്ഞു. അയാസ് സാദിഖിന്റെ നേതൃത്വത്തിലാണ് പാർലമെന്ററി കമ്മറ്റി ചേർന്നത്.