വാഷിങ്ടൺ: പാക്കിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാനിലെ തീവ്രവാദ താവളങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ട്രംപിന്റെ വിമർശനം. തീവ്രവാദികൾക്ക് താവളമൊരുക്കുക എന്നതാണ് പാക്കിസ്ഥാന്റെ നയമെന്ന് അദ്ദേഹം വിമർശിച്ചു. പുതിയ അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാക്കിസ്ഥാനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികസാന്നിധ്യം കുറച്ചു കൊണ്ടു വന്നിരുന്ന ഒബാമയുടെ നയം തിരുത്തി പതിനാറ് വർഷമായുള്ള അമേരിക്കൻ സൈനികസാന്നിധ്യം അഫ്ഗാനിസ്ഥാനിൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയ ഇരുപതോളം തീവ്രവാദിസംഘടനകൾ പാക്കിസ്ഥാനിൽ സജീവമാണ്. പാക്കിസ്ഥാനിലെ ജനങ്ങൾ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും ആ രാജ്യം തീവ്രവാദികളെ സംരക്ഷിക്കുകയാണ് - ട്രംപ് ആരോപിച്ചു. അമേരിക്കക്കാരുടെ ജീവന് ഭീഷണിയായ നിരവധി തീവ്രവാദി സംഘടനകൾക്ക് പാക്കിസ്ഥാൻ അഭയം നൽകിയിട്ടുണ്ട്. ഇതവസാനിപ്പിക്കണം. തീവ്രാവാദത്തിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ പ്രതിബദ്ധത പാക്കിസ്ഥാൻ ബോധ്യപ്പെടുത്തേണ്ട സന്ദർഭമാണിതെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ നയത്തെ പിന്തുണച്ചാൽ പാക്കിസ്ഥാന് അത് നേട്ടമായിരിക്കും. മറിച്ചാണെങ്കിൽ അവർക്ക് വലിയ വില കൊടുക്കേണ്ടി വരും.

ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മോശം ബന്ധം മേഖലയുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും തന്റെ പ്രസംഗത്തിൽ ട്രംപ് ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാൻ അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. ഇക്കാര്യത്തിൽ അമേരിക്ക അവർക്ക് പിന്തുണ നൽകും. കോടിക്കണക്കിന് ഡോളറാണ് അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണത്തിനായി ഇന്ത്യ ചെലവിടുന്നത്. പുതിയൊരു അഫ്ഗാനിസ്ഥാൻ കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കും.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈനികരെ തിരിച്ചു വിളിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ അമേരിക്കൻ സൈനികരെ അഫ്ഗാനിസ്ഥാനിൽ പെട്ടെന്ന് പിൻവലിച്ചാൽ അത് തീവ്രവാദികൾക്ക് അവസരം സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ്‌സും അൽ-ഖ്വയ്ദയുമായിരിക്കും സൈനികപിന്മാറ്റത്തിലൂടെ നേട്ടമുണ്ടാക്കുക. ഇറാഖിൽ നമ്മൾ ഇത് കണ്ടതാണ്്. ആ തെറ്റ് ആവർത്തിക്കാൻ ഞാനാഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം പാക്കിസ്ഥാനെതിരെ അമേരിക്കയുടെ രൂക്ഷ വിമർശനത്തിനെതിരെ ഇമ്രാൻ ഖാൻ രംഗത്തെത്തി. നിങ്ങൾക്കുവേണ്ടി നിങ്ങൾ നടത്തുന്ന യുദ്ധത്തിൽ ഇനി ഞങ്ങൾ പോരാടില്ലെന്ന് തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ പറഞ്ഞു. അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ വിള്ളൽ വീണിട്ടുണ്ട്. അമേരിക്കയുടെ പരാജയത്തിൽ പാക്കിസ്ഥാനെ ബലിയാടക്കാനാണ് ശ്രമം. ഇത് പാക്കിസ്ഥാൻ തള്ളണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ ഭീകരവാദികൾക്ക് താവളമൊരുക്കുന്നുവെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാക്കിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

അമേരിക്കയുടേത് നന്ദിക്കെട്ട സമീപനമാണെന്നും ഭീകരതെക്കെതിരായ അമേരിക്കയുടെ പോരാട്ടത്തിൽ 70000 ജീവനുകളാണ് പാക്കിസ്ഥാൻ ത്യജിക്കേണ്ടി വന്നതെന്നും ഇമ്രാൻ പറഞ്ഞു. അഫ്ഗാനിലെ രണ്ടു യുദ്ധങ്ങളിൽ യുഎസ് കല്പനകൾക്ക് പാക്കിസ്ഥാന് വിലയായി നൽകേണ്ടി വന്നത് നിരവധി മാനുഷ്യരേയും സമ്പത്തുമാണ്. ഇതിൽ നിന്നും പാക്കിസ്ഥാൻ വലിയൊരു പാഠം പഠിക്കണം. ഡോളറുകളുടെ പ്രലോഭനത്തിൽ മറ്റുള്ളവരോട് യുദ്ധം ചെയ്യനൊരുങ്ങരുതെന്നും ഇമ്രാൻ ഖാൻ ആഞ്ഞടിച്ചു.