ധികാരത്തിലേറിയതിന്റെ ഒന്നാം വാർഷികത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആഹ്ലാദിക്കാൻ വകയൊന്നുമില്ല. സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും അവതാളത്തിലാക്കി, യു.എസ്. ട്രഷറി പൂട്ടിയതിന്റെ കനത്ത ആഘാതത്തിലാണ് ട്രംപ് ഭരണകൂടം. അതിനിടെ, ട്രംപ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടന്ന വനിതാ റാലികളും യു.എസ്.പ്രസിഡന്റിന് സമാനതകളില്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അമേരിക്കയിലെ മിക്ക നഗരങ്ങളിലും സ്്ത്രീകളുടെ പ്രതിഷേധ റാലി നടന്നു. റാലിയെ പുച്ഛിച്ചുകൊണ്ട് ട്രംപ് നടത്തിയ ട്വീറ്റ് പ്രതിഷേധം കൂടുതൽ ശക്തമാക്കി. ' രാജ്യത്തെല്ലായിടത്തും നല്ല തെളിഞ്ഞ കാലാവസ്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റിയ ദിവസം. കഴിഞ്ഞ 12 മാസത്തിനിടെയുണ്ടായ ചരിത്രപരമായ നേട്ടങ്ങളെയും സാമ്പത്തിക കുതിപ്പുകളെയും ആഘോഷിക്കാൻ എല്ലാവരും പുറത്തിറങ്ങുക. സ്ത്രീകൾക്കിടയിൽ 18 വർഷത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുകൂടിയാണെന്ന് ഓർമിക്കുക'-ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രംപ് അധികാരത്തിലേറിയതിന്റെ പിറ്റേന്ന് സംഘടിപ്പിച്ച വനിതാ റാലിയുടെ ഓർമ പുതുക്കിക്കൊണ്ടാണ് ഇന്നലെ എല്ലായിടത്തും പ്രതിഷേധ റാലി നടന്നത്. സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരേ സോഷ്യൽ മീഡിയയിലൂടെ നടന്ന മീ റ്റൂ കാമ്പെയിനും ഹോളിവുഡിലെ പ്രമുഖർക്കുനേരെ ഉയർന്ന ലൈംഗികാരോപണങ്ങളും ഇത്തവണത്തെ മാർച്ചിൽ വിഷയങ്ങളായി. ട്രഷറി നിയന്ത്രണവും റാലിയിൽ ചർച്ച ചെയ്യപ്പെട്ടു.

റാലിക്കെതിരെ ട്രംപ് നടത്തിയ ട്വീറ്റ് കടുത്ത പ്രതിഷേധം ഉണ്ടാക്കിയെങ്കിലും, അത് ട്രംപ് എഴുതിയല്ലെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. ട്രംപിന്റെ ഭാഷയും ശൈലിയും ഇതല്ലെന്നും അദ്ദേഹത്തിന്റെ അക്കൗണ്ട് മറ്റാരോ ആണ് നിയന്ത്രിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.

ട്രഷറി നിയന്ത്രണം അമേരിക്കയിലെ സാധാരണക്കാരെ മാത്രമല്ല, ട്രംപിനെയും നേരിട്ട് ബാധിച്ചുതുടങ്ങിയെന്നാണ് സൂചന. ശനിയാഴ്ച രാത്രി മാർ-എ-ലാഗോയിൽ നടക്കുന്ന നിശാവിരുന്നിൽ പങ്കെടുക്കേണ്ടിയിരുന്ന ട്രംപിന് ട്രഷറി നിയന്ത്രണം കാരണം യാത്ര തുടരാനായില്ല. ഒരുലക്ഷം ഡോളറിനുമേൽ ടിക്കറ്റ് വിലയുള്ള വമ്പൻ സെലിബ്രിറ്റി വിരുന്നായിരുന്നു അത്. എന്റെ സ്വന്തം വിരുന്ന് എന്നായിരുന്നു ഇതിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.

അമേരിക്കയിലെ സുപ്രധാന നഗരങ്ങൾക്ക് പുറമെ, ലോകത്തെ 250-ഓളം നഗരങ്ങളിൽ വനിതാ റാലി ശനിയാഴ്ച സംഘടിപ്പിക്കപ്പെട്ടു. പലയിടത്തും സെലിബ്രിറ്റികളടക്കമുള്ളവർ റാലിയിൽ പങ്കെടുത്തു. ലോസെയ്ഞ്ചൽസിൽ നടന്ന റാലിയിൽ സ്‌കാർലറ്റ് ജൊഹാൻസണും നതാലി പോർട്ട്മാനുമടക്കമുള്ളവർ പിന്തുണയുമായെത്തി. നഗരം ഇന്നേവരെ കണ്ടതിൽവെച്ചേറ്റവും വലിയ റാലിയാണ് ലോസെയ്ഞ്ചൽസിലുണ്ടായത്. ഉട്ടായിലെ പാർക്ക് സിറ്റിയിൽ ജെയ്ൻ ഫോണ്ടയും ഗ്ലോറിയ അല്ലേർഡും പോലുള്ളവരും റാലിക്കെത്തി.

ലണ്ടനിൽ യു.എസ്.എംബസ്സിക്ക് മുന്നിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ട്രംപിനെ വർണവെറിയനെന്ന് വിളിച്ച പ്രതിഷേധക്കാർ, ലാഗോസിൽ അടുത്തയാഴ്ച ആരംഭിക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെടുകയും ചെയ്തു. കനത്ത മഴയെ കൂസാതെയായിരുന്നു പ്രതിഷേധ പ്രകടനം. ട്രംപ് റേസിസ്റ്റും സെക്‌സിസ്റ്റും സ്വവർഗ വിരോധിയുമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.