ലോകം സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിയെന്ന് ഐഎംഎഫ് മുന്നറിയിപ്പേകിയിരിക്കെ അമേരിക്ക 2020ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന പ്രവചനം ശക്തമായി.ഭൂരിഭാഗം പേരും ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് ഐഎംഎഫ് മുന്നറിയിപ്പേകിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ട്രംപിന്റെ ആവേശം അമേരിക്കയെ പാപ്പരാക്കിയേക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. പത്തുകൊല്ലം മുമ്പത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന ദുരന്തം വീണ്ടും ആവർത്തിക്കുമെന്നാണ് വിവിധ സാമ്പത്തിക വിദഗ്ദ്ധർ താക്കീതേകുന്നത്.

പലിശനിരക്കുകൾ ഫെഡറൽ റിസർവ് വർധിപ്പിക്കുകയാണെങ്കിൽ യുഎസ് സാമ്പത്തിക വ്യവസ്ഥക്ക് മേലുള്ള സമ്മർദം വളരെയധികം വർധിക്കുമെന്നാണ് ദി എക്കണോമി ഇന്റലിജൻസ് യൂണിറ്റ് മുന്നറിയിപ്പേകുന്നത്. 2020 ഓടെ യുഎസ് സമ്പദ് വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമെന്നാണ് ദി എക്കണോമി ഇന്റലിജൻസ് യൂണിറ്റിന്റെ ഡയറക്ടറായ ആൻഡ്രൂ സ്റ്റാപ്പിൾസ് അഭിപ്രായപ്പെടുന്നത്. ഈ വർഷം മൂന്ന് വട്ടം ഫഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിക്കുമെന്നാണ് തങ്ങൾ പ്രവചിക്കുന്നതെന്നും അടുത്ത വർഷം നാല് വട്ടം ഇത് വർധിപ്പിക്കുമെന്നും ഇതിനെ തുടർന്ന് 2020 ഓടെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

ഒരു ദശാബ്ദം മുമ്പുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറി യുഎസ് അതിവേഗം വളർന്ന് കൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം മൂന്ന് ശതമാനമാണ് വളർച്ചാ നിരക്കുണ്ടായിരിക്കുന്നത്. ചൈനയുടെ വർധിച്ച് വരുന്ന കട ബാധ്യത, ബ്രെക്‌സിറ്റുയർത്തിയ പ്രശ്‌നങ്ങൾ, ഉത്തരകൊറിയയിൽ വളർന്ന് വരുന്ന സ്പർധകൾ തുടങ്ങിയവ കാരണം ലോകം അടുത്ത് തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്നതിനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് ഐഎംഎഫ് എടുത്ത് കാട്ടുന്നത്. ലോകമാകമാനമുള്ള സമ്പദ് വ്യവസ്ഥകൾ നന്നായി മുന്നോട്ട് പോകുകയും 2018ലും 2019ലും 3.9 ശതമാനം വളർച്ച പ്രവചിക്കപ്പെടുകയും ചെയ്തിരിക്കുന്നതിനെ തുടർന്നാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പും തൊട്ട് പുറകെ എത്തിയിരിക്കുന്നതെന്നതെന്നത് ശ്രദ്ധേയമാണ്.

ഇത്തരത്തിൽ ലോക സാമ്പത്തിക വ്യവസ്ഥകളെ കുറിച്ചുള്ള ശുഭപ്രതീക്ഷകൾ വളരുന്നതിനിടയിലാണ് സാമ്പത്തിക മാന്ദ്യ സാധ്യത ഐഎംഎഫ് ഉയർത്തിക്കാട്ടുന്നത്. ഈ പ്രതിസന്ധി കടുത്തതായിരിക്കുമെന്നും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പേകുന്നു. തിങ്കളാഴ്ച ഡാവോസിൽ വച്ച് നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് ഐഎംഎഫ് എക്കണോമിക് കൗൺസിലറായ മൗറിസ് ഓബ്സ്റ്റ്‌ഫെൽഡ് മുന്നറിയിപ്പേകുന്നത്.