മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ യുകെ സന്ദർശനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അമേരിക്കയും ബ്രിട്ടനും തമ്മിൽ ഉരസൽ നിലനിൽക്കവെ അത് വർധിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളുമായിട്ടാണ് ട്രംപ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തന്റെ സന്ദർശനത്തിന് വേണ്ടത്ര താൽപര്യമെടുക്കാത്ത ബ്രിട്ടനോടുള്ള കലി സാധിക്കുന്ന മാർഗങ്ങളിലൂടെയെല്ലാം തീർക്കാനാണ് യുഎസ് പ്രസിഡന്റ് ഇപ്പോൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ട്രംപ് ബ്രിട്ടനെ ഉൾപ്പെടുത്തി ഇത് സംബന്ധിച്ച മുന്നറിയിപ്പ് യുഎസ് പൗരന്മാർക്കേകിയിരിക്കുകയാണ്. ഇക്കാര്യത്തിൽ സിംബാവേ, അൽജീരിയ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ട്രംപ് ഇപ്പോൾ ബ്രിട്ടനും സ്ഥാനം നൽകിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ലെവൽ 2 രാജ്യങ്ങളുടെ പട്ടികയിലേക്കുയർത്തി ഇന്ത്യയ്ക്ക് അംഗീകാരം നൽകാനും ട്രംപ് മറന്നില്ല. എന്നാൽ പാക്കിസ്ഥാനോടുള്ള ശത്രുത വർധിച്ച ട്രംപ് ഈ രാജ്യത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലാണുൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ മുന്നറിയിപ്പ് അനുസരിച്ച് സുരക്ഷയുടെ കാര്യത്തിൽ പൗരന്മാർക്ക് നിർദേശമേകിക്കൊണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രാജ്യങ്ങലെ നാല് ലെവലുകളിലായാണ് വേർതിരിച്ചിരിക്കുന്നത്. പുതിയ റാങ്കിങ് പ്രകാരം ലെവൽ 1ലുള്ള രാജ്യങ്ങൾ യാത്ര ചെയ്യാൻ വളരെ സുരക്ഷിതമാണെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാരെ അറിയിക്കുന്നു. എന്നാൽ ലെവൽ 2ലുള്ള ബ്രിട്ടനിലേക്ക് യാത്ര ചെയ്യുമ്പോൾ കരുതണമെന്നും അവിടെ ഏത് നിമിഷവും അപകടം സംഭവിക്കാമെന്നും മുന്നറിയിപ്പുണ്ട്.യുകെയിൽ ഭീകാരാക്രമണ ഭീഷണി മൂർധന്യത്തിലെത്തി നിൽക്കുന്നതിനാൽ അവിടേക്ക് സന്ദർശനം നടത്തുമ്പോൾ അത്യധികമായ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പേകുന്നു.

വിവിധ തീവ്രവാദ സംഘടനകൾ ഏത് നിമിഷവും യുകെയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നുവെന്നും യുഎസ് പൗരന്മാർക്ക് താക്കീതേകുന്നു. അത് പോലെ തന്നെ സിംബാവേ സന്ദർശിക്കുന്ന യുഎസ് പൗരന്മാർ ആക്രമണങ്ങൾക്കും കലാപങ്ങൾക്കും വിധേയരാകുന്നതിനുള്ള സാധ്യതേയറെയാണെന്നും മുന്നറിയിപ്പുണ്ട്. ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, ജർമനി എന്നിവയെയും ലെവൽ 2വിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അയർലണ്ട്, പോർട്ടുഗൽ, ഹോളണ്ട്, സ്വിറ്റ്‌സർലണ്ട്, സ്വീഡൻ, നോർവേ, ഓസ്ട്രിയ, പോളണ്ട് എന്നിവയടക്കമുള്ള മിക്ക യൂറോപ്യൻ രാജ്യങ്ങളെയും ഏറ്റവും സുരക്ഷിതമാ ലെവൽ 1ലാണ് യുഎസ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഏറ്റവും അപകടകരമായ ലെവലായ 4ൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇറാൻ, ലിബിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയാണ്. ഇവിടങ്ങളിലേക്ക് ഒരിക്കലും യാത്ര ചെയ്യരുതെന്നാണ് അമേരിക്ക പൗരന്മാരോട് നിർദേശിക്കുന്നത്. എന്നാൽ ഇത്തരത്തിൽ യുകെയെ അപകടകരമായ രാജ്യങ്ങളുടെ ലെവലിൽ ഉൾപ്പെടുത്തിയതിനെതിരെ ഫോറിൻ ഓഫീസ് രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടൻ വിദേശ സന്ദർശകരെ സംബന്ധിച്ചിടത്തോളം സുരക്ഷിതവും ആകർഷകവുമായ ഇടമായി തുടരുന്നുവെന്നാണ് ഫോറിൻ ഓഫീസ് അവകാശപ്പെടുന്നത്.

ഇന്ത്യയിൽ സന്ദർശനം നടത്തുമ്പോൾ അമേരിക്കൻ പൗരന്മാർക്ക് നേരെ കുററകൃത്യങ്ങളും ഭീകരാക്രമണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും മൂന്നാം ലെവലിൽ ഉൾപ്പെട്ട പാക്കിസ്ഥാനേക്കാൾ ഭേദമാണെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കിഴക്കൻ ലഡാക്ക്, ലേ എന്നിവ ഒഴിച്ചുള്ള ജമ്മു കശ്മീരിലേക്ക് യുഎസ് പൗരന്മാർ തീരെ യാത്ര ചെയ്യരുതെന്നും കടുത്ത മുന്നറിയിപ്പുണ്ട്. പാക്കിസ്ഥാനിൽ തീവ്രവാദ പ്രവർത്തനങ്ങൾ വളർന്ന് വരുന്നതിനാൽ ഇവിടേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന യുഎസുകാർ നന്നായി ആലോചിക്കേണ്ടതുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിക്കുന്നു.