മൂന്നാം ലോകരാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ഉദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അസഭ്യ പരാമർശം ലോകത്തെ മുഴുവൻ ഞെട്ടിച്ചത് ഇന്നലെയാണ്. കടുത്ത വംശീയ വിദ്വേഷം തുളുമ്പുന്ന ഭാഷയിലായിരുന്നു ട്രംപിന്റെ പരാമർശം. 'ഈ ഷിറ്റ്‌ഹോൾ രാജ്യങ്ങളിൽനിന്നുള്ളവർ എന്തിന് അമേരിക്കയിലേക്ക് വരുന്നു' എന്ന ചോദ്യം ട്രംപുയർത്തിയത് കോൺഗ്രസംഗങ്ങൾ ഉൾപ്പെട്ട ഒരു സമിതിക്ക് മുമ്പാകെയായിരുന്നു. ഹെയ്ത്തിയിൽനിന്നും എൽസാൽവഡോറിൽനിന്നുമുള്ള കുടിയേറ്റക്കാരെ ഉദ്ദേശിച്ചായിരുന്നു പ്രയോഗമെങ്കിലും അത് മൂന്നാം ലോകരാജ്യങ്ങൾക്കാകെ വലിയ അവമതിപ്പാണുണ്ടാക്കിയത്.

വായിൽനിന്നുവീണുപോയ പ്രയോഗം അബദ്ധമായെന്ന് തിരിച്ചറിയാൻ ട്രംപിന് അധികനേരമൊന്നും വേണ്ടിവന്നില്ല. വൈറ്റ് ഹൗസിൽ മാർട്ടിൻ ലൂതർ കിങ് ജൂനിയർ ദിനാചരണച്ചടങ്ങിനെത്തിയ ട്രംപിന്, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ അവിടെനിന്ന് തിടുക്കത്തിൽ പോകേണ്ടിവന്നു. ഏഷ്യൻ-ആഫ്രിക്കൻ വംശജരായ മാധ്യമപ്രവർത്തകരാണ് അമേരിക്കൻ പ്രസിഡന്റിനെ ചോദ്യങ്ങൾകൊണ്ട് വീർപ്പുമുട്ടിച്ചത്.

ഇന്നലത്തെ പരാമർശത്തിന് താങ്കൾ മാപ്പുപറയുമോ എന്നായിരുന്നു അമേരിക്കൻ അർബൻ റേഡിയോ നെറ്റ്‌വർക്കിന്റെ വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് ഏപ്രിൽ റയാന്റെ ചോദ്യം. നിങ്ങളൊരു വർണവെറിയനാണോയെന്നും അവർ എടുത്തുചോദിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയ ട്രംപ്, അവിടെക്കൂടിയിരുന്ന അതിഥികളോട് ഗുഡ്‌ബൈ പറഞ്ഞ് അതിവേഗം തന്റെ ഓഫീസിലേക്ക് മടങ്ങുകയായിരുന്നു.

ലോകരാജ്യങ്ങളെല്ലാം ട്രംപിന്റെ വംശീയ വിദ്വേഷം തുളുമ്പുന്ന അസഭ്യപരാമർശത്തോട് മുഖം തിരിച്ചതും അമേരിക്കൻ പ്രസിഡന്റിന് നാണക്കേടായി. ആഫ്രിക്കൻ രാജ്യങ്ങൾ ട്രംപ് വിശേഷിപ്പിച്ചതുപോലെ മോശം സ്ഥലങ്ങളാണെന്ന് താൻ കരുതുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ പറഞ്ഞു. സ്വകാര്യ ചടങ്ങിൽ ട്രംപ് നടത്തിയ പരാമർശത്തോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി.

ട്രംപിന്റെ അസഭ്യ പരാമർത്തെ സഭ്യമായ രീതിയിൽ വിമർശനം ചെയ്യാനും ലോകത്തെ പല രാജ്യങ്ങളിലെയും മാധ്യമങ്ങൾ ബുദ്ധിമുട്ടി. വിനയത്തോടെ മാത്രം എഴുതാറുള്ള ജപ്പാനിലെ മാധ്യമങ്ങൾ, 'കക്കൂസുകളെപ്പോലുള്ള രാജ്യങ്ങൾ' എന്നാണ് ഈ പ്രയോഗത്തെ വിശേഷിപിപിച്ചത്. തായ്‌വാനിലെ സിഎൻഎ ന്യൂസ് ഏജൻസിയാകട്ടെ, 'പക്ഷികൾ മുട്ടയിടാത്ത രാജ്യങ്ങളെ'ന്ന വിചിത്രമായ തർജമയും ട്രംപിന്റെ പ്രയോഗത്തിന് നൽകി. അഴുക്കുപിടിച്ച രാജ്യങ്ങൾ, വൃത്തികെട്ട രാജ്യങ്ങൾ എന്നൊക്കെയാണ് വിയറ്റ്‌നാം മാധ്യമങ്ങൾ വിശേഷിപ്പിച്ചതെങ്കിൽ, തെണ്ടികളുടെ രാജ്യങ്ങളെന്ന ഭേദപ്പെട്ട തർജമയാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ നൽകിയത്.

ട്രംപിന്റെ പരാമർശത്തെ അവജ്ഞയോടെയാണ് അമേരിക്കൻ മാധ്യമങ്ങളും വിലയിരുത്തിയത്. ട്രംപ് ഒരു വംശീയ വിരോധിയാണെന്ന് ഡെയ്‌ലി ഷോ അവതാരകൻ ട്രെവർ നോവ പറഞ്ഞു. സി.എൻ.എന്നിന്റെ ഡോൺ ലെമണും ട്രംപിന്റെ പരാമര്ശത്തെ നിശിതമായി വിമർശിച്ചു. ട്രംപ് പരാമർശിച്ചതുപോലുള്ള രാജ്യങ്ങളിൽനിന്നെത്തി ഇവിടെ അടിമ വേലചെയ്തവരാണ് അമേരിക്കയെ സൃഷ്ടിച്ചതെന്ന് ചരിത്രത്തിൽനിന്ന് പഠിക്കണെമന്ന് ലെമൺ പറഞ്ഞു. സെറ്റഫാൻ കോൽബെർട്ട്, ജിമ്മി കിമ്മൽ, ജോർഡൻ കെപ്ലർ തുടങ്ങിയ വാർത്താ അവതാരകരും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തി.