മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധത ഇതിനകം പലവട്ടം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പരസ്യമായി വംശീയ വിദ്വേഷം തുളുമ്പുന്ന ഭാഷയിൽ സംസാരിക്കുന്നതിന് മടികാണിക്കാത്ത ട്രംപ്, കോൺഗ്രസ്സംഗങ്ങൾക്കായി വിളിച്ചുചേർത്ത യോഗത്തിൽ സംസ്‌കാരശൂന്യമായ ഭാഷയിലാണ് ട്രംപ് മൂന്നാം ലോകത്തുനിന്നുള്ള കുടിയേറ്റക്കാരെ വിശേഷിപ്പിച്ചത്. ഇത്തരം ആളുകളുടെ ഭാരമെല്ലാം അമേരിക്ക എന്തിന് പേറണമെന്നും ട്രംപ് ചോദിച്ചു.

മൂന്നാം ലോക രാജ്യങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നവർ അമേരിക്കയിലേക്ക് കുടിയേറുന്നതിനെയാണ് ട്രംപ് ചോദ്യം ചെയ്തത്. എന്തിനാണ് ഇത്തരം 'ഷിറ്റ്‌ഹോൾ കൺട്രീസി'ൽ നിന്നുള്ളവർ അമേരിക്കയിലേക്ക് വരുന്നത്? ഹെയ്ത്തിയിൽനിന്നും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവരെയാണ് ട്രംപ് പ്രധാനമായും സൂചിപ്പിച്ചത്. എന്തിനാണ് അമേരിക്കയിൽ ഇത്രയും ഹെയ്ത്തിക്കാർ. എല്ലാറ്റിനെയും പുറത്താക്കണമെന്നും ട്രംപ് പറഞ്ഞു.

നോർവേ പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് അമേരിക്കയിലേക്ക് സ്വാഗതം ചെയ്യേണ്ടതെന്ന് ട്രംപ് പറഞ്ഞു. നാറ്റോ അംഗവും അമേരിക്കയുടെ സഖ്യരാജ്യവുമായ നോർവേയുടെ പ്രധാനമന്ത്രിയുമായി ട്രംപ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഓവൽ ഓഫീസിൽ കോൺഗ്രസ് അംഗങ്ങളുമായി നടന്ന ചർച്ചയിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ.

എൽസാൽവദോറിൽനിന്നും ഹെയ്ത്തിയിൽനിന്നുമുള്ള കുടിയേറ്റക്കാർക്ക് ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് (ടി.പി.എസ്) നൽകുന്നത് സംബന്ധിച്ച കരാറിനെപ്പറ്റി സംസാരിക്കുന്നതിനായി ഡമോക്രാറ്റിക് സെനറ്ററും മൈനോറിറ്റി വിപ്പുമായ ഡിക്ക് ഡർബിനും മറ്റ് സെനറ്റർമാരുമായി നടന്ന ചർച്ചയിലായിരുന്നു ട്രംപിന്റെ പരാമർശങ്ങൾ. ഈ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ തടയണമെന്നതാണ് ട്രംപിന്റെ നിലപാട്. എന്നാൽ, ടിപിഎസ് കരാറിലൂടെ കൂടുതൽ പേരെ സഹായിക്കണമെന്ന ആവശ്യമാണ് ഡർബിനും കൂട്ടരും മുന്നോട്ടുവെച്ചത്.

വിദേശത്തുനിന്നുള്ളവർക്ക് സൗകര്യങ്ങളൊരുക്കാനാണ് അമേരിക്കയിലെ സെനറ്റർമാരിൽ പലരും ശ്രമിക്കുന്നതെന്ന് ട്രംപിന്റെ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ കുറ്റപ്പെടുത്തി. എന്നാൽ, ട്രംപ് എല്ലായ്‌പ്പോഴും അമേരിക്കൻ ജനതയ്ക്കുവേണ്ടിയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥയെ തളർത്താത്ത തരത്തിലുള്ള കുടിയേറ്റത്തെ മാത്രമേ പ്രസിഡന്റ് അംഗീകരിക്കൂവെന്ന് അദ്ദേഹം പലകുറി വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിസ ലോട്ടറി സിസ്റ്റവും ചെയിൻ മൈഗ്രേഷനും സമ്പദ് വ്യവസ്ഥയെ തളർത്താനും രാജ്യത്തേക്ക് തീവ്രവാദികൾ കടന്നുകയറാനും മാത്രമേ ഉപകരിക്കൂവെന്നും ട്രംപ് വിശ്വസിക്കുന്നതായും രാജ് ഷാ പറഞ്ഞു. 

അമേരിക്കൻ സമൂഹത്തിനും ജനങ്ങൾക്കും സംഭാവന നൽകാൻ കഴിയുന്നവരെ സ്വാഗതം ചെയ്യുകയെന്നതാണ് ട്രംപിന്റെ നിലപാടെന്നും ഡപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു. നല്ല ജീവിതം സ്വപ്‌നം കണ്ട് അമേരിക്കയിലെത്തുകയും ഇവിടുത്തെ സമ്പത്ത് നശിപ്പിക്കുകയും ചെയ്യുന്നവരുടെ വരവിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കുടിയേറ്റക്കാരെ വിശേഷിപ്പിക്കാൻ ട്രംപ് പ്രയോഗിച്ച പദങ്ങൾ പ്രമുഖ പാർട്ടികളെ സെനറ്റർമാരെയെല്ലാം ഞെട്ടിപ്പിച്ചുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.