വാഷിങ്ടൺ: യുഎസിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ നെഞ്ചിടിപ്പേറ്റി കുടിയേറ്റങ്ങൾക്ക് എതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

യുഎസിലേക്കുള്ള കുടിയേറ്റം പൂർണമായും അവസാനിപ്പിക്കാൻ കടുത്ത നടപടികൾ ഉണ്ടാകണമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ ട്വീറ്റുകളാണ് പ്രവാസികളുടെ ആശങ്ക വർധിപ്പിക്കുന്നത്.

കുടിയേറ്റക്കാരായ ദശലക്ഷക്കണക്കിനു 'ഡ്രീമേഴ്‌സി'ന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് ട്രംപിന്റെ പ്രതികരണങ്ങൾ. പ്രത്യക്ഷത്തിൽ മെക്‌സിക്കോയ്ക്ക് എതിരെയുള്ള നീക്കമെന്ന് തോന്നാമെങ്കിലും ഭാവിയിൽ ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് എതിരെയും തിരിയുമെന്ന നിലയിലാണ് ട്രംപിന്റെ വെളിപ്പെടുത്തലുകൾ വിലയിരുത്തപ്പെടുന്നത്.

കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ മെക്‌സിക്കോയുമായുള്ള വ്യാപാര കരാർ അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ് ഈസ്റ്റർ ആശംസകൾ നേർന്നുള്ള സന്ദേശത്തിനു പിന്നാലെ തുടർച്ചയായുള്ള ട്വീറ്റുകളിലൂടെ കുടിയേറ്റക്കാർക്കു മുന്നറിയിപ്പു നൽകുകയായിരുന്നു.

കുടിയേറ്റത്തിനെതിരെ യുഎസ് നിലപാടുകൾ കടുപ്പിക്കുമെന്ന് ട്രംപ് അധികാരത്തിൽ എത്തിയപ്പോൾ മുതൽ ചർച്ചയാണ്. യുഎസ്. എച്ച്1ബി വിസയ്ക്കുള്ള അപേക്ഷകളിൽ നിസ്സാര തെറ്റു കണ്ടാലും തള്ളാനാണു ഇപ്പോൾ ട്രംപ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്ത്യൻ പ്രഫഷനലുകൾക്കെതിരെ യുഎസിൽ ജനവികാരം ഉയർത്തിവിട്ടിരിക്കുന്ന സാഹചര്യമുണ്ട്.

അതിനാൽ ഇന്ത്യൻ കമ്പനികളുടെ അപേക്ഷകളിന്മേലുള്ള പരിശോധന കൂടുതൽ കർക്കശമാകാനും സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ, ഇമെയിൽ വിലാസം, ഫോൺ നമ്പരുകൾ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടിവരുമെന്നത് മുൻകാലത്തേ പോലെ അത്ര എളുപ്പമാകില്ല പ്രവാസികൾക്ക് എന്ന സൂചനയാണ് നൽകുന്നത്്.

വിദഗ്ധ ജോലികൾക്കായി യുഎസ് അനുവദിക്കുന്ന എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങാനിരിക്കെയാണു ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. അനധികൃത കുടിയേറ്റക്കാരുടെ മക്കളും പതിനെട്ടു വയസ് തികഞ്ഞവരുമായവർക്കു (ഡ്രീമേഴ്‌സ് എന്നു വിശേഷണം) സംരക്ഷണം ഒരുക്കുന്ന പദ്ധതിയാണ് 'ഡാക്ക' (ഡെഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്). കുടിയേറ്റക്കാരായ ലക്ഷക്കണക്കിനു പേർക്കു സഹായകരമായ പദ്ധതി മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്താണു തുടങ്ങിയത്. ഇതിനതിരെയാണ് ട്രംപ് ട്വീറ്റുകളുമായി എത്തിയത്.


'പിടിക്കുക, വിടുക എന്ന ഡെമോക്രാറ്റുകളുടെ നിയമമനുസരിച്ച് അതിർത്തി രക്ഷാസേനയ്ക്കു ശരിയാംവിധം പ്രവർത്തിക്കാനാവുന്നില്ല. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാവുകയാണ്. അതിനാൽ അതിർത്തിലംഘകർക്ക് എതിരെ നടപടിക്കായി ശക്തമായ നിയമം പാസാക്കാൻ റിപ്പബ്ലിക്കൻസ് തയ്യാറെടുക്കണം. ഡാക്ക പദ്ധതി ഇനി വേണ്ട.' ആദ്യ ട്വീറ്റിൽ ട്രംപ് പറഞ്ഞു.

'മെക്‌സിക്കോയിൽനിന്നു യുഎസിലേക്ക് ആളുകളെ കടത്തുന്ന രീതി അവർ തുടരുകയാണ്. യുഎസ് കുടിയേറ്റ നയങ്ങളെ നോക്കി അവർ പരിഹസിച്ചു ചിരിക്കുന്നു. ആളുകളെയും മയക്കുമരുന്നും കടത്തുന്നത് അവർ അവസാനിപ്പിക്കണം. അല്ലെങ്കിൽ അവരുടെ പണ സ്രോതസ്, നാഫ്റ്റ (നോർത്ത് അമേരിക്കൻ ഫ്രീ ട്രേഡ് അഗ്രീമെന്റ്) ഞാൻ അവസാനിപ്പിക്കും. സുരക്ഷാവേലി വേണം' ഇതായിരുന്നു അടുത്ത ട്വീറ്റിൽ ട്രംപിന്റെ വെളിപ്പെടുത്തൽ.

ഇത്തരത്തിൽ പ്രസിഡന്റുതന്നെ നിയമം പൊളിച്ചെഴുതുമെന്നും കാര്യങ്ങൾ കർക്കശമാക്കുമെന്നും സൂചന നൽകിയതോടെ മലയാളികൾ ഉൾപ്പെടെ യുഎസിൽ സ്ഥിരമായി താമസിക്കുന്നവരടക്കം വലിയ ആശങ്കയിലായിരിക്കുകയാണ്. സ്ഥിതി കടുപ്പിച്ചാൽ എച്ച് 1 ബി വിസയ്ക്ക് അപേക്ഷിക്കുന്ന കാര്യത്തിലും പുതുക്കുന്ന കാര്യത്തിലുമെല്ലാം കടുംപിടിത്തും ഉണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. വിസ നൽകുന്നത് വൈകിയാൽ പലർക്കും നാട്ടിലേക്ക് തിരിച്ചുവന്ന് പിന്നീട് നടപടികൾ പൂർത്തിയായ ശേഷം തിരിച്ചുപോകേണ്ടി വരുമെന്ന അവസ്ഥയുമുണ്ടെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടിയിരുന്നു.