ലണ്ടൻ: മാറ്റിസ്ഥാപിക്കുന്ന യുഎസ് എംബസി ഉദ്ഘാടനം ചെയ്യാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം നടത്താനിരുന്ന ബ്രിട്ടൻ സന്ദർശനം റദ്ദാക്കി. യുഎസ് എംബസി ആസ്ഥാനം നഗരത്തിലെ കണ്ണായ മെയ്‌‌ഫെയർ പ്രദേശത്തു നിന്നു തെംസ് നദിക്കു തെക്ക് അപ്രധാനമായ നയൻ എംസ് ഭാഗത്തേക്കു മാറ്റാൻ മുൻ ഒബാമ സർക്കാർ 'മോശം കരാർ' ഉണ്ടാക്കിയതിനെ വിമർശിച്ചാണിത്.

120 കോടി ഡോളറിന്റെ വൻ പദ്ധതിയാണിത്. ലണ്ടനിലെ ആഡംബര എംബസി തുച്ഛമായ തുകയ്ക്കു വിറ്റ് പുതിയ എംബസി നഗരത്തിലെ അപ്രധാന ഭാഗത്തു നിർമ്മിക്കുന്നതിനെ ട്രംപ് ട്വിറ്ററിൽ രൂക്ഷമായി വിമർശിച്ചു.

ട്രംപിന്റെ അഭാവത്തിൽ പുതിയ എംബസിയുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൻ നിർവഹിക്കും. ജീവനക്കാർക്കായി എംബസി 16 മുതൽ പ്രവർത്തനം തുടങ്ങും.

ഗ്രോസ്‌വെനോർ ചത്വരത്തിലെ പഴയ എംബസി കെട്ടിടം വാങ്ങിയ ഖത്താറി ഡയർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി അത് ആഡംബര ഹോട്ടലാക്കി മാറ്റാനാണു നീക്കം. രണ്ടാം ലോകയുദ്ധകാലത്ത് ജനറൽ ഐസനോവറിന്റെ ആസ്ഥാനം കൂടിയായിരുന്ന യുഎസ് എംബസി കോംപ്ലെക്‌സ് ഉൾപ്പെടുന്ന ഗ്രോസ്‌വെനോർ ചത്വരത്തെ 'ചെറിയ അമേരിക്ക' എന്നാണു വിളിച്ചിരുന്നത്.